തിരയുക

നൈജീരിയയിൽ അശാന്തി വിതയ്ക്കുന്നതട്ടിക്കൊണ്ടുപോകൽ...  നൈജീരിയയിൽ അശാന്തി വിതയ്ക്കുന്നതട്ടിക്കൊണ്ടുപോകൽ...  

നൈജീരിയ: തട്ടിക്കൊണ്ടുപോയ കത്തോലിക്കാ പുരോഹിതൻ മോചിതനായി

കഡൂന സംസ്ഥാനത്തെ ഇകുലു പാരി എന്ന സ്ഥലത്തിൽ വിശുദ്ധ മോനിക്കായുടെ നാമഥേയത്തിലുള്ള കത്തോലിക്കാ ദേവാലയത്തിലെ പുരോഹിതൻ ഫാ.ജോസഫ് ഷെക്കാരി ഒരു ദിവസത്തെ തടവിനു ശേഷം വിമോചിതനായി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കഫഞ്ചാൻ രൂപത വൈദീകനായ ഫാ. ജോസഫ് ഡാൻജുമാ ഷെക്കാരിയെ ഞായറാഴ്ച രാത്രി അജ്ഞാതർ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച രാത്രി 10.30ഓടെ വൈദികനെ വിട്ടയച്ചുവെന്ന്  രൂപത ചാൻസലർ ഫാ. എമ്മാനുവേൽ ഒക്കോലോ ചൊവ്വാഴ്ച പുറത്തുവിട്ട  പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഫാ.ജോസഫിന്റെ പാചകക്കാര൯ വധിക്കപ്പെട്ടു.

ഫാ.ജോസഫിന്റെ പാചകക്കാരന്റെ ജീവൻ അപഹരിച്ച ആക്രമണത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ വൈദികനെ മോചിപ്പിച്ചതായി കഫഞ്ചാനിലെ കത്തോലിക്കാ രൂപത പ്രഖ്യാപിച്ചു. ഫെബ്രുവരി ആറാം തിയതി രാത്രി 11.30 നാണ് ഫാ.ജോസഫിനെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് തട്ടികൊണ്ടുപോയത്. 

കൃതജ്ഞത

ഫാ. ജോസഫിന്റെ സുരക്ഷിതമായ തിരിച്ചുവരവിന് വേണ്ടിയുള്ള എല്ലാവരുടെയും പ്രാർത്ഥനകൾക്ക് ഫാ. ഒകോലോ നന്ദി രേഖപ്പെടുത്തുകയും ഇപ്പോഴും തടവുകാരുടെ കൈകളിൽ കഴിയുന്നവരെ വേഗത്തിൽ മോചിപ്പിക്കാൻ ദൈവത്തോടു പ്രാർത്ഥിക്കുകയും ചെയ്തു. ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട  പാചകക്കാരന്റെ ആത്മശാന്തിക്കായി  പ്രാർത്ഥിക്കാൻ അദ്ദേഹം വിശ്വാസികളെ ക്ഷണിച്ചു.

“ഫാ.ജോസഫ് അതിവേഗം മോചിക്കപ്പെട്ടതിനെ പ്രതി  ദൈവത്തിന് കൃതജ്ഞത ബലി അർപ്പിക്കാൻ എല്ലാ വൈദികരോടും നിർദ്ദേശിച്ചതായും അറിയിച്ചു.  ഫാ.ജോസഫ് ഷെക്കാരി മരിച്ചവർക്ക് വേണ്ടിയും അദ്ദേഹത്തിന്റെ പരേതനായ പാചകക്കാരന് വേണ്ടിയും വിശുദ്ധ ബലിയർപ്പിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.

വടക്കൻ നൈജീരിയയിൽ അരക്ഷിതാവസ്ഥ

നൈജീരിയ, പ്രത്യേകിച്ച് വടക്കൻ പ്രദേശം അരക്ഷിതാവസ്ഥയുമായി പോരാടുകയാണ്, ഇസ്ലാമിക് സ്റ്റേറ്റ് പടിഞാറൻ ആഫ്രിക്ക പ്രവിശ്യ (ISWAP) എന്ന് വിളിക്കപ്പെടുന്ന ബൊക്കോ ഹറാമിൽ മതതീവ്രവാദികളുടെ പ്രവർത്തനങ്ങൾക്ക് ആക്കം കൂടി. നാടോടികളായ ഇടയന്മാരും തദ്ദേശീയരായ പ്രാദേശിക കർഷകരും തമ്മിലുള്ള ഏറ്റുമുട്ടലുകളും അധികാരികളുടെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

അടുത്തകാലത്തായി, തട്ടിക്കൊണ്ടുപോകുന്നവരുടെയും കൊള്ളയടിക്കാരുടെയും പ്രവർത്തനങ്ങൾ സുരക്ഷാ ഏജൻസികളുടെ ശ്രമങ്ങളെ വെല്ലുവിളിക്കുകയാണ്. മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകുകയും, അജ്ഞാതരായ തോക്കുധാരികൾ സമൂഹങ്ങളിൽ റെയ്ഡ് നടത്തുകയും, കന്നുകാലികളെ മോഷ്ടിക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നു.

ഏറ്റവും പുതിയ ആക്രമണം  നടന്നത് ഫെബ്രുവരി ഒന്നിനായിരുന്നു. അന്ന്  ഗ്രാമത്തിൽ പ്രവേശിച്ച തോക്കുധാരികൾ നടത്തിയ  മിന്നൽ അക്രമണത്തിൽ  കടുന സംസ്ഥാനത്തിലെ സാങ്കോൺ കറ്റാഫ് പ്രാദേശിക ഗവൺമെന്റ് പ്രദേശത്തെ അത്യാപ് ചീഫ്ഡമിലെ കുർമിൻ മസാരയിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു.

ഈ അരക്ഷിതാവസ്ഥ നിറഞ്ഞ സാഹചര്യത്തിൽ പൗരന്മാരുടെ ജീവനും സ്വത്തുക്കൾക്കും സംരക്ഷണം ഉറപ്പാക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളാൻ മതനേതാക്കളും സിവിൽ സമൂഹത്തിലെ അംഗങ്ങളും അധികാരികളോടു ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 February 2022, 15:28