യുക്രെയ്‌൯: സമാധാന അഭ്യർത്ഥനയുമായി ഇറ്റാലിയൻ മെത്രാൻ സമിതി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
യുക്രെയ്‌നും റഷ്യയും തമ്മിലുള്ള അതിർത്തിയിൽ നടക്കുന്ന സംഭവങ്ങൾ ലോകത്തെ മുഴുവൻ ആശങ്കപ്പെടുത്തുന്നു. ഒരു യുദ്ധത്തിന്റെ മൂർത്തമായ അപകടസാധ്യത അല്ലെങ്കിൽ ഒരു സംഘട്ടനം അഴിച്ചുവിടാമെന്ന അനുമാനം പോലും ആത്മാവിനെ അസ്വസ്ഥമാക്കുകയും മനസ്സാക്ഷിയെ കുലുക്കുകയും ചെയ്യുന്നു എന്ന് ഇറ്റാലിയൻ മെത്രാൻ സമിതി അറിയിച്ചു.
കൊറോണാ മഹാമാരിയും മറ്റ് "മഹാമാരികളും" കാരണം മനുഷ്യരാശി ഇതിനകം നിരവധി ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞ മെത്രാൻ സമിതി ദാരിദ്ര്യം, രോഗം, വിദ്യാഭ്യാസമില്ലായ്മ, ദേശീയവും, പ്രാദേശികവുമായ സംഘർഷങ്ങൾ എന്നിവയെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു. ആയുധ ഉപയോഗം ഒഴിവാക്കുക മാത്രമല്ല, വിദ്വേഷ പ്രസംഗങ്ങളും, അക്രമത്തെക്കുറിച്ചുള്ള പരാമർശങ്ങളും ഒഴിവാക്കുകയും വേണം. സംഘർഷത്തിലേക്ക് നയിക്കുന്ന എല്ലാത്തരം ദേശീയതയെയും ഉപേക്ഷിക്കണമെന്നും മെത്രാന്മാർ ആവശ്യപ്പെട്ടു.
മനുഷ്യരാശിയുടെ ചരിത്രത്തിൽ ഇനി ആയുധങ്ങൾക്ക് സ്ഥാനമില്ല! ഫെബ്രുവരി 23 മുതൽ 27 വരെ ഫ്ലോറൻസിൽ നടക്കുന്ന മെഡിറ്ററേനിയൻ ബിഷപ്പുമാരുടെയും മേയർമാരുടെയും യോഗത്തിന്റെ തലേന്ന് നമ്മെ ചലിപ്പിക്കുന്ന ബോധ്യമാണിത്. മനുഷ്യരാശിക്ക് ഒരിക്കലും തള്ളിക്കളയാ൯ കഴിയാത്ത വിലപ്പെട്ട സമ്പത്താണ് സമാധാനം എന്ന് മെത്രാ൯ സമിതി വെളിപ്പെടുത്തി.
സമാധാനത്തിന്റെ രാജകുമാരനായ യേശുക്രിസ്തുവിനോടും പ്രത്യേകിച്ച് ഉക്രെയ്നിൽ സർവാനിറ്റ്സിയയിലെ ദൈവമാതാവിന്റെ ബസിലിക്കയിൽ ആരാധിക്കപ്പെടുന്ന പരിശുദ്ധ കന്യകയോടും ഭയങ്കരമായ ഒരു വിപത്തിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് അപേക്ഷിക്കാമെന്നും ഈ പ്രാർത്ഥനയിൽ പങ്കുചേരാൻ ഇറ്റലിയിലെ എല്ലാ സഭകളെയും തങ്ങൾ ക്ഷണിക്കുന്നതായും ഇറ്റാലിയൻ മെത്രാൻ സമിതി അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: