തിരയുക

ദൈവ നിവേശിത വചനം ദൈവ നിവേശിത വചനം 

"വചന ഞായർ" ആചരണം, വിശുദ്ധ നാട്ടിൽ!

അനുവർഷം, ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ആണ്ടുവട്ടത്തിലെ സാധാരണകാലത്തിലെ മൂന്നാമത്തെ ഞായർ "വചന ഞായർ" ആചരിക്കുന്നു. ഇക്കൊല്ലം ഇത് ജനുവരി 23-നാണ്

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തിരുലിഖിതങ്ങൾ നമ്മെ, ദൈവവുമായി പ്രണയത്തിലാക്കുന്നുവെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് പിയെർബത്തീസ്ത പിത്സബാല്ല (Pierbattista Pizzaballa).

ഫ്രാൻസീസ് പാപ്പാ, 2019 സെപ്റ്റംബർ 30-ന് “അപെരൂയിത്ത് ഈല്ലിസ്” ( Motu Proprio Aperuit Illis) എന്ന മോത്തു പ്രോപ്രിയൊ, അഥവാ, സ്വയാധികാരപ്രബോധനം, വഴി ഏർപ്പെടുത്തിയ “വചന ഞായർ” ആചരണം ആസന്നമായിരിക്കുന്ന പശ്ചാത്തലത്തിൽ, വിശുദ്ധ നാട്ടിൽ അത് എങ്ങനെ ആചരിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് പുറപ്പെടുവിച്ച ഒരു സന്ദേശത്തിലാണ് അദ്ദേഹത്തിൻറെ ഈ പ്രസ്താവനയുള്ളത്.

അനുവർഷം, ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ആണ്ടുവട്ടത്തിലെ സാധാരണകാലത്തിലെ മൂന്നാമത്തെ ഞായർ ആണ് ഈ ആചരണത്തിനായി പാപ്പാ നിർദ്ദേശിച്ചിരിക്കുന്നത്. ഇക്കൊല്ലം ഇത് ജനുവരി 23-നാണ്.

ദൈവജനത്തിന് ദൈവവചനവുമായുള്ള ബന്ധം മതാത്മകവും തീക്ഷ്ണവുമായിത്തീരുന്നതിന് വേണ്ടി, ആരാധനാക്രമവത്സരത്തിലെ സാധാരണകാലത്തിലെ മൂന്നാമത്തെ ഞായർ, ദൈവവചനത്തിൻറെ ആഘോഷം, പരിചിന്തനം, പ്രസരണം എന്നിവയ്ക്കായി പ്രത്യേകം നീക്കിവയ്ക്കണമെന്നാണ് പാപ്പാ മോത്തു പ്രോപ്രിയൊയിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഈ ആചരണത്തിൽ പങ്കുചേരാൻ വിശുദ്ധ നാട്ടിലെ വിശ്വാസികളെ ക്ഷണിക്കുന്ന പാത്രിയാർക്കീസ് പിത്സബാല്ല, ഈ ആചരണത്തിലൂടെ നമുക്ക് സജീവവും സനാതനവുമായ ദൈവവചനത്തിൻറെ വിത്ത് ലോകമഖിലം വിതയ്ക്കാനും ദൈവവുമായി നമ്മെ പ്രണയത്തിലാക്കുന്ന യഥാർത്ഥ പരിമളം പരത്താനും സാധിക്കുമെന്ന് പറയുന്നു.

കർത്താവിൻറെ ജനതയുടെ ഗ്രന്ഥമായ ബൈബിൾ ശ്രവണം നമ്മെ ചിതറിപ്പോകുന്നതിൽ നിന്ന് ഐക്യത്തിലേക്കാനയിക്കുമെന്നും ദൈവവചനം വിശ്വാസികളെ ഒന്നിപ്പിക്കുകയും കർത്താവിൻറെ ജനമാക്കിത്തീർക്കുകയും ചെയ്യുമെന്നും വിശുദ്ധ ജെറോമിൻറെ 1600-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ പറഞ്ഞത് പാത്രിയാർക്കീസ് തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 January 2022, 13:19