തിരയുക

23/1 ത്രികാലജപപ്രാർത്ഥനാവേളയിൽ പാപ്പാ - ഫയൽ ചിത്രം 23/1 ത്രികാലജപപ്രാർത്ഥനാവേളയിൽ പാപ്പാ - ഫയൽ ചിത്രം 

ഉക്രയിനിലെ സമാധാനത്തിനായി പാപ്പായുടെ നിർദ്ദേശപ്രകാരം പ്രാർത്ഥന

ഉക്രയിനിൽ നിലവിലിരിക്കുന്ന അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ, അവിടെ സമാധാനം സ്ഥാപിക്കപ്പെടുവാനായി, റോമിലെ സാന്താ സോഫിയ ബസലിക്കയിൽ പ്രത്യേക പ്രാർത്ഥന നടത്തും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഉക്രയിനിലെ സമാധാനം സ്ഥാപിക്കപ്പെടുക എന്ന ഉദ്ദേശത്തോടുകൂടി, ജനുവരി 26-ന് വൈകുന്നേരം ആറുമണിക്ക്, റോം രൂപതയുടെ കുടിയേറ്റക്കാർക്കുവേണ്ടിയുള്ള ഓഫീസിന്റെ ആഭിമുഖ്യത്തിൽ, റോമിലെ സാന്താ സോഫിയ ബസലിക്കയിൽവച്ച് സായാഹ്നപ്രാർത്ഥന നടത്തും. കഴിഞ്ഞ ഞായറാഴ്ച, ത്രികാലജപപ്രാർത്ഥനാവേളയിൽ നടത്തിയ പ്രഭാഷണത്തിനിടെ, ഉക്രയിനുവേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ നടത്തിയ ക്ഷണം സ്വീകരിച്ചാണ് ഈ പ്രാർത്ഥനായജ്ഞം ഒരുക്കിയിരിക്കുന്നത്. പ്രാർത്ഥനയിൽ, റോം രൂപതാസഹായമെത്രാൻ അഭിവന്ദ്യ ബെനോണി അമ്പാറൂസ്, റോം രൂപതയുടെ കുടിയേറ്റക്കാർക്കുവേണ്ടിയുള്ള ഓഫീസിന്റെ ഡയറക്ടർ മോൺസിഞ്ഞോർ പിയർപോളോ ഫെലിക്കൊളോ, സാന്താ സോഫിയ ബസിലിക്കയുടെ റെക്ടർ ഫാ. മാർക്കോ യാരോസ്ലാവ് സെമെഹെൻ എന്നിവരും സംബന്ധിക്കും. വിവിധയിടങ്ങളിൽനിന്നുള്ള വൈദികരും പ്രതിനിധികളും പങ്കെടുക്കുന്ന ഈ പ്രാർത്ഥനയ്ക്ക് ശേഷം ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.

നാലുവർഷങ്ങൾക്ക് മുൻപ്, 2018 ജനുവരി 28-ന് ഫ്രാൻസിസ് മാർപാപ്പ ഇവിടം സന്ദർശിച്ചിരുന്നു. ഇറ്റലിയിലുള്ള ഏതാണ്ട് രണ്ടുലക്ഷം ഉക്രൈനികൾക്കും പ്രധാനപ്പെട്ട ഒരിടമാണ് സാന്താ സോഫിയ ബസലിക്ക. ഇവരിൽ ഏതാണ്ട് പതിനാലായിരം പേർ റോമിലാണ്. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളിൽ അസ്വസ്ഥരായ ഉക്രയിനിലെ ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കാനും, തങ്ങളുടെ ആത്മീയസാമീപ്യം അവരെ അറിയിക്കാനുമാണ് ഇങ്ങനെയൊരു പ്രാർത്ഥന നടത്തുന്നതെന്ന് അഭിവന്ദ്യ അമ്പാറൂസ് പിതാവ് വ്യക്തമാക്കി. സമാധാനത്തിനുവേണ്ടിയാണ് ദൈവത്തോടും എല്ലാ ആളുകളോടുമുള്ള തങ്ങളുടെ നിലവിളിയെന്നും, ഓരോ യുദ്ധവും എല്ലാവരുടെയും പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 January 2022, 17:26