തിരയുക

എയ്‌ഡ്‌സിനെതിരെയുള്ള ഒരു പ്രോഗ്രാമിൽനിന്ന് - ഫയൽ ചിത്രം എയ്‌ഡ്‌സിനെതിരെയുള്ള ഒരു പ്രോഗ്രാമിൽനിന്ന് - ഫയൽ ചിത്രം 

ലോക എയ്‌ഡ്‌സ്‌ ദിനം: അസമത്വങ്ങൾക്കെതിരെ സാന്ത് എജീദിയോ സമൂഹം

എച്ച്ഐവി, കോവിഡ്-19 എന്നിവയ്‌ക്കെതിരേയുള്ള പോരാട്ടത്തിൽ അസമത്വങ്ങൾ പാടില്ലെന്ന്, പാവപ്പെട്ടവർക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുന്ന സാന്ത് എജീദിയോ സമൂഹം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലോകാരോഗ്യ സംഘടന സ്ഥാപിച്ച ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്‌നുകളിൽ ഒന്നായ ലോക എയ്‌ഡ്‌സ്‌ ദിനം ഡിസംബർ ഒന്നിന് ആചരിക്കുന്ന അവസരത്തിൽ, അസമത്വങ്ങൾക്കെതിരെ പോരാടി ആഫ്രിക്കയുടെ ഭാവി സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ഉദ്ദേശമെന്ന്, എയ്‌ഡ്‌സ്‌, കോവിഡ് രോഗങ്ങൾക്കെതിരെ പ്രവർത്തിക്കുവാനായി, സാന്ത് എജീദിയോ സമൂഹം തയ്യാറാക്കിയ "ഡ്രീം" എന്ന പദ്ധതിയുടെ ഡയറക്ടർ ശ്രീമതി പൗള ജെർമാനോ വ്യക്തമാക്കി.

എയ്‌ഡ്‌സും കോവിഡും

ലോകത്ത് കോവിഡ് മഹാമാരി കൊണ്ടുവന്ന പ്രതിസന്ധിയിലൂടെ മൂന്നാം വർഷത്തിലേക്ക് നാം കടക്കുമ്പോൾ, ലോകത്തെ ഇപ്പോഴും ഭീഷണിപ്പെടുത്തുന്ന ഒരു രോഗമായ എയ്ഡ്‌സ് മഹാമാരി വന്നിട്ട് അഞ്ചു പതിറ്റാണ്ടുകളായി എന്ന് ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു.

എച്ച്‌ഐവിയുടെ ആദ്യ കേസുകൾ കണ്ടെത്തിയതു മുതൽ ഇന്നുവരെ, ലോകത്ത് ഏതാണ്ട് എട്ടുകോടിയോളം ആളുകളെ ഈ രോഗം ബാധിച്ചിട്ടുണ്ടെന്നും മൂന്നര കോടിയോളം ആളുകൾ എയ്‌ഡ്‌സ് സംബന്ധമായ അസുഖങ്ങൾ മൂലം മരിച്ചതായും കണക്കാക്കപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, എച്ച്ഐവി പോസിറ്റീവ് ആളുകളിൽ മൂന്നിൽ രണ്ട് ഭാഗവും, അതായത് ഏതാണ്ട് രണ്ടര കോടിയിലധികം ആളുകൾ, ആഫ്രിക്കയിലാണ് താമസിക്കുന്നത്, അവരിൽ എൺപതു ശതമാനവും, 15-നും 19-നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ്. 2002 മുതൽ 10 ആഫ്രിക്കൻ രാജ്യങ്ങളിലായി 50 ആരോഗ്യ കേന്ദ്രങ്ങളിൽ ഇവിടങ്ങളിലുള്ള സ്ത്രീകൾക്കായാണ് ഡ്രീം എന്ന പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചത്. ഇതുവഴി രോഗനിർണയത്തിനും മികച്ച ചികിത്സകൾക്കും ഉള്ള സൗജന്യസഹായം ആണ് നൽകുന്നത്. ഇതിനോടകം ഏതാണ്ട്  അഞ്ച് ലക്ഷത്തിലധികം ആളുകൾ ഈ പ്രോഗ്രാം വഴി ചികിത്സിച്ചു നേടിയിട്ടുണ്ട്. ഇന്നുവരെ, എച്ച്ഐവി പോസിറ്റീവ് അമ്മമാരിൽ നിന്ന് ആരോഗ്യമുള്ള ഒന്നേകാൽ ലക്ഷം കുട്ടികളുടെ ജനനം ഡ്രീം സാധ്യമാക്കാൻ ഡ്രീമിനായിട്ടുണ്ട് എന്ന് സാന്ത് എജീദിയോ സമൂഹം അറിയിച്ചു.

പ്രാദേശികമായ പ്രതിരോധ പദ്ധതികൾ

ഡ്രീം പദ്ധതിയുടെ ആരംഭം മുതൽ ഇന്നുവരെയുള്ള കാലയളവിൽ, കുറഞ്ഞ ചെലവിൽ പരമാവധി ഫലങ്ങൾ ഉറപ്പാക്കിക്കുന്ന ഒരു സംവിധാനം വികസിപ്പിക്കുന്നതിന് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രാദേശിക ആരോഗ്യ സംവിധാനങ്ങളെ സഹായിക്കാൻ സാന്ത് എജീദിയോ സമൂഹത്തിനായിട്ടുണ്ട്. തങ്ങളുടെ പ്രവർത്തനം മരുന്നുകളുടെ വിതരണത്തിൽ മാത്രം പരിമിതപ്പെടുത്താതെ, ദേശീയ ആരോഗ്യ സംവിധാനങ്ങളെ പിന്തുണച്ച്, ആരോഗ്യ കേന്ദ്രങ്ങൾ വഴി പ്രാദേശിക ജീവനക്കാരെ പരിശീലിപ്പിക്കുകയും രോഗികൾക്ക് ചികിത്സാസഹായം തേടാനും, പരിശാധനയും, പ്രതിരോധമാർഗ്ഗങ്ങളും ലഭ്യമാക്കാനും, ഈ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. ആരോഗ്യം, ചികിത്സ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേകിച്ച് കൗമാരക്കാർക്ക് അവബോധം നൽകുവാനും ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

2020-ൽ ആഫ്രിക്കയിൽ കോവിഡ് മഹാമാരി വന്നെത്തിയതുമുതൽ, തങ്ങളുടെ കൂടുതൽ ശ്രദ്ധയും ഇതിനെതിരായ പോരാട്ടത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു എന്ന് ഡ്രീം പദ്ധതിയുടെ അധ്യക്ഷ പറഞ്ഞു. മാസ്കുകൾ, സാനിറ്റൈസിംഗ് ജെല്ലുകൾ, സാനിറ്റൈസിംഗ് ഉൽപ്പന്നങ്ങൾ എന്നിവ വിതരണം ചെയ്യുകയും കോവിഡ് പരിശോധനകൾ നടത്തുകയും ചെയ്യുന്നുണ്ട്. കുറച്ച് മാസങ്ങളായി, മലാവി, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിൽ കോവിഡ് -19 നെതിരെയുള്ള വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്. എയ്‌ഡ്‌സ്‌ രോഗികൾക്ക് രോഗപ്രതിരോധ ശേഷി കുറവായതിനാൽ, അവർക്ക് കോവിഡിനെതിരായ വാക്സിനുകൾ ലഭിക്കുന്നതിന് മുൻഗണനയുണ്ട്.

കൂട്ടായ പരിശ്രമങ്ങൾ ആവശ്യം

ഈ ദിവസങ്ങളിൽ സാർസ്-കോവ്2 വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ വരവിനെ ലോകം ആകാംക്ഷയോടെയും ഭയപ്പെടുന്നു എന്ന് പറഞ്ഞ ഡ്രീം അധ്യക്ഷ, ഈ വകഭേദം പടരുന്നത് തടയാൻ ആഫ്രിക്കയെ ഒറ്റപ്പെടുത്തുക എന്നതായിരുന്നു ലോകത്തിന്റെ വടക്കൻ ഭാഗത്തുള്ള രാജ്യങ്ങളുടെ ഇതുവരെയുള്ള നീക്കം എന്ന് എടുത്തുപറഞ്ഞു. എന്നാൽ, ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ  ഈ മഹാമാരിയിൽനിന്ന് പുറത്തുവരാനാകൂ എന്ന തിരിച്ചറിവ് ഇപ്പോഴും എല്ലാവർക്കും ആയിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു. ആഫ്രിക്കയെ ഒറ്റപ്പെടുത്തുന്നതുമായി ബന്ധപ്പെടുത്തി, വൈറസിന് മതിലുകളൊന്നും അറിയില്ല എന്നും വാക്സിനുകൾ എല്ലാവർക്കും ലഭ്യമാകുന്നതുവരെ ആഗോള ഭീഷണി നിലനിൽക്കുമെന്നും ശ്രീമതി പൗള ഓർമ്മപ്പെടുത്തി. പല പടിഞ്ഞാറൻ രാജ്യങ്ങളിലും പ്രതിരോധ മരുന്നിന്റെ മൂന്നാം ഡോസ് ലഭ്യമാണെങ്കിലും, ആഫ്രിക്കയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇതുവരെ ആദ്യ വാക്സിൻ പോലും ഇതുവരെ ലഭിച്ചിട്ടില്ല. ഈ അസമത്വം എത്രയും വേഗം പരിഹരിക്കപ്പെടുമെന്നും ദരിദ്രരായ ജനങ്ങൾക്ക് ആവശ്യമായ വാക്സിനുകൾ അയയ്ക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും സാന്ത് എജീദിയോ സമൂഹത്തിന്റെ ഡയറക്ടർ പ്രത്യാശ പ്രകടിപ്പിച്ചു.

ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച്, കോവിഡ് വാക്‌സിനുകൾ എല്ലാവർക്കും ലഭ്യമാക്കുക എന്നത് സമത്വത്തിന്റെയും നീതിയുടെയും മാത്രം കാര്യമല്ലെന്നും, ആഫ്രിക്കയെ രക്ഷിക്കുന്നത് എല്ലാവരേയും രക്ഷിക്കുക എന്നതിന് ആവശ്യമാണെന്നും ഡ്രീം പദ്ധതി അധ്യക്ഷ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 December 2021, 16:17