അക്രമാസക്ത മാർഗ്ഗങ്ങൾ വെടിഞ്ഞ് സമാധാന സരണി പിൻചെല്ലണം, കർദ്ദിനാൾ ചാൾസ് ബൊ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ക്രൈസ്തവർ സമാധനത്തിൻറെ ഉപകരണങ്ങളും, മുറിവേറ്റവരെങ്കിലും സൗഖ്യദായകരും ആകണമെന്ന് മ്യന്മാറിലെ യംഗൂൺ അതിരൂപതയുടെ മെത്രാപ്പോലിത്തയായ കർദ്ദിനാൾ ചാൾസ് മൗംഗ് ബൊ (Card.Charles Maung Bo).
2021 ഫെബ്രുവരി 1-ന് സൈന്യം ഒരു അട്ടിമറിയിലൂടെ അന്നാടിൻറെ അധികാരം പിടിച്ചെടുത്തതിൻറെ വാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ വാർത്താ വിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
അന്നാട്ടിലെ ജനങ്ങളുടെ വേദനകളെയും സഹനങ്ങളെയും നിരാശയെയുംക്കുറിച്ച് സഭയ്ക്ക് അവബോധമുണ്ടെന്ന് പ്രാദേശിക കത്തോലിക്കാമെത്രാൻസംഘത്തിൻറെ (Catholic Bishops’ Conference of Myanmar -CBCM) അദ്ധ്യക്ഷൻ കൂടിയായ കർദ്ദിനാൾ ബൊ വെളിപ്പെടുത്തി.
ചിലർ അക്രമാസക്തമായ പ്രതിരോധമാർഗ്ഗത്തിൽ മാത്രം വിശ്വസിക്കുന്നതിൽ ഖേദം രേഖപ്പെടുത്തിയ അദ്ദേഹം സമാധാനപരമായ മറ്റു വഴികൾ ഉണ്ടെന്ന് ഉദ്ബോധിപ്പിച്ചു.
മ്യന്മാറിൽ സൈനിക അട്ടിമറിയെത്തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭണത്തെ അടിച്ചമർത്താൻ സൈന്യം സ്വീകരിച്ച നടപടി 1500-ഓളം പേരുടെ ജീവൻ അപഹരിച്ചു. 11700-ലേറെപ്പേർ അറസ്റ്റിലായി.
അരനൂറ്റാണ്ടിലേറെ നീണ്ട നിഷ്ഠൂര സൈനിക ഭരണത്തിനു ശേഷം അന്നാട് ചുവടുവച്ച ഒരു പതിറ്റാണ്ടോളം നീണ്ട പ്രജാധിപത്യ ഭരണപരിഷ്കാരങ്ങളുടെ ചുവട്ടിൽ കത്തിവച്ചിരിക്കയാണ് 2021 ഫെബ്രുവരിയിലെ സൈനിക അട്ടിമറി
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: