സ്ത്രീകൾക്കെതിരായ പീഡനങ്ങൾക്കെതിരെ - റോമിലെ അന്തരാഷ്ട്രവിമാനത്താവളത്തിനരികെനിന്ന് സ്ത്രീകൾക്കെതിരായ പീഡനങ്ങൾക്കെതിരെ - റോമിലെ അന്തരാഷ്ട്രവിമാനത്താവളത്തിനരികെനിന്ന് 

നവംബർ 25: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം

കോവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധി സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന്, ലോക കത്തോലിക്കാ വനിതകളുടെ സംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലോകത്തെമ്പാടും നവംബർ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള അന്താരാഷ്ട്രദിനമായി ആചരിക്കുന്ന അവസരത്തിൽ, ഇതുമായി ബന്ധപ്പെട്ട് ഫലപ്രദമായ നടപടികൾ വേണമെന്ന്, ലോക കത്തോലിക്കാ വനിതകളുടെ സംഘടനയുടെ പ്രസിഡന്റ് മരിയ ലിയ സെർവീനോ ആവശ്യപ്പെട്ടു.

മാനസികവും, ശാരീരികവുമായ അക്രമങ്ങളും, പ്രത്യേകിച്ച് ലൈംഗികഅതിക്രമങ്ങളും ഇപ്പോഴത്തെ മഹാമാരിയുടെ സമയത്ത് വർദ്ധിച്ചു എന്നും, അതോടൊപ്പം സ്ത്രീഹത്യകളും കോവിഡ് സമയത്ത് ലോകമെമ്പാടും കൂടിയിട്ടുണ്ട് എന്നും  മരിയ ലിയ അറിയിച്ചു.

"പീഡനങ്ങൾ സഹിക്കുന്ന ആളുകൾ തങ്ങളുടെ നിശബ്ദത കൈവെടിഞ്ഞ് സംസാരിക്കുന്നതും, സാക്ഷ്യം നൽകുന്നതും, നമുക്ക് അവഗണിക്കാനാകാത്ത ഒരു സഹായാഭ്യർത്ഥനയാണെന്ന" ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ച സംഘടനാ പ്രസിഡണ്ട്, അന്താരാഷ്ട്രതലത്തിൽ വനിതകൾക്കായുള്ള ഒരു നിരീക്ഷണാലയം സ്ഥാപിച്ചത്, ഈ ഒരു പ്രചോദനം കൂടി ഉൾക്കൊണ്ടുകൊണ്ടായിരുന്നു എന്ന് പറഞ്ഞു. കരീബിയൻ ദ്വീപസമൂഹങ്ങളിലും, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും നിന്ന്, ഇപ്പോൾത്തന്നെ തങ്ങൾക്ക് ഇത്തരത്തിൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അവർ അറിയിച്ചു. പതിനാല് രാജ്യങ്ങളിൽനിന്നുള്ള ഇരുപത്തിയഞ്ച് വിദഗ്ധകൾ, മഹാമാരിയുടെ സമയത്ത്, മുൻപുണ്ടായിരുന്നതിനേക്കാൾ പീഡനനിരക്കുകൾ വർദ്ധിച്ചിട്ടുണ്ടെന്ന് മരിയ ലിയ കൂട്ടിച്ചേർത്തു.

ഒറ്റപ്പെടലിന്റെ സമ്മർദ്ദവും, വേദനയും, ഉത്കണ്ഠയും, ഗാർഹിക പീഡനങ്ങൾക്ക് കാരണമായെന്നും, ദേവാലയങ്ങൾക്ക്, ഇങ്ങനെയുള്ള സ്ത്രീകൾകുടെ പരാതികൾ കേൾക്കാനും റിപ്പോർട്ട് ചെയ്യാനുമുള്ള കൂടുതൽ സാദ്ധ്യതകൾ നല്കാനായിട്ടില്ലെന്നും പറഞ്ഞ മരിയ ലിയ, അക്രമികളും ഇരകളും ഒരേ സ്ഥലത്ത് കൂടുതൽ സമയം ഒരുമിച്ച് താമസിക്കേണ്ടിവരുന്നതും കാര്യങ്ങൾ വഷളാക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് കൂട്ടിച്ചേർത്തു. പ്രായപൂർത്തിയാകാത്തവർക്കും കുട്ടികൾക്കും സ്‌കൂളുകളിൽ പോകാൻ കഴിയാതിരുന്നതും, ഇതുപോലെ തന്നെ, മറ്റുള്ളവരിൽനിന്നുള്ള സഹായങ്ങൾ ഇല്ലാതാക്കി.

ലോകത്ത് ഏതാണ്ട് എഴുപത് ശതമാനം സ്ത്രീഹത്യകളും അക്രമികളുമൊത്ത് താമസിക്കുന്ന വീടുകളിലാണ് നടന്നിട്ടുള്ളത്. കോവിഡ് കാലത്ത് കുടുംബങ്ങൾക്കുള്ളിലെ ലൈംഗിക അതിക്രമങ്ങളിൽ ചെറുപ്പക്കാരികളായ പെണ്കുട്ടികളിലെ ഗർഭധാരണത്തിന്റെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ടെന്നും പലപ്പോഴും സ്വന്തം പിതാക്കന്മാരും സഹോദരങ്ങളും പോലും ഇവയ്ക്ക് കാരണമായിട്ടുണ്ടെന്നും സംഘടനാ പ്രസിഡന്റ് അറിയിച്ചു.

ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി, സ്ത്രീകൾക്ക് തങ്ങളുടെ പരാതി പറയാൻ സാധിക്കുന്ന കൂടുതൽ ഇടങ്ങൾ സൃഷ്ടിക്കണമെന്നും, തങ്ങളുടെ അവകാശങ്ങളും സ്ഥാനവും നേടിയെടുക്കാൻ തക്ക വിധത്തിൽ സ്ത്രീകളെ രൂപപ്പെടുത്തിയെടുക്കണമെന്നും, രാഷ്ട്രീയമായതും പൊതുവായതുമായ നയങ്ങൾ രൂപീകരിക്കുന്നതിൽ സ്ത്രീകളെ കൂടുതലായി ഏർപ്പെടുത്തുകണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു എന്നും മരിയ ലിയ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിന് സ്ത്രീകളുടെയും പുരുഷൻമാരുടെയും തുല്യമായ ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനം ആവശ്യമാണെന്നും ലോക കത്തോലിക്കാ വനിതകളുടെ സംഘടനയുടെ പ്രസിഡന്റ് മരിയ ലിയ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2021, 16:41