ദൈവത്തിനായുള്ള സമർപ്പണം ദൈവത്തിനായുള്ള സമർപ്പണം 

വിധവയുടെ കാഴ്ചസമർപ്പണം

വിശുദ്ധ മാർക്കോസിന്റെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം മുപ്പത്തിയെട്ടു മുതൽ നാല്പത്തിനാലുവരെയുള്ള വിചിന്തനം.
സുവിശേഷപരിചിന്തനം Mark 12, 38-44

ഫാ. ഡോ.  ക്ളീറ്റസ് കതിർപറമ്പിൽ

ഈശോയാൽ സ്നേഹിക്കപ്പെട്ടവരെ,

കോവിഡെന്ന മഹാമാരി സമ്മാനിച്ച ദീർഘകാലത്തെ അടച്ചുപൂട്ടിയിരിപ്പിനു ശേഷം ഈയാഴ്ചയാണ് നമ്മുടെ വിദ്യാർത്ഥികൾ സ്‌കൂളുകളിൽ പോയി പഠനം പുനരാരംഭിച്ചുതുടങ്ങിയത്. വിദ്യാലായാന്തരീക്ഷത്തിൽ കുട്ടികളെ ഒരുക്കാനും അവരെ രൂപപ്പെടുത്താനും അധ്യാപകരും വിദ്യാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. കുട്ടികളെ ഒരുക്കുന്ന അധ്യാപകരുടെ ഒരു വലിയ ഉത്തരവാദിത്വമാണ് അവരുടെ വളർച്ചയെ അളക്കാനുതകുന്ന വിധത്തിൽ വാർഷികപ്പരീക്ഷ നടത്തുക എന്നതും ആ പരീക്ഷയ്ക്കായി അവരെ ഒരുക്കുക എന്നതും.

ആരാധനാക്രമവത്സരം എന്ന് പറയുന്നത് ഇത്തരത്തിലുള്ള ഒരു പരിശീലനവും ഒരുക്കലുമാണ്. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിശ്വാസിസമൂഹത്തിന്റെ ആരാധനയിലൂടെയുള്ള പ്രയാണത്തിന്റെ അവസാനത്തോടടുക്കുമ്പോൾ തിരുസഭാമാതാവ് തന്റെ മക്കളെ ഏറ്റവും പ്രധാനസംഗതികൾ ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചുകൊണ്ട് അവർക്ക് നൽകുന്ന അടുത്ത ഒരുക്കമാണ് ഇന്നത്തെ സുവിശേഷത്തിലെ പരിചിന്തനവിഷയം.

സുവിശേഷത്തിൽ വ്യക്തതയുള്ള രണ്ടുതരം ആളുകളുടെ പ്രതിനിധികളാണുള്ളത്. അഹങ്കാരികളും ആർത്തിപ്പണ്ടാരങ്ങളുമായ നിയമജ്ഞർ ഒരു വശത്തും ദരിദ്രയും നിരാലംബയുമായ ഒരു സാധുവിധവ മറുവശത്തും. ദൈവമടക്കം എല്ലാം തങ്ങളുടെ അവകാശവും സ്വന്തവുമാണെന്ന് അഹങ്കരിക്കുന്ന ആഢ്യന്മാരായ നിയമജ്ഞരെ വിശേഷിപ്പിക്കാൻ സുവിശേഷത്തിന്റെ ആദ്യഭാഗത്ത് അവതരിപ്പിക്കുന്ന ചുരുക്കം വാക്കുകൾ ധാരാളം മതിയാകും. അവർ വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുകയും ദീർഘമായി പ്രാർത്ഥിക്കുന്നു എന്ന് നടിക്കുകയും ചെയ്യുന്നു. ആന്തരികത നശിച്ച, അഹങ്കാരത്തിന്റെ ആൾരൂപങ്ങളായ വെറും പുറമോടിക്കാർ. ഈ നാട്യക്കാർ തടിച്ചുകൊഴുക്കുന്നത് വിധവകളെപ്പോലെ ഗതികെട്ടവരുടെ ഭവനങ്ങൾ വിഴുങ്ങിക്കൊണ്ടാണ്. ദൈവത്തിന്റെ സ്വന്തക്കാരായി അടുത്തുനിൽക്കുന്ന ഇവർക്ക് ചെറിയവരെ ചൂഷണം ചെയ്‌ത് തങ്ങളുടെ തടി വളർത്താൻ ഒരു മടിയും ഇല്ല.

സുവിശേഷത്തിന്റെ കേന്ദ്രബിന്ദുവായ രണ്ടാം ഭാഗത്തിലെ ദരിദ്രയായ വിധവയ്ക്ക് വിശേഷണങ്ങൾ ഒന്നും തന്നെ ആവശ്യമില്ല. അവളെപ്പോലെയുള്ള സാധുജീവിതങ്ങളുടെ അനാഥാവസ്ഥ മനസ്സിലാക്കാൻ ഒന്നാം വായനയിലേക്കൊന്ന് നോക്കുകയെ വേണ്ടു. യേശുക്രിസ്തു ജനിക്കുന്നതിനും ഏതാണ്ട് എണ്ണൂറ്റിയന്പത് കൊല്ലങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന തീക്ഷ്ണമതിയായ എലിയപ്രവാചകന്റെ ജീവിതത്തിൽനിന്നുള്ള ഒരേടാണ് അവിടുത്തെ പ്രതിപാദ്യം.

ആഹാബ് രാജാവും അദ്ദേഹത്തിന്റെ വിജാതീയായ ഭാര്യ ജെസെബെലും അവരവതരിപ്പിച്ച ബാൽ എന്ന വിജാതീയ ദേവനും വിഗ്രഹാരാധനയും വിഗ്രഹാരാധനയോടൊപ്പം ജനം ആസ്വദിച്ച് അനുഭവിച്ചുപോന്ന അധാർമ്മികപ്രവൃത്തികളും എല്ലാം സൈന്യങ്ങളുടെ ദൈവമായ കർത്താവിന്റെ കോപം ക്ഷണിച്ചുവരുത്തിയപ്പോൾ ദേശമെങ്ങും വ്യാപിച്ച വലിയ വറുതിയാണ് പശ്ചാത്തലം. ആഹാബിന്റെ കൈയിൽനിന്നും ജീവരക്ഷാർത്ഥം ഓടിയൊളിച്ച എലിയാപ്രവാചകൻ തന്റെ മരുഭൂമി വാസം അവസാനിപ്പിച്ചുകൊണ്ട് ദൈവത്തിന്റെ നിർദ്ദേശാനുസരണം മരുഭൂമിയിൽനിന്നും പുറത്തുകടന്ന്, ജനവാസകേന്ദ്രങ്ങളിലൂടെ വടക്കോട്ട് സഞ്ചരിക്കുമ്പോൾ ഒരു സാധുവിധവയുമായി നടത്തുന്ന കണ്ടുമുട്ടലാണ് ഒന്നാം വായന.

നാട് മുഴുവൻ വറുതിയിലാണ്. സാധുവിധവയാകട്ടെ, അവളുടെ അവസ്ഥ പരിതാപകരമാണെന്ന് ഉറപ്പ്. ഇവിടെ പ്രവാചകൻ ആദ്യം അവളോട് കുടിക്കാൻ അല്പം വെള്ളം ചോദിക്കുന്നു. വെള്ളമെടുക്കാൻ പോകുന്ന അവളോട് കുറച്ച് അപ്പംകൂടി ആവശ്യപ്പെടാൻ പ്രവാചകൻ മടിക്കുന്നില്ല. അപ്പോൾ അവൾ തന്റെ ഗതികെട്ട അവസ്ഥ പ്രവാചകനോട് വിശദീകരിക്കാൻ നിർബന്ധിതയാകുന്നു. കലത്തിൽ ഒരുപിടി മാവും ഭരണിയിൽ അല്പം എണ്ണയും മാത്രം അവശേഷിച്ചിരിക്കെ അവൾ ചുള്ളിവിറക് പെറുക്കാനിറങ്ങിയതാണ്. അപ്പമുണ്ടാക്കി അവളും മകനും കഴിച്ചതിനുശേഷം മരിക്കാൻ. മരണത്തിന്റെ വക്കിൽ നിൽക്കുന്ന ഒരുവൾ. എരിഞ്ഞു തീരുന്ന പച്ചയായ ജീവിതയാഥാർഥ്യത്തിന് മുൻപിൽ നിൽക്കുന്ന ദൈവപുരുഷൻ. ഗതികെട്ട ആ സാധുവിധവയോടുള്ള എലിയപ്രവാചകന്റെ കൽപ്പന. പറഞ്ഞതുപോലെ ചെയ്യുക. ആദ്യം ചെറിയൊരു അപ്പമുണ്ടാക്കി എനിക്ക് തന്നതിന് ശേഷം നിനക്കും മകനും വേണ്ടി അപ്പം ഉണ്ടാക്കിക്കൊള്ളുക. താൻ ഭൂമിയിൽ മഴപെയ്യിക്കുന്നതുവരെ കലത്തിലെ മാവ് തീർന്നുപോവുകയില്ല, ഭരണിയിലെ എണ്ണ വറ്റുകയുമില്ല എന്ന് ഇസ്രയേലിന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട വംശമായ ഇസ്രായേൽ സമൂഹത്തിലെ അംഗമൊന്നുമല്ല ഈ സാധുസ്ത്രീ. എന്നിട്ടും വിജാതീയായ അവൾ ദൈവത്തിൽ ആശ്രയിച്ചു. എലിയപ്രവാചകന്റെ വാക്കുകൾ വിശ്വസിച്ചു. പ്രവാചകൻ പറഞ്ഞതുപോലെ ചെയ്തു. വചനം സാക്ഷ്യപ്പെടുത്തുന്നു. അവളും കുടുംബവും അനേകദിവസം ഭക്ഷണം കഴിച്ചു. ഏലിയവഴി കർത്താവ് അരുളിച്ചെയ്തതുപോലെ കലത്തിലെ മാവ് തീർന്നുപോയില്ല ഭരണിയിലെ എണ്ണ വറ്റിയുമില്ല.

ഒരു മഹാവറുതിയെ അതിജീവിക്കാനുതകുന്ന ദൈവചൈതന്യമായി അവതരിച്ച പ്രവാചക സാന്നിദ്ധ്യം. ആരോരും ആശ്രയമില്ലാതെ, മരിക്കാനൊരുങ്ങിക്കൊണ്ടിരുന്ന ഒരു സാധുവിധവയുടെ ജീവിതത്തിലേക്ക് അപ്പത്തിന്റെ ജീവനും എണ്ണയുടെ സൗഖ്യവുമായി ഏലിയപ്രവാചകനെ അയച്ച സൈന്യങ്ങളുടെ ദൈവമായ കർത്താവിന്റെ മുൻപിൽ ഇന്നിതാ മറ്റൊരു വിധവ ദൈവാലയത്തിൽ കാണിക്ക നിക്ഷേപിക്കുന്നു. വിധവകളുടെയും നിരാലംബരുടെയും ഭവനങ്ങൾ വിഴുങ്ങി തടിച്ചുകൊഴുത്ത അന്നത്തെ പ്രമാണിമാരായ നിയമജ്ഞരുടെ കാഴ്ച്ചയിൽ ദൈവത്തിന്റെയോ മനുഷ്യരുടെയോ യാതൊരുവിധ ശ്രദ്ധയ്ക്കും അർഹതയില്ലാത്ത, വെറും നിസ്സാരയായ ഒരു സാധു വിധവയും അവളുടെ തുശ്ചമായ കാഴ്ചയും. ജെറുസലേം ദേവാലയമതിലിനോട് ചേർന്ന് പതിമൂന്ന് ഭണ്ഡാരകുറ്റികളാണുണ്ടായിരുന്നതെന്നും, അതിൽ പതിമൂന്നാമത്തേത് ഒരുവിധ നിർബന്ധവുമില്ലാതെ സ്വമനസ്സാലെയുള്ള സംഭവനകൾക്കായി മാറ്റിനിർത്തപ്പെട്ടതായിരുന്നു എന്നുമാണ് പണ്ഡിതമതം. വിധവ തന്റെ ചില്ലിക്കാശ് നിക്ഷേപിച്ചത് ഈ ഭണ്ഡാരത്തിലാകാനാണ് സാധ്യത. കടലാസുകറൻസികൾ പ്രാബല്യത്തിലില്ലാത്ത അക്കാലത്ത് സാധാരണയായി ഭണ്ഡാരക്കുറ്റിയിൽ നിക്ഷേപിക്കുന്ന നാണയങ്ങൾ ഭണ്ഡാരക്കുറ്റിയുടെ ചുവട്ടിലുള്ള ലോഹ പൈപ്പിലൂടെ ഉരുണ്ട് മുറിക്കുള്ളിൽവച്ചിരിക്കുന്ന പെട്ടിയിൽ ചെന്ന് വീഴുന്നു. നാണയത്തുട്ടുകൾ ഇങ്ങനെ ഉരുളുമ്പോഴുണ്ടാകുന്ന ശബ്ദത്തിൽനിന്നും നാണയത്തിന്റെ വലിപ്പവും മൂല്യവും ഒരു പരിധിവരെ ഊഹിച്ചെടുക്കാൻ സാധിക്കും. നാണയങ്ങളുടെ വലിയ കിലുക്കങ്ങൾ ഒന്നും ഉണ്ടാക്കാതെ നേരിയ ശബ്ദം മാത്രം ജനിപ്പിച്ച വിധവയുടെ സംഭാവന ഏറ്റവും ചെറിയ നാണയമായിരുന്നു എന്ന് സമീപത്തുണ്ടായിരുന്ന എല്ലാവർക്കും മനസ്സിലായിക്കാണും.

സുവിശേഷത്തിന്റെ ആദ്യഭാഗത്ത് അവതരിപ്പിച്ച നിയമജ്ഞരെപ്പോലെയുള്ളവരെ സംബന്ധിച്ച് ഒരു ശ്രദ്ധയ്ക്കും പരിഗണനയ്ക്കും അർഹതയില്ലാത്ത വെറും നിസ്സാരമായ ഒരു പ്രവൃത്തി. ഈയൊരു നിസ്സാരതയെയാണ് കർത്താവ് ഏറ്റവും വലുതായി പ്രശംസിച്ചത്. അവിടുത്തെ കാഴ്‌ചപ്പാടിൽ ആ സാധുവിധവ മറ്റാരെയുംകാൾ കൂടുതൽ ഭണ്ഡാരത്തിൽ നിക്ഷേപിച്ചിരിക്കുന്നു. കാരണം മറ്റുള്ളവർ തങ്ങളുടെ സമൃദ്ധിയിൽനിന്നും സംഭാവന ചെയ്തപ്പോൾ അവൾ തന്റെ ദാരിദ്ര്യത്തിൽനിന്ന് തനിക്കുണ്ടായിരുന്നതെല്ലാം തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും ആണ് നിക്ഷേപിച്ചിരിക്കുന്നത്. അവൾ സമർപ്പിച്ചത് അവൾക്കുള്ള എന്തെങ്കിലുമല്ല. അവളെത്തന്നെയാണ്, അവളുടെ ജീവനും ജീവിതവും പൂർണ്ണമായാണ്. തന്റെ ഉപജീവനത്തിനുള്ള വക മുഴുവൻ ദൈവത്തിന് കാഴ്ചസമർപ്പിച്ചിട്ട് നടന്നുനീങ്ങുന്ന ഈ സാധുസ്ത്രീയാണ് വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുകയും ദീർഘമായി പ്രാർത്ഥിക്കുന്നു എന്ന് നടിക്കുകയും ചെയ്യുന്ന പ്രമാണിമാരുടെ മുൻപിൽ കർത്താവ് അവതരിപ്പിക്കുന്ന മാതൃകാവ്യക്തിത്വം.

ഒന്നുമില്ലായ്മയ്ക്ക് നടുവിൽനിന്നും തന്നെയും തനിക്കുള്ള വിഭവങ്ങൾ മുഴുവനെയും ദൈവതൃക്കരങ്ങളിൽ സമർപ്പിച്ചുകൊണ്ട് ദൈവത്തെ പൂർണ്ണമായി സ്വന്തമാക്കുന്ന ഇത്തരം അത്ഭുതമനുഷ്യർ ഇന്നുമില്ലേ? ദൈവമടക്കം എല്ലാം എന്റെ വരുതിയിലാണെന്ന അഹന്തയോടെ സാധുവിധവയെ പുശ്ചത്തോടെ നോക്കിയ നിയമജ്ഞർക്കുള്ള താക്കീതുകൂടിയാണ് വിധവയുടെ സമ്പൂർണ്ണ സമർപ്പണത്തിന് നേർക്കുള്ള നാഥന്റെ പ്രശംസാവചസ്സുകൾ. നാം സ്വായത്തമാക്കേണ്ട പ്രമാണിത്തം സുവിശേഷത്തിലെ നിയമജ്ഞരെപ്പോലെ അഹന്തയുടേയോ ദാർഷ്ട്യത്തിന്റെയോ സ്വയം ന്യായീകരണത്തിന്റെയോ കപടമായ നാട്യത്തിന്റെയോ അല്ലെന്ന് നമുക്ക് തിരിച്ചറിയാം. ദാരിദ്ര്യമെന്നത് എന്തിന്റെയെങ്കിലും കുറവാണെങ്കിൽ ദൈവത്തെക്കൊണ്ട് നമ്മെത്തന്നെ നിറയ്ക്കുന്നതിനുള്ള ഒരവസരമാണ് ആ കുറവ് എന്ന ബോധ്യത്തോടെ നമുക്ക് എളിമയോടെ സ്വയം ദാനമാകാം. അതിന് കർത്താവിന്റെ പ്രശംസ ഏറ്റുവാങ്ങിയ ഈ സാധുവിധവയെ നമ്മുടെ ജീവിതമാതൃകയാക്കാം. കർത്താവിന്റെ അനുഗ്രഹം അതിന് നമുക്ക് സഹായം ആകുമാറാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2021, 14:40