തിരയുക

യേശുവും സമരിയക്കാരി സ്ത്രീയും യേശുവും സമരിയക്കാരി സ്ത്രീയും 

ബന്ധങ്ങളുടെ തമ്പുരാൻ

വിശുദ്ധ ലൂക്കായുടെ സുവിശേഷം നാലാം അദ്ധ്യായം ഒന്ന് മുതൽ ഇരുപത്തിയാറുവരെയുള്ള തിരുവചനങ്ങളെക്കുറിച്ചുള്ള വിചിന്തനം.
സുവിശേഷപരിചിന്തനം Luke 4, 1-26 - ശബ്ദരേഖ

റെവ. ഫാദർ ജേക്കബ് ചാണിക്കുഴി

വി.യോഹന്നാന്റെ സുവിശേഷത്തിലെ സമരിയക്കാരി സ്ത്രീ പൊതുജനദൃഷ്ടിയിൽ ഒരു പാപിനിയാണ്.  അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നവളും ഇപ്പോൾ ഭർത്താവല്ലാത്ത ഒരുത്തന്റെകൂടെ കഴിയുന്നവളുമായ ഈ സ്ത്രീയോട് എന്തെങ്കിലും അടുപ്പമോ ബന്ധമോ സൂക്ഷിക്കാൻ സമൂഹത്തിൽ സത്പേരുള്ള ആരും തന്നെ തയ്യാറാവുമെന്നു തോന്നുന്നില്ല. മനുഷ്യർ മാറ്റിനിർത്താനിടയുള്ള ഈ സ്ത്രീയോടും ഇവളെപ്പോലെയുള്ള മറ്റെല്ലാവരോടുമുള്ള ദൈവത്തിന്റെ സമീപനമെന്താണ് എന്ന് ഇന്നത്തെ സുവിശേഷത്തിലൂടെ വി. യോഹന്നാൻ നമുക്ക് പറഞ്ഞുതരുകയാണ്.

അവൾ താമസിക്കുന്ന പ്രദേശത്തു അബദ്ധത്തിൽ പോലും  എത്താതിരിക്കാൻ നാം നോക്കും. അബദ്ധവശാൽ അവളെ കണ്ടുപോയാൽതന്നെ അവളുമായി സംസാരിച്ചു നില്ക്കാൻ നാം മിനക്കെടില്ല. നിവർത്തിയുണ്ടെങ്കിൽ നാം വഴിമാറിപോകും.

യേശു ഈ സ്ത്രീയുടെ കണ്ണിൽപ്പെടാതെ അവളുടെ വഴിയിൽനിന്നു മാറിപ്പോവുകയല്ല, പ്രസ്തുത അവളെ കാണാൻ അവൾ വരുന്ന വഴിയിൽ കാത്തിരിക്കുകയാണ്‌. ഞാനിപ്പോൾ പറഞ്ഞത് സുവിശേഷത്തിലെങ്ങും പറഞ്ഞിട്ടില്ല കേട്ടോ. അതായതു യേശു അവളെ കാണാനായിട്ടാണ് ആ വഴിയിലിരുന്നത് എന്ന്. എന്നാലും സുവിശേഷത്തിൽ അതിൻറെ വ്യക്‌തമായ സൂചനകളുണ്ട്. നാലാം അധ്യായം നാലാം വാക്യത്തിൽ പറയുന്നു'' അവനു സമരിയായിലൂടെ കടന്നുപോകേണ്ടി യിരുന്നു''വെന്ന് . അതായത് സമരിയായിൽ സംഭവിച്ചതെല്ലാം, യേശു സമരിയാക്കാരി സ്ത്രീയോട് സംസാരിക്കുന്നതും സമരിയക്കാർ യേശു വിൽ വിശ്വസിക്കുന്നതുമെല്ലാം ദൈവിക പദ്ധതിയുടെ ഭാഗമായിരുന്നുവെന്നാണതിനർത്ഥം. പാപികളെ അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നതിനു പകരം അവരെ തേടിനടക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന ദൈവത്തെയാണ് യേശുവിൽ നാമിവിടെ കാണുന്നത്‌ .

