"വചന ഞായർ" ആചരണം, ജനുവരി 23!
ജോയി കരിവേലി, വത്തിക്കാൻസിറ്റി
ഈ ഞായറാഴ്ച (23/01/22) തിരുസഭ ദൈവവചന ഞായർ ആചരിക്കുന്നു.
2019 സെപ്റ്റമ്പർ 30-ന് “അപെരൂയിത്ത് ഈല്ലിസ്” (Aperuit Illis) എന്ന സ്വയാധികാര പ്രബോധനം, അഥവാ, “മോത്തു പ്രോപ്രിയൊ” വഴി ഫ്രാൻസീസ് പാപ്പാ ഏർപ്പെടുത്തിയതാണ് “ദൈവവചന ഞായർ”.
ലത്തീൻ റീത്തിൻറെ ആരാധനാക്രമ ആണ്ടുവട്ടത്തിൽ, സാധാരണ കാലത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഈ വാർഷികാചരണം.
ഈ ആചരണത്തിൻറെ ഭാഗമായി ഫ്രാൻസീസ് പാപ്പാ, തൻറെ മുഖ്യ കാർമ്മികത്വത്തിൽ ഈ ഇരുപത്തിമൂന്നിന്, ഞായറാഴ്‌ച (23/01/22), വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ സാഘോഷമായ സമൂഹദിവ്യബലി അർപ്പിക്കും.
രാവിലെ പ്രാദേശിക സമയം 9.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് തിരുക്കർമ്മം ആരംഭിക്കും.
ഈ വിശുദ്ധകുർബ്ബാനയ്ക്കിടെ, സുവിശേഷ വായനയ്ക്കു ശേഷം പാപ്പാ പുതിയതായി വിവിധ രാജ്യക്കാരായ 8 പേർക്ക് ദൈവവചന പാരായണ ശുശ്രൂഷാ ദൗത്യവും മറ്റു 8 പേർക്ക് മതബോധന ശുശ്രൂഷാദൗത്യവും നല്കും.
മതബോധന ശുശ്രൂഷകരായി ദൗത്യം ഏല്ക്കുന്നവരിൽ രണ്ടു പേർ ആമസോൺ പ്രദേശത്തു നിന്നുള്ളവരാണ്.
പാക്കിസ്ഥാൻ, ഘാന, കൊറിയ, പെറു, ബ്രസീൽ, സ്പെയിൻ, പോളണ്ട്, ഇറ്റലി എന്നീ നാട്ടുകാരാണ് ചെറുപ്പക്കാരായ സ്തീപുരുഷന്മാരങ്ങിയ ഈ പതിനാറു ശുശ്രൂഷകർ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: