സഭകളുടെ പ്രതിഷേധത്തെത്തുടർന്ന് ജറുസലേമിലെ ഒലിവ് മലയിലെ ഉദ്യാന പദ്ധതി (Park Plan) താൽക്കാലികമായി നിർത്തിവച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ജറുസലേമിലെ ഒലിവ് മലയിലെ ക്രൈസ്തവ പുണ്യ സ്ഥലങ്ങളിലേക്ക് ഒരു ദേശീയ പൂങ്കാവനം വികസിപ്പിക്കാനുള്ള വിവാദ പദ്ധതിയിൽ നിന്ന് ഇസ്രായേലിന്റെ നേച്ചർ ആൻഡ് പാർക്ക് അതോറിറ്റി (INPA) പിന്മാറി. പ്രാദേശിക ക്രൈസ്തവ നേതാക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന് തിങ്കളാഴ്ചയാണ് തീരുമാനം പ്രഖ്യാപിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
വിശുദ്ധനാട്ടിലെ ക്രൈസ്തവ സാന്നിധ്യത്തിന് ഭീഷണി
ഉദ്യാന പദ്ധതി ഭൂവുടമകളുടെ ഉടമസ്ഥാവകാശം എടുത്തുകളയില്ലെങ്കിലും, ഈ നീക്കം ഇസ്രായേൽ ഭരണകൂടത്തിന് പാലസ്തീന്റെയും സഭാ വസ്തുവകകളുടേയും ആരാധനാ സ്ഥലങ്ങളുടേയും മേൽ ചില അധികാരങ്ങൾ നൽകുമായിരുന്നു. ഈ നീക്കം അധികാരം പിടിച്ചെടുക്കലും, പുണ്യഭൂമിയിലെ ക്രിസ്തീയ സാന്നിധ്യത്തിന് ഭീഷണിയാകുകയും ചെയ്യും എന്ന് വാദിക്കാൻ സഭാ അധികാരികളെയും മനുഷ്യാവകാശ സംഘടനകളെയും പ്രേരിപ്പിച്ചു.
ഇസ്രായേൽ അധികാരികൾക്ക് സംയുക്ത കത്ത്
കഴിഞ്ഞയാഴ്ച പരിസ്ഥിതി സംരക്ഷണ മന്ത്രി തമർ സാൻഡ്‌ബെർഗിന് അയച്ച സംയുക്ത കത്തിൽ, വിശുദ്ധ നാട്ടിലെ കത്തോലിക്കാ സഭയുടെ കാവൽക്കാരൻ (custos) ഫ്രാൻചെസ്കോ പാറ്റൺ, ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തിയോപോളിസ് മൂന്നാമൻ, ജറുസലേമിലെ അർമേനിയൻ പാത്രിയാർക്കീസ് നൂർഹാൻ മനൂജിയൻ എന്നിവർ തങ്ങളുടെ “അഗാധമായ ഉത്കണ്ഠയും വ്യക്തമായ എതിർപ്പും” പ്രകടിപ്പിച്ചു. ഇത് ദീർഘകാലമായി നിലനിൽക്കുന്ന അവസ്ഥയെ തടസ്സപ്പെടുത്തുമെന്നും "ക്രിസ്തീയതയുടെ ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളിലൊന്ന് കണ്ടുകെട്ടുകയും ദേശസാൽക്കരിക്കുകയും അതിന്റെ സ്വഭാവം മാറ്റുകയും ചെയ്യുക" എന്ന ലക്ഷ്യമാണിതിലെന്ന് രേഖപ്പെടുത്തുകയും ചെയ്തു.
കൂടാതെ ജറുസലേമിൽ ക്രിസ്ത്യാനികൾക്കെതിരായ ഈ നടപടിക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രത്യയശാസ്ത്ര അജണ്ടയുണ്ടെന്നും ക്രിസ്ത്യൻ നേതാക്കൾ അവകാശപ്പെട്ടു. മാർച്ച് 2ന് ജറുസലേമിന്റെ ആസൂത്രണ സമിതി അംഗീകരിക്കാനിരുന്ന പദ്ധതി പ്രതിഷേധത്തെത്തുടർന്ന് മരവിപ്പിക്കുകയാണ് എന്ന് INPA തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ആസൂത്രണ സമിതിയിൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രദേശത്തെ സഭകൾ ഉൾപ്പെടെ എല്ലാ പ്രസക്ത ഉദ്യോഗസ്ഥരുമായി ഏകോപിപ്പിക്കാതെയും ആശയവിനിമയം നടത്താതെയും ചർച്ചകൾ നടത്താതെയും ആസൂത്രണ സമിതിയിൽ പദ്ധതിയുടെ നീക്കം നടത്താൻ തയ്യാറല്ലെന്നും ഇസ്രായേലിന്റെ പ്രകൃതി - ഉദ്യാന അതോരിറ്റി (INPA) അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: