തിരയുക

ഫ്രാൻസിസ് പാപ്പാ ലെസ്ബോയിലെ അഭയാർത്ഥികളെ സന്ദർശിച്ചപ്പോൾ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ ലെസ്ബോയിലെ അഭയാർത്ഥികളെ സന്ദർശിച്ചപ്പോൾ - ഫയൽ ചിത്രം 

ഇറ്റലിയിലേക്ക് കൂടുതൽ അഭയാർത്ഥികൾ

ലെസ്ബോ ദ്വീപിൽനിന്നും ഗ്രീസിന്റെ മറ്റു ഭാഗങ്ങളിൽനിന്നും നാൽപ്പത്തിയാറ് അഭയാർത്ഥികളെ സാന്ത് എജീദിയോ സമൂഹം ഇറ്റലിയിലെത്തിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സുരക്ഷിതമായി അഭയാർത്ഥികളെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൊണ്ടുവരാനായി ഉപയോഗിക്കുന്ന "മാനുഷിക ഇടനാഴി" എന്നറിയപ്പെടുന്ന മാർഗ്ഗം ഉപയോഗിച്ച്, വിവിധ രാജ്യങ്ങളിൽനിന്നുള്ള നാൽപ്പത്തിയാറ് അഭയാർത്ഥികളെ സാന്ത് എജീദിയോ സമൂഹം റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളം വഴി നവംബർ 30-ന്  ഇറ്റലിയിലെത്തിച്ചു. ഇവിടുത്തെ സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാൻ സഹായിക്കുന്ന പദ്ധതികളോടെ, ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിൽ അവരെ സ്വീകരിക്കും. ഇവരിൽ പ്രായപൂർത്തിയാകാത്ത ചിലരുമുണ്ട്.

സഹനങ്ങളുടെ അവസാനം

അഫ്ഗാനിസ്ഥാൻ, കാമറൂൺ, കോംഗോ, ഇറാഖ്, സിറിയ, സൊമാലിയ, ദക്ഷിണ സുഡാൻ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ് ഇവിടെയെത്തിയത്.. ആഫ്രിക്ക, ഏഷ്യ, മധ്യപൂർവ്വദേശങ്ങൾ എന്നിവിടങ്ങളിലൂടെയുള്ള വളരെ ദുഷ്‌കരമായ യാത്രകളെ അഭിമുഖീകരിച്ച് മോശമായ പെരുമാറ്റവും പലവിധ ചൂഷണങ്ങളും അക്രമങ്ങളും അനുഭവിച്ചതിന് ശേഷമാണ് ഇവരിൽ പലരും ഗ്രീസിലെത്തിയത്. അവിടെയുള്ള അഭയാർത്ഥി ക്യാമ്പുകളിൽ മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ ചെലവഴിച്ച അഭയാർത്ഥികളാണ് ഇവർ.

പുതിയ ജീവിതം

കുടുംബങ്ങളായും ഒറ്റയ്ക്കും വന്നിട്ടുള്ള ഈ ആളുകളുടെയിടയിൽ, പന്ത്രണ്ടു വയസ്സുകാരനായ ഒരു സിറിയൻ ആൺകുട്ടി ഉൾപ്പെടെ മൂന്ന് കുട്ടികൾ ഉണ്ട്. ഇവരെ ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിലയാണ് സ്വീകരിക്കുക. യൂറോപ്പിലെ സാഹചര്യങ്ങളോട് ഒത്തുപോകാനായി അവർക്ക് പരിശീലനം നൽകുകയും, കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നൽകുകയും ചെയ്യും. എന്നാൽ പ്രായപൂർത്തിയായവരെ ഇറ്റാലിയൻ ഭാഷ പഠിക്കാനായിരിക്കും അയക്കുക. അതിനു ശേഷം ഇവർക്ക് അഭയാർത്ഥി പദവി ലഭിച്ചു കഴിഞ്ഞാൽ വിവിധയിടങ്ങളിൽ തൊഴിൽസാധ്യതകളാണ് ഇവർക്ക് അനുവദിക്കപ്പെടുക.

ഇതോടെ, 2016 ഏപ്രിൽ 16-ന് ലെസ്‌ബോയിലേക്കുള്ള യാത്രയ്ക്ക് ശേഷം മടങ്ങുമ്പോൾ ഫ്രാൻസിസ് മാർപാപ്പ റോമിലേക്ക് കൊണ്ടുവന്ന സിറിയൻ അഭയാർത്ഥി കുടുംബങ്ങൾ ഉൾപ്പെടെ, ഗ്രീസിൽ നിന്നുള്ള 215 അഭയാർത്ഥികൾക്ക്, മാനുഷിക ഇടനാഴി എന്ന സംവിധാനം ഉപയോഗിച്ച് ഇറ്റലിയിൽ പ്രവേശനം അനുവദിക്കുകയും, അവരെ സമൂഹത്തിലേക്ക് ഇണക്കിച്ചേർക്കുകയും ചെയ്തു, സമാധാനവും പ്രതീക്ഷകളും നിറഞ്ഞ ഒരു ഭാവിയാണ് അങ്ങനെ അവർക്കു മുന്നിൽ ലഭ്യമായത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 December 2021, 16:26