വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള സംരംഭങ്ങളുമായി ഭാരത സഭ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
മൂന്ന് മാസത്തിനുള്ളിൽ വിശുദ്ധനെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്ന രാജ്യത്തെ പ്രഥമ രക്തസാക്ഷിയുടെ ജീവിതവും വിശുദ്ധിയും ആഘോഷിക്കുന്നതിനായി ഭാരത ലത്തീൻ സഭാ മെത്രാന്മാർ പരിപാടികൾ ആസൂത്രണം ചെയ്യുകയും വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ പ്രതിരൂപം രാജ്യത്തെ ക്രിസ്ത്യാനികൾക്ക് മാതൃകയായി അവർ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.
18-ആം നൂറ്റാണ്ടിൽ ഹൈന്ദവ മതത്തിൽ നിന്ന് കത്തോലിക്കാ മത വിശ്വാസം സ്വീകരിച്ച അദ്ദേഹം1752-ൽ രക്തസാക്ഷിത്വം വരിച്ചു. ഇന്ന് തമിഴ്‌നാട് ആയി അറിയപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനത്താണ് അദ്ദേഹം രക്തസ്സാക്ഷിത്വം വരിച്ചത്. 2022 മെയ് 15-ന് വത്തിക്കാനിൽ നടക്കുന്ന ദിവ്യബലിയിൽ ഫ്രാൻസിസ് പാപ്പാ ഔദ്യോഗികമായി വിശുദ്ധരായി പ്രഖ്യാപിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ഏഴ് പേരിൽ ഒരാളാണ് അദ്ദേഹം.
യുവാക്കൾക്ക് മാതൃക
"നമ്മുടെ രക്തസാക്ഷിയുടെ വീരോചിതമായ ജീവചരിത്രം പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങളോടു പറയാൻ നമുക്ക് ഇവിടെ ഒരു മികച്ച അവസരമുണ്ട്, ക്രിസ്തീയ ജീവിതത്തിന്റെ അനിവാര്യതകളെ ധീരമായി നേരിടാനും, സാക്ഷ്യം വഹിക്കാനും അവരെ അത് സഹായിക്കും," എന്ന് ഭാരത മെത്രാൻ സഭ (സിസിബിഐ) ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
“ഭാരത മണ്ണിൽ രക്തസാക്ഷിത്വത്തിന്റെ കിരീടം നേടിയതായി അംഗീകരിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ രക്തസാക്ഷിയായ ദേവസഹായത്തിൽ നമുക്കുണ്ട്,” ഭാരത മെത്രാൻ സമിതിയുടെ അധ്യക്ഷനും ഗോവയുടെയും ദമാന്റെയും ആർച്ച് ബിഷപ്പുമായ ഫിലിപ്പ് നേരി ഫെറോയും, വൈസ് പ്രസിഡന്റ് മദ്രാസ്-മൈലാപ്പൂരിലെ ആർച്ച് ബിഷപ്പ് ജോർജ് അന്തോണി സാമിയും, സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് അനിൽ കുട്ടോയും ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞു.
രക്തസാക്ഷിത്വം
1712 ഏപ്രിൽ 23 ന് നട്ടാലം ഗ്രാമത്തിൽ നീലകണ്ഠപിള്ള എന്ന പേരിൽ ജനിച്ച ദേവസഹായം ഇന്നത്തെ കന്യാകുമാരി ജില്ല മുതൽ കേരളത്തിലെ കൊച്ചി വരെ അന്നു വ്യാപിച്ചു കിടന്ന ദക്ഷിണേന്ത്യയിലെ ഹൈന്ദവസാമ്രാജ്യമായ തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരത്തിൽ സേവനമനുഷ്ഠിച്ചു.
