പൗരസ്ത്യ സഭകളുടെ അനന്യത നഷ്ടപ്പെടുത്താതെ പരിപാലിക്കുക, കർദ്ദിനാൾ സാന്ദ്രി !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഓർത്തൊഡോക്സ് സഭകളും പൗരസ്ത്യ ഓർത്തൊഡോക്സ് സഭകളുമായി കത്തോലിക്കാസഭ പങ്കുവയ്ക്കുന്ന പൈതൃകത്തെ കണക്കിലെടുക്കാത്ത നവീകരണങ്ങൾ ഒഴിവാക്കേണ്ടതിൻറെ ആവശ്യകത പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി ചൂണ്ടിക്കാട്ടുന്നു.
പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ സമ്പൂർണ്ണ സമ്മേളനത്തോടും പൗരസ്ത്യസഭകളുടെ കാനനൻ നിയമം അനുശാസിക്കുന്ന ആരാധനക്രമ സംബന്ധിയായ ചട്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശിക പ്രസിദ്ധീകൃതമായതിൻറെ ഇരുപത്തിയഞ്ചാം വാർഷികത്തോടും അനുബന്ധിച്ച് ബുധനാഴ്ച (16/02/22) ആരംഭിച്ച യോഗത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അകത്തോലിക്കരായ ക്രൈസ്തവസഹോദരങ്ങളോടൊരുമിച്ച് ദിവ്യകാരുണ്യ വിരുന്നിൽ പങ്കെടുക്കാൻ ഇനിയും കഴിയാത്തതിൻറെതായ മുറിവ് ഇപ്പോഴും ഉണ്ടെന്നതും കർദ്ദിനാൾ സാന്ദ്രി അനുസ്മരിച്ചു.
കിഴക്കുനിന്നുള്ള കുടിയേറ്റം ശക്തമായിരിക്കുന്ന ഈ കാലഘട്ടത്തിൽ പൗരസ്ത്യ അനന്യത കൈമോശം വരുന്ന അപകടത്തെക്കുറിച്ചു സൂചിപ്പിക്കുന്ന അദ്ദേഹം ഈ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന നാടുകളിൽ അവരുടെ പൈതൃകം കാത്തുപരിപാലിക്കുന്നതിനും ഊട്ടി വളർത്തുന്നതിനും പൗരസ്ത്യസഭാ ഇടയന്മാർ മാത്രമല്ല ലത്തീൻ സഭയിലെ ഇടയന്മാരും പരിശ്രമിക്കേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറയുന്നു.
ഇത് വർണ്ണാഭമായ ക്രിസ്തുസഭയുടെ സമ്പന്നതയെ ഉദാത്തമായി ആവിഷ്കരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: