തിരയുക

ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞനായ ഡേവിഡ് ഗുഡാൾ 2018 മെയ് 9-ന് ബാസലിൽ  സഹായിച്ചുള്ള ആത്മഹത്യ ചെയ്തതിന്റെ തലേന്ന് ഒരു പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നു. ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞനായ ഡേവിഡ് ഗുഡാൾ 2018 മെയ് 9-ന് ബാസലിൽ സഹായിച്ചുള്ള ആത്മഹത്യ ചെയ്തതിന്റെ തലേന്ന് ഒരു പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നു. 

ഓസ്ട്രീയാ: സഭാ എതിർപ്പ് അവഗണിച്ച് സഹായാത്മഹത്യ നിയമവിധേയമാക്കി

ഓസ്ട്രിയയിലെ കത്തോലിക്കാ മെത്രാന്മാരുടെ പ്രതിക്ഷേധത്തെ അവഗണിച്ചു കൊണ്ട് സഹായിച്ചുള്ള ആത്മഹത്യ അനുവദിക്കുന്ന വിവാദ നിയമം പ്രാബല്യത്തിൽ വന്നു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ജീവിക്കാൻ വളരെയധികം വിഷമമാണ് എന്ന് കരുതുന്ന പ്രായപൂർത്തിയായവർക്ക് ആത്മഹത്യ ചെയ്യാൻ സഹായിക്കുന്ന നിയമം ഓസ്ട്രിയാ സർക്കാർ പുറത്തിറക്കി.

കർശന നിയന്ത്രണത്തോടെയാവും ഈ നിയമം പ്രാവർത്തികമാക്കുക എന്ന് അധികൃതർ പറയുന്നു. പ്രായപൂർത്തിയായ മാരക രോഗികൾക്കും, സ്ഥിരമായി തളർന്നവസ്ഥയിൽ കഴിയുന്നവർക്കും മാത്രമേ ഈ നിയമം ബാധകമായിരിക്കുകയുള്ളു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും, മാനസീകാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും ഈ നിയമ സൗകര്യം തേടാൻ കഴിയില്ല.

ആത്മഹത്യ നടത്താൻ സഹായം തേടുന്നവർ രണ്ട് ഡോക്ടർമാരുമായി കൂടിയാലോചന നടത്തണം. അവരുടെ ശാരീരിക അവസ്ഥയെ ആശ്രയിച്ച് ഫാർമസിയിൽ നിന്ന് ആത്മഹത്യയ്ക്കുള്ള മാരക മരുന്നുകൾ ഉപയോഗിക്കുന്നതിനു മുമ്പ് രോഗികൾക്ക് അവരുടെ തീരുമാനത്തെക്കുറിച്ച് രണ്ടു മുതൽ പന്ത്രണ്ട് ആഴ്ചകൾവരെ ചിന്തിക്കാനുള്ള സമയവും ഉണ്ടായിരിക്കും. ഡിസംബറിൽ പാസാക്കിയ പുതിയ നിയമമനുസരിച്ച് മറ്റൊരാളുടെ ആത്മഹത്യയെ സജീവമായി സഹായിക്കുന്നത്  തുടർന്നും നിയമവിരുദ്ധമായിരിക്കും.

ഓസ്ട്രിയായിലെ കത്തോലിക്കാ മെത്രാന്മാരുടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് പുതുവത്സരദിനത്തിൽ നിയമം പ്രാബല്യത്തിൽ വന്നത്.

