ഫിലിപ്പീൻസ്: റായി കൊടുങ്കാറ്റുമൂലം കഷ്ടപ്പെടുന്നവർക്കുവേണ്ടി പ്രാർത്ഥന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ശക്തമായി വീശിയടിച്ച റായി കൊടുങ്കാറ്റിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും, ലക്ഷക്കണക്കിന് ആളുകൾ കുടിയൊഴിക്കപ്പെടുകയും ചെയ്ത അവസരത്തിൽ, ഡിസംബർ 25, 26 തീയതികളിൽ കൊടുങ്കാറ്റിന്റെ ദുരിതഫലങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കാൻ ഫിലിപ്പീൻസിലെ കത്തോലിക്കാ മെത്രാൻ സംഘം ആഹ്വാനം ചെയ്തു. ആ ദിവസങ്ങളിൽ പ്രത്യേക ധനസമാഹരണവും നടക്കും. ക്രിസ്തുമസിന്റെ ചൈതന്യത്തിൽ, ഇപ്പോഴത്തെ അപകടത്തിൽപ്പെട്ട പാവപ്പെട്ടവരും ദുരിതമനുഭവിക്കുന്നവരുമായ ആളുകൾക്ക് വേണ്ടി ഫിലിപ്പീസൻസിലെ കാരിത്താസ് സംഘടന വഴി സഹായം നൽകാനാണ് നിർദ്ദേശം. മെത്രാൻസംഘത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഈ പ്രത്യേക അഭ്യർത്ഥന നടത്തിയിരിക്കുന്നത്. കലൂക്കാൻ രൂപതയുടെ മെത്രാനും, ഫിലിപ്പീൻസ് മെത്രാൻസംഘത്തിന്റെ പ്രെസിഡന്റുമായ അഭിവന്ദ്യ പാബ്ലോ വിർജിലിയോ ഡേവിഡ് ആണ് പ്രാർത്ഥനയ്ക്കും അടിയന്തിരധനസഹായത്തിനും അഭ്യർത്ഥന നടത്തിയിരിക്കുന്നത്.
റായി കൊടുങ്കാറ്റിൽപ്പെട്ട് ഏതാണ്ട് ഇരുന്നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അൻപതില്പരം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഫിലിപ്പീൻസിൽ 2021-ൽ വീശിയ പതിനഞ്ചു കൊടുങ്കാറ്റുകളിൽ ഏറ്റവും ശക്തമായതായിരുന്നു ഡിസംബർ 16-ന് വീശിയ റായി ചുഴലിക്കൊടുങ്കാറ്റ്. ഏകദേശം അഞ്ചു ലക്ഷത്തോളം പേരാണ് സ്വഭവനങ്ങളിൽനിന്ന് മാറിത്താമസിക്കുന്നത്. ആളുകളുടെ ആവശ്യത്തിന് കുടിവെള്ളവും, ഭക്ഷണവും, മരുന്നും ലഭ്യമല്ല.
നിലവിൽ വൈദ്യുതിയും, വാർത്താവിനിമയമാർഗ്ഗങ്ങളും പലയിടങ്ങളിലും തടസ്സപ്പെട്ടിരിക്കുന്നെങ്കിലും, രക്ഷാപ്രവർത്തങ്ങൾ തുടരുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ചുഴലിക്കാറ്റ് സാരമായി ബാധിച്ച വിസ്‌യാസ്, മിണ്ടാനാവോ പ്രദേശങ്ങളിൽ ഏതാണ്ട് പത്ത് രൂപതകളുണ്ട്. എല്ലാ ഇടവകകളിൽനിന്നുമുള്ള സംഭാവനകൾ ഒരുമിപ്പിച്ച്, ഇപ്പോൾ ബുദ്ധിമുട്ടിലായിരിക്കുന്ന ആളുകളെ സഹായിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന്, ഫിലിപ്പീൻസിലെ കാരിത്താസ് സംഘടന ഔദ്യോഗിക ഫേസ്ബുക്കിലൂടെ അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: