തിരയുക

കർദ്ദിനാൾ ലുയീജി ദെ മജിസ്ത്രിസ് ഫ്രാൻസീസ് പാപ്പായ്ക്കൊപ്പം കർദ്ദിനാൾ ലുയീജി ദെ മജിസ്ത്രിസ് ഫ്രാൻസീസ് പാപ്പായ്ക്കൊപ്പം 

കർദ്ദിനാൾ ലുയീജി ദെ മജിസ്ത്രിസ് കാലം ചെയ്തു, പാപ്പാ അനുശോചിച്ചു!

95 വയസ്സു പ്രായമുണ്ടായിരുന്ന കർദ്ദിനാൾ മജിസ്ത്രിസിന്, അദ്ദേഹത്തിൻറെ ജനനസ്ഥലമായ കാല്യരിയിൽ വച്ച് ബുധനാഴ്ചയാണ് (16/02/22) അന്ത്യം സംഭവിച്ചത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കർദ്ദിനാൾ ലുയീജി ദെ മജിസ്ത്രിസിൻറെ (Luigi De Magistris) നിര്യാണത്തിൽ മാർപ്പാപ്പാ അനുശോചിച്ചു.

അദ്ദേഹത്തിൻറെ ജന്മസ്ഥലമായ ഇറ്റലിയിലെ, കാല്യരി അതിരൂപതയുടെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് ജുസേപ്പെ ബത്തൂരിക്കയച്ച ടെലെഗ്രാം സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ തൻറെ ദു:ഖം അറിയിച്ചത്.

കറയറ്റ പൗരോഹിത്യ തീക്ഷ്ണതയാൽ പ്രചോദിതനായി കർത്താവിനെയും സഭയെയും മഹത്തായ ആത്മസമർപ്പണത്തോടെ സേവിച്ച ആദരണീയനായ കർദ്ദിനാൾ ലുയീജി ദെ മജിസ്ത്രിസിൻറെ വേർപാടിലുള്ള അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെയും സഭാസമൂഹത്തിൻറെയും വേദനയിൽ താൻ പങ്കുചേരുന്നുവെന്നും താൻ എല്ലാവരുടെയും ചാരെയുണ്ടെന്നും പാപ്പാ അറിയിക്കുന്നു.

കർദ്ദിനാൾ മജിസ്ത്രിസ് പരിശുദ്ധസിംഹാസനത്തിന് സമർപ്പണബുദ്ധയിയോടെ ഏകിയ സേവനങ്ങൾ പാപ്പാ കൃതജ്ഞതാപൂർവ്വം അനുസ്മരിക്കുന്നു.

തൻറെ മുൻഗാമികളായിരുന്ന പാപ്പാമാരുടെ ജ്ഞാനിയായിരുന്ന സഹകാരിയായിരുന്നു കർദ്ദിനാൾ മജിസ്ത്രിസ് എന്ന് പാപ്പാ പറയുന്നു.

അനുരഞ്ജന കൂദാശാ ശുശ്രൂഷയ്ക്ക് അദ്ദേഹം നല്കിയിരുന്ന പ്രാധാന്യവും പാപ്പാ പ്രത്യേകം അനുസ്മരിക്കുന്നു.

95 വയസ്സു പ്രായമുണ്ടായിരുന്ന കർദ്ദിനാൾ ലുയീജി ദെ മജിസ്ത്രിസിന്, അദ്ദേഹത്തിൻറെ ജനനസ്ഥലമായ കാല്യരിയിൽ വച്ച് ബുധനാഴ്ചയാണ് (16/02/22) അന്ത്യം സംഭവിച്ചത്.

1926 ഫെബ്രുവരി 23-ന് കാല്യരിയിൽ എഡ്മോന്തൊ അഞ്ഞേസെ ബല്ലേറൊ ദമ്പതികളുടെ ആറുമക്കളിൽ അവസാനത്തെ മകനായി ജനിച്ച അദ്ദേഹം 1952 ഏപ്രിൽ 12-ന് പൗരോഹിത്യം സ്വീകരിക്കുകയും 1996 ഏപ്രിൽ 28-ന് മെത്രാനായി അഭിഷിക്തനാകുകയും 2015 ഫെബ്രുവരി 14-ന് കർദ്ദിനാളാകുകയും ചെയ്തു.

കർദ്ദിനാൾ ലുയീജി ദെ മജിസ്ത്രിസിൻറെ നിര്യാണത്തോടെ കർദ്ദിനാൾസംഘത്തിലെ അംഗസംഖ്യ 213 ആയി താണു. ഇവരിൽ 119 പേർക്ക് മാർപ്പാപ്പായെ തിരഞ്ഞെടുക്കാനുള്ള കൊൺക്ലേവിൽ സമ്മതിദാനാവകാശം ഉണ്ട്. ശേഷിച്ച 94 പേർ 80 വയസ്സു കഴിഞ്ഞവരാകയാൽ അവർക്ക് ഈ അവകാശം ഇല്ല.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 February 2022, 14:53