കിണറ്റിൻകരയിൽ ആ സ്ത്രീ എത്തുമ്പോൾ ഏതായാലും അവളെ കണ്ടപ്പോൾ താൻ അവജ്ഞയോടെ എഴുന്നേറ്റു പോയില്ല എന്നതെങ്കിലും മനസിലാക്കി അവൾതന്നെ ബഹുമാനപുരസ്സരം എന്തെങ്കിലും തന്നോട്  പറയട്ടെ എന്ന് യേശു വിചിരിക്കുന്നില്ല. പകരം അവൻ അവളോട് മിണ്ടിത്തുടങ്ങുകയാണ്. ആരാദ്യംമിണ്ടും, പറയും എന്നതൊക്കെയാണല്ലോ പലരുടെയും ജീവിതത്തിലെ കീറാമുട്ടികൾ. ഇവിടെ ഒരു പുരുഷൻ ഒരു യഹൂദൻ, ഒരു റബ്ബി, ഒരു അത്ഭുതപ്രവർത്തകൻ, സർവോപരി പരമപരിശുദ്ധനായ ദൈവം ഒരു സ്ത്രീയോട് അധകൃത യെന്നു യഹൂദർ വിചാരിച്ചിരുന്ന ഒരു സമരിയക്കാരിയായ സ്ത്രീയോട്‌ അതും പാപിനിയെന്നു മുദ്രകുത്തപ്പെട്ടവളോട് സംസാരിക്കാൻ തുടങ്ങുന്നു. ആ സംസാരത്തിനുമുണ്ട് ഒരു പ്രത്യേകത, അവൻ ഒരു സഹായം തേടുകയാണ്. ആത്മാഭിമാനമുള്ള ഒരു റബ്ബി ദാഹിച്ചു മരിക്കേണ്ടിവന്നാലും ഒരു സമരിയക്കാരിയോട് വെള്ളത്തിനുവേണ്ടി യാചിക്കില്ല. പക്ഷെ യേശു അത് ചെയ്തു. കാരണം അവനു തൻറെ അഭിമാനത്തേക്കാളും ജീവനെക്കാളും വലുത് അവളുടെ രക്ഷയാ യിരുന്നു. ജീവനായിരുന്നു. നിങ്ങൾക്ക് ആരോടെങ്കിലും സ്നേഹം ഉണ്ടെ ങ്കിൽ ആരെയെങ്കിലും രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് ജീവിത പങ്കാളിയായിക്കൊള്ളട്ടെ, സഹോദരങ്ങളായിക്കൊള്ളട്ടെ,  മാതാപിതാക്കളോ, മക്കളോ, ബന്ധുക്കളോ, നിങ്ങളുടെ ക്ലാസ്സിലെ കുട്ടികളോ, നിങ്ങളുടെ ജോലിസ്ഥലത്തെ പണിക്കാരോ സഹപ്രവർത്തകരോ ആരുമായിക്കൊള്ളട്ടെ അവരെ രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്നാണ് യേശു കാണിച്ചു തരുന്നത്. അയാൾ എന്തൊക്കെ പണ്ട് ചെയ്തു, ഇപ്പോഴെന്തോക്കെ ചെയ്തുകൊണ്ടിരിക്കുന്നു എന്നതൊന്നും അയാൾക്കെതിരെ പരിഗണിക്കാതെ അയാൾക്കായി കാത്തിരിക്കുക. അയാളെ കണ്ടുമുട്ടാൻ വഴി തേടുക. അയാൾ നമ്മുടെ വഴിക്കു വരുന്നില്ലെങ്കിൽ അയാളുടെ വഴിയിൽ കാത്തിരിക്കുക. അയാൾ മിണ്ടാൻ തയ്യാറാവുന്നില്ലെങ്കിൽ അയാളെ അതിശയം കൊള്ളിപ്പിക്കുമാറ് എളിമപ്പെട്ടുകൊണ്ട് അയാളുടെ സഹായം തേടിക്കൊണ്ട് സംഭാഷണത്തിൻറെ മാർഗത്തിലേക്ക് കൊണ്ടുവരിക എന്നതാണത്.

എന്നാൽ ഭൂമിയോളം താഴ്ന്നു ഒരിറുക്ക് വെള്ളത്തിനായി അവൻ കേണപ്പോൾ ആ സ്ത്രീയുടെ പ്രതികരണം ഒരു പാപിനിക്കു ചേർന്ന പ്രതികരണം തന്നെയായിരുന്നു. അഹംകാരത്തിൻറെയും പരിഹാസത്തിൻറെയും പരമപുഛ്‌ചത്തിൻറെതുമായിട്ടുള്ള പ്രതികരണം. മറ്റുള്ളവരുടെ നന്മനിറഞ്ഞ പെരുമാറ്റത്തെ അവഗണിച്ചുകൊണ്ട്  മോശമായി നാം പ്രതികരിക്കുന്നത് നമ്മുടെ ദുഷ്ടതയുടെ ആഴത്തെയാണല്ലോ വെളിപ്പെടുത്തുന്നത്. സ്വന്തം കാര്യത്തിനായി തത്വദീക്ഷയില്ലാതെ പെരുമാറുന്ന ഒരു അവസരവാദിയെന്ന ആക്ഷേപമായിരുന്നു അവൾ ഉന്നയിച്ചത്. എങ്കിലും യേശു ആ പരിഹാസത്തിൽ  പ്രകോപിതനാകാതെ അതെ നാണയത്തിൽ തിരിച്ചടിക്കാതെ അവന്റെ വിശുദ്ധിക്ക് ചേർന്നവിധം മാന്യമായി പ്രതികരിക്കുന്നു. അതിനേക്കാളുപരി അവളുടെ കണ്ണുകളിലൂടെ അവളുടെ പ്രശ്നത്തെ കാണുകയും അവളുടെ നന്മക്കുതകുന്ന പരിഹാരം പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. നിരന്തരം ദഹിക്കുന്നുവെന്നതും വെള്ളംകോരാൻ ദൂരെ പോകണമെന്നതുമായിരുന്നല്ലോ അവളുടെ പ്രശ്നങ്ങൾ. പതിനഞ്ചാം  വാക്യത്തിൽ നാം കാണുന്നത് അതാണ്.

യേശുവിന്റെ സമീപനം ആ സ്ത്രീയിൽ മാറ്റങ്ങളുളവാക്കി. ആദ്യം യേശുവിനെ ആക്ഷേപിച്ച ആ സ്ത്രീ ഇപ്പോൾ അവൻറെ  ആരാധികയായി മാറുന്നു. യൂദൻ എന്ന് ജാതിപ്പേര് വിളിച്ചു യേശുവിനെ പരിഹസിച്ചവൾ ഇപ്പോൾ പ്രഭോ എന്ന് അവനെ ആദരവോടെ അഭിസംബോധന ചെയ്യുന്നു. തന്റെ പ്രശ്നങ്ങൾ മനസിലാക്കി തന്നെ സഹായിക്കാൻ ശ്രമിക്കുന്ന ഒരാളെ ആർക്കാണ് ബഹുമാനിക്കാതിരിക്കാൻ പറ്റുക. അവന്റെ ഔന്നത്യം ആർക്കാണ് അവഗണിക്കാനാവുക. അതെ, യേശു ബന്ധങ്ങളുടെ പ്രഭുവാണ്. വിനയപൂർവ്വകമായ സമീപനങ്ങളിലൂടെ സ്ഥാപിച്ചെടുത്ത ആഴമായ ബന്ധങ്ങളിലൂടെ ആരുടേയും മനം കവർന്നു നിത്യജീവനിലേക്കു അവരെ നയിക്കുന്ന രക്ഷകനാണവൻ. യേശുവിനോടു സംസാരിക്കുംതോറും അവൾക്കു യേശുവിനോടു മതിപ്പു കൂടിവരികയാണ്. ഒടുവിൽ അവനെ തന്റെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ രക്ഷകനായി അംഗീകരിക്കാൻ അവൾ തയ്യാറായി. മറ്റുള്ളവരുമായിട്ടുള്ള നമ്മുടെ സംഭാഷണം ചിലപ്പോഴെങ്കിലും തർക്കങ്ങളായും ചീത്തവിളികളായും വെല്ലുവിളികളായും കയ്യാങ്കളികളായും മാറുന്നതും അതുവരെ ഉണ്ടായിരുന്ന ബന്ധംപോലും തുടർന്ന് ഇല്ലാതാവുന്നതും യേശുവിന്റെ ശൈലിക്ക് വിരുദ്ധമായി നാം പെരുമാറുന്നതുകൊണ്ടല്ലേ. സമരിയക്കാരിയുടെ കഥ ഒരു സ്ത്രീയുടെ കഥയെന്നതിനേക്കാൾ സമരിയ എന്ന നാടിൻറെ കഥയായി നാം മനസിലാക്കണം. അവളുടെ അഞ്ചു ഭർത്താക്കന്മാർ സമരിയക്കാർ ആരാധിച്ചിരുന്ന വിവിധ  ദൈവങ്ങളുടെ പ്രതീകമാണ്. വിഗ്രഹാരാധകർ എന്ന് മുദ്രകുത്തപ്പെട്ട സമരിയക്കാരെ ഒറ്റപ്പെടുത്താതെ അവരിലേക്ക്‌ ഇറങ്ങിച്ചെന്നു അവരുമായി സംസാരിച്ചു അവരെ മനസിലാക്കി സാവധാനം ലോകരക്ഷകനെ തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കിയ യേശുവിന്റെ ശൈലി നമ്മുടെ കുടുംബ ബന്ധങ്ങൾക്കു മാത്രമല്ല സീറോമലബാർ സഭ സഭൈക്യവാരം ആഘോഷിക്കുന്ന ഈ അവസരത്തിൽ മറ്റു സഭകളുമായും മറ്റു മതങ്ങളുമായുള്ള നമ്മുടെ ബന്ധങ്ങൾക്ക്‌ മാതൃകയായിത്തീരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

രക്ഷയുടെ കുത്തക അവകാശപ്പെട്ടിരുന്ന യഹൂദരല്ല, പ്രത്യുത അവർ വെറുത്ത് തള്ളിയിരുന്നു സമരിയക്കാരാണ് ലോകരക്ഷകനായി യേശുവിനെ ആദ്യം തിരിച്ചറിഞ്ഞത് എന്ന് നമുക്ക് മറക്കാതിരിക്കാം. നല്ല ബന്ധങ്ങളുടെ ഉടമകളായി അതുവഴി ലോകത്തിന്റെ രക്ഷയ്ക്കുള്ള ഉപകരണങ്ങളായി ദൈവം നമ്മെ രൂപപ്പെടുത്തട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 January 2022, 15:27