അസ്വീകാര്യമായ പിഴവുകൾ

അംഗീകരിക്കാനാവാത്ത പിഴവുകളാണ് നിയമം അവതരിപ്പിക്കുന്നതെന്ന് ഓസ്ട്രിയൻ അതിരൂപതാ മെത്രാൻ ഫ്രാൻസ് ലാക്നർ അപലപിച്ചു. സഹായിച്ചുള്ള ആത്മഹത്യയ്ക്കായി അപേക്ഷിക്കുന്നവരുടെ അവസ്ഥ വിലയിരുത്തുന്നത് രണ്ട് ഡോക്ടർമാർ മാത്രമാണെന്നും, മന:ശാസ്ത്രജ്ഞരോ, മനോരോഗ വിദഗ്ധരോ വിലയിരുത്തുന്നില്ല എന്നതിനാൽ സഹായിച്ചുള്ള ആത്മഹത്യയെ വെറും വൈദ്യ കുറിപ്പടിയാക്കി മാറ്റുന്നുവെന്നും ഓസ്ട്രിയൻ മെത്രാൻ സമിതി അധ്യക്ഷൻ ആശങ്ക പ്രകടിപ്പിച്ചു.

ദയാവധം നിയമവിധേയമാക്കിയ രാജ്യങ്ങളിൽ സഹായത്തോടു കൂടിയുള്ള ആത്മഹത്യ ഒരു സാധാരണ രീതിയായി മാറിക്കഴിഞ്ഞു, അദ്ദേഹം അഭിപ്രായപ്പെട്ടു. ബെൽജിയം, നെദർലാൻഡ്, സ്പെയിൻ, സ്വിറ്റ്സർലാന്റ് എന്നിവയുൾപ്പെടെ സഹായകരമായ ആത്മഹത്യ നിയമപരമാക്കിയ നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ ഇപ്പോൾ  ഓസ്ട്രിയയും ഉൾപ്പെടുന്നു.

ഖേദകരമായ സാംസ്കാരിക പ്രവണത

സമ്പൂർണ്ണവും സജീവവുമായ ജീവിതം മാത്രമാണ് ജീവിക്കാൻ അർഹതയുള്ള ജീവിതം എന്ന സാംസ്കാരിക പ്രവണതയാണ് സഹായകരമായ ആത്മഹത്യയ്ക്ക് നിയമസാധുത നൽകുന്നതെന്ന് മെത്രാന്മാർ വീക്ഷിക്കുന്നു.ഓസ്ട്രിയ എന്ന കത്തോലിക്ക രാജ്യത്തിൽ അന്തസ്സോടെ മരിക്കുന്നു എന്ന വാക്കിനെ ദുരുപയോഗിച്ച് സഹായിച്ചുള്ള ആത്മഹത്യ നിയമമാക്കിയതിനെ മെത്രാന്മാർ അപലപിച്ചു. എല്ലാ വൈകല്യങ്ങളും രോഗങ്ങളും സഹിക്കാനാവാതെ പരാജയമായി കാണുന്ന ഒരു യുഗത്തിലേക്ക് ഈ നിയമ നിർമ്മാണം കൂടുതൽ സംഭാവനയാണ് നൽകുന്നതെന്ന് മെത്രാന്മാർ പറഞ്ഞു.

ജീവിത അവസാന പരിചരണത്തിനുള്ള പിന്തുണ

ദുരിതമനുഭവിക്കുന്നവരെയും മാരക രോഗങ്ങളുള്ളവരെയും സഹായിക്കാൻ അധിക സാമ്പത്തിക സ്രോതസ്സുകൾ ലഭ്യമാക്കണമെന്ന് അവർ പറഞ്ഞു. ഓരോ ആത്മഹത്യയും മാനുഷിക ദുരന്തമായി അവശേഷിക്കുന്നു എന്നും ഓരോ ജീവനും വിലപ്പെട്ടതാണെന്ന കാര്യവും  ഓസ്ട്രിയയിലെ ഈ നിയമ നിർമ്മാണം അവഗണിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. വിശ്വസനീയവും, ശ്രദ്ധയുള്ളതുമായ പരിചരണത്തിലൂടെ അന്തസ്സോടെ മരിക്കുന്നത് ഇപ്പോഴും ഭാവിയിലും സാധ്യമാക്കുന്ന എല്ലാ ആളുകളോടും ഈ നിയമം അന്യായമാണ് കാണിക്കുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 January 2022, 15:09