1745-ൽ മാമ്മോദീസ സ്വീകരിച്ച സമയത്ത് അദ്ദേഹം ‘ലാസറസ്’ അഥവാ പ്രാദേശിക ഭാഷയിൽ ‘ദേവസഹായം’ എന്ന പേര് സ്വീകരിച്ചു. ‘ദൈവം എന്റെ സഹായമാണ്’ എന്നതാണ് അതിന്റെ അർത്ഥം. അദ്ദേഹത്തിന്റെ മതം മാറ്റം അദ്ദേഹത്തിന്റെ മാതൃമതത്തിലെ നേതാക്കളെ പ്രകോപിതരാക്കി. രാജ്യദ്രോഹം,ചാരവൃത്തി തുടങ്ങിയ കുറ്റങ്ങൾ അദ്ദേഹത്തിനെതിരെ ചുമത്തുകയും രാജഭരണത്തിലെ പദവിയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. തുടർന്ന് ദേവസഹായം ജയിലിൽ അടയ്ക്കപ്പെടുകയും കഠിനമായ പീഡനത്തിന് വിധേയനാക്കപ്പെടുകയും ചെയ്തു. ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച അദ്ദേഹം 1752 ജനുവരി 14-ന് ആറൽവായ്മൊഴി വനത്തിൽ വെടിയേറ്റു മരിച്ചു. അദ്ദേഹത്തിന് 39 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കോട്ടാർ രൂപതയിലാണ്. നാഗർകോവിൽ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിലുള്ള ദേവസഹായത്തിന്റെ ശവകുടീരം നിരവധി ഭക്തരെ ആകർഷിക്കുന്നു.
സംരംഭങ്ങൾ
ദേവസഹായത്തിന്റെ വിശുദ്ധ പദവി ആഘോഷിക്കുന്നതിനായി, ലത്തീൻ മെത്രന്മാർ അദ്ദേഹത്തോടുള്ള പ്രാർത്ഥനയും, അദ്ദേഹത്തിന്റെ സുകൃതങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു ഹ്രസ്വ രൂപരേഖയും പുറത്തിറക്കി. ദേവസഹായം രക്തസാക്ഷിത്വം വരിച്ച ദക്ഷിണേന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തെ കോട്ടാർ രൂപതയിലെ വിശുദ്ധീകരണ നടപടികൾക്കായുള്ള സമിതിയുമായി സഹകരിച്ച്, അദ്ദേഹത്തിന്റെ ജീവിതത്തെയും സന്ദേശത്തെയും കുറിച്ച് 7-ഘട്ട ദേശീയ ക്വിസ് മത്സരം നടത്താൻ ഭാരത കത്തോലിക്കാ മെത്രാൻ സമിതി പദ്ധതിയിടുന്നു. അതുപോലെ യുവജനങ്ങൾക്കും വിവാഹിതരായവർക്കും സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുമായി ദേശീയ ഉപന്യാസ മത്സരവും നടത്തപ്പെടും.
മെയ് 15ന് നടക്കുന്ന വിശുദ്ധ പ്രഖ്യാപന ചടങ്ങിനെ തുടർന്ന്, ദേവസഹായം രക്തസാക്ഷിത്വം വരിച്ച ആറൽവായ്മൊഴിയിൽ 2022 ജൂൺ 5, ഞായറാഴ്ച, പെന്തക്കോസ്താ തിരുന്നാളിൽ ദേശീയ കൃതജ്ഞതാ ആഘോഷം നടക്കും. യേശുവിന്റെ തിരുഹൃദയത്തിന്റെ തിരുനാളായ ജൂൺ 24-ന് എല്ലാ കുടുംബങ്ങളെയും തിരുഹൃദയത്തിന് സമർപ്പിക്കുന്ന അന്ന് രാജ്യത്തും വിദേശത്തുമുള്ള വിശ്വാസികളോടു ഒരു കുടുംബമായി പ്രാർത്ഥനയിൽ പങ്കുചേരാനും “നമ്മുടെ രാജ്യത്തിനായി രക്തസാക്ഷി ദേവസഹായത്തിന്റെ മാധ്യസ്ഥ്യം യാചിക്കാനും” മെത്രാന്മാർ ക്ഷണിച്ചു.
ദേവസഹായത്തിന്റെ വിശുദ്ധപദവിക്ക് പിന്നിൽ സി.സി.ബി.ഐ.യുടെ അക്ഷീണമായ പിൻബലമുണ്ടായിരുന്നു. 2009-ൽ, ലത്തീൻ റീത്തിലെ മെത്രാന്മാർ, ദേവസഹായത്തിന്റെ വിശദീകരണ പ്രക്രിയ വേഗത്തിലാക്കാൻ വത്തിക്കാനിലെ വിശുദ്ധീകരണ നടപടികൾക്കായുള്ള തിരുസംഘത്തോടു അഭ്യർത്ഥിക്കാൻ തീരുമാനിച്ചു. 2013-ൽ അദ്ദേഹത്തിന്റെ ഓർമ്മ തിരുനാൾ ഇന്ത്യയിലെ ആരാധനാ കലണ്ടറിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: