ചാട്ടവാറെന്തിയ ക്രിസ്തു ചാട്ടവാറെന്തിയ ക്രിസ്തു 

വിശുദ്ധീകരിക്കപ്പെടേണ്ട ദേവാലയങ്ങൾ

വിശുദ്ധ യോഹന്നാന്റെ സുവിശേഷം രണ്ടാം അധ്യായം പതിമൂന്നുമുതൽ ഇരുപത്തിരണ്ടു വരെയുള്ള വാക്യങ്ങളെക്കുറിച്ചുള്ള വിചിന്തനം.
സുവിശേഷപരിചിന്തനം John 2, 13-22 - ശബ്ദരേഖ

ഫാ. ആന്റണി തേക്കാനത്ത്

മിശിഹായിൽ പ്രിയമുള്ളവരെ, പള്ളിക്കൂദാശാക്കാലം  മൂന്നാമത്തെ ഞായറാഴ്ച വി.യോഹന്നാന്റെ സുവിശേഷം  രണ്ടാം അധ്യായം 13 മുതൽ 22 വരെയുള്ള വാക്യങ്ങളിൽ ക്രിസ്തു ദേവാലയം ശുദ്ധീകരിക്കുന്ന രംഗമാണ് നമ്മൾ വായിക്കുന്നത്. യഹൂദനിയമമനുസരിച്ച് പെസഹാ തിരുനാൾ ആചരിക്കാൻ യേശുവും ശിഷ്യന്മാരും ജറുസലേം ദേവാലയത്തിലാണ്. ഒരു പക്ഷേ, സുവിശേഷങ്ങളിൽ മറ്റൊരിടത്തും കാണാത്ത വിധം കോപാകുലനായാണ് മിശിഹാ ദേവാലയത്തിൽ പെരുമാറുന്നത്. അവിടുന്ന് കയറുകൊണ്ട് ഒരു ചാട്ടവാർ ഉണ്ടാക്കി കച്ചവടക്കാരെ പുറത്താക്കുന്നു. നാണയം മാറ്റക്കാരുടെ മേശകൾ തട്ടി മറിക്കുന്നു. എന്റെ പിതാവിന്റെ ആലയം നിങ്ങൾ  കച്ചവടസ്ഥലം ആക്കരുത് എന്നാണ് യോഹന്നാൻ മിശിഹായുടെ വാക്കുകൾ ഓർത്തെടുക്കുന്നത്. വി. മർക്കോസിന്റെ സുവിശേഷത്തിൽ, എന്തുകൊണ്ടാണ് ക്രിസ്തു ചാട്ടവാർ എടുത്തത് എന്ന്  കൂടുതൽ വ്യക്തമാകുന്നു. പതിനൊന്നാം അദ്ധ്യായം പതിനേഴാമത്തെ വാക്യം നമ്മളിങ്ങനെ വായിക്കുന്നു: "അവൻ അവരെ പഠിപ്പിച്ചു: എൻറെ ഭവനം എല്ലാ ജനതകൾക്കുമുള്ള പ്രാർത്ഥനാലയം എന്ന് വിളിക്കപ്പെടുമെന്ന് എഴുതപ്പെട്ടിട്ടില്ലേ? നിങ്ങൾ അതിനെ കവർച്ചക്കാരുടെ  ഗുഹയാക്കി തീർത്തിരിക്കുന്നു. " ഏശയ്യാ ദൈവത്തിനു വേണ്ടി പ്രവചിക്കുന്നുണ്ട് 56-ആം അദ്ധ്യായത്തിൽ: "എന്റെ ആലയം എല്ലാ ജനതകളും ഉള്ള പ്രാർത്ഥനാലയം എന്ന് അറിയപ്പെടും. ജറെമിയാ പ്രവാചകൻ 7-ആം അദ്ധ്യായത്തിൽ  ജറുസലേം ദേവാലയവാതിൽക്കൽ നിന്നുകൊണ്ട് ചോദിക്കുന്നു:  എൻറെ നാമം വഹിക്കുന്ന ആലയം നിങ്ങൾക്ക് മോഷ്ടാക്കളുടെ ഗുഹയാണോ? അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങി കളഞ്ഞു എന്ന് സങ്കീർത്തകൻ 69-ആം അദ്ധ്യായത്തിൽ നടത്തുന്ന രോദനമാണ് ഈ ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ശിഷ്യൻമാരുടെ മനസിലുള്ളത്.

സകല ജനങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനാലയം എങ്ങനെയാണ് കച്ചവട കേന്ദ്രമായത്? അത് തിരിച്ചറിയണമെങ്കിൽ ജറുസലെം ദേവാലയത്തിന്റെ ഘടന നമ്മൾ മനസ്സിലാക്കണം. ദേവാലയത്തിന്റെ അതിവിശുദ്ധ സ്ഥലത്തിനും യഹൂദരുടെ പ്രാർത്ഥനാസ്ഥലത്തിനും ഏറ്റവും പുറത്തായി തെക്കുഭാഗത്ത് The court of Gentiles - ജനതകളുടെ പ്രാർത്ഥനയ്ക്കുള്ള സ്ഥലം - സ്ഥിതി ചെയ്തിരുന്നു. ഇവിടെ യഹൂദനെന്നോ വിജിതീയനെന്നോ തരം തിരിവില്ലാതെ ആർക്കു വേണമെങ്കിലും പ്രവേശിക്കാനും ദൈവത്തെ ആരാധിക്കാനും അവസരം ഉണ്ടായിരുന്നു. എന്നാൽ ദൈവാരാധനയ്ക്കായി മാറ്റിവയ്ക്കപ്പെട്ട ഇടം കാലക്രമേണ കച്ചവട സ്ഥലമാവുകയാണുണ്ടായത്. വിജാതീയ മുദ്രകളുള്ള നാണയങ്ങൾ ദേവാലയ ഭണ്ഡാരത്തിൽ നിക്ഷേപിക്കരുത് എന്ന നിയമത്തിന്റെ മറപറ്റി നാണയം മാറ്റക്കാർ അവിടെ ഇടം പിടിച്ചു. ഊനമറ്റതിനെ മാത്രമേ ബലിയർപ്പിക്കാവൂ എന്നുള്ളതു കൊണ്ടും അത് തീരുമാനിക്കുന്ന ദേവാലയപ്രമാണികൾക്ക് കച്ചവടത്തിന്റെ പങ്കു കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടും ആടിനെയും പ്രാവിനെയും വിൽക്കുന്നവരുടെ കച്ചവടവും പൊടിപൊടിച്ചു. ചുരുക്കത്തിൽ പറഞ്ഞാൽ ഇവിടെ നഷ്ടമായത് മനുഷ്യന് ദൈവത്തെ കണ്ടുമുട്ടാനുള്ള ഇടമാണ്. അവന്റെ ദൈവാനുഭവ സാധ്യതയാണ്. അതുകൊണ്ടു തന്നെ പ്രിയമുള്ളവരെ, നമ്മെയും ദൈവത്തെയും തമ്മിൽ അകറ്റുന്നതിനെ എല്ലാം ചാട്ടവാറുകൊണ്ട് അടിച്ചു പുറത്താക്കാൻ ഇന്നത്തെ വചനഭാഗത്തിലൂടെ തിരുസഭാമാതാവ് നമ്മെ ഉദ്ബോധിപ്പിക്കുന്നു. നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത് എന്ന് വിശുദ്ധ പൗലോസ് ശ്ലീഹ തെസ്സലോനിക്കയിലെ സഭയ്‌ക്കെഴുതിയ ഒന്നാം ലേഖനം നാലാമധ്യായം മൂന്നാമത്തെ വാക്യത്തിലൂടെ ഉദ്ബോധിപ്പിക്കുന്നു. കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ഒന്നാം ലേഖനത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത് ഇപ്രകാരമാണ് ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാൽ ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങൾ തന്നെ. അതുകൊണ്ട് നാം നടത്തേണ്ടത് ഒരു വിശുദ്ധീകരണമാണ്. ഈ ശുദ്ധീകരണ പ്രക്രിയ നമ്മൾ നടത്തേണ്ടത് മൂന്ന് തലങ്ങളിലാണ്.

ഒന്നാമതായി നമ്മുടെ വ്യക്തിജീവിതത്തിൽ നാം നടത്തേണ്ട ചാട്ടവാറടിയാണത്. ക്രിസ്തുവില്നിന്ന് എന്നെ അകറ്റുന്നതിനെ എല്ലാം ഞാൻ ചാട്ടവാറിന് അടിച്ചു പുറത്താക്കേണ്ടതുണ്ട്. നിങ്ങൾ ദൈവത്തിന്റെ അലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ? ദൈവാലയത്തിന്റെ പരിശുദ്ധിക്ക് വിഘാതമായി എന്നിലുള്ളതിനെ ഞാൻ വർജ്ജിക്കേണ്ടിയിരിക്കുന്നു. വിശുദ്ധ പൗലോസ് ശ്ലീഹ കൊളോസോസുകാരെ ഉദ്ബോധിപ്പിക്കുന്നതുപോലെ നിങ്ങളിൽ ഭൗമികമായിട്ടുള്ളതെല്ലാം അസന്മാർഗികത, അശുദ്ധി, ദുർവിചാരങ്ങൾ, ദുഷ്ടത, ദൈവദൂഷണം തുടങ്ങിയവ വർജ്ജിക്കുവിൻ. ആത്മശരീര നൈർമ്മല്യത്തോടുകൂടെ ദൈവസന്നിധിയിൽ വ്യാപാരിക്കാനുള്ള ക്ഷണമാണിത്.

രണ്ടാമതായി നാം ശുദ്ധി ചെയ്യേണ്ടത് നമ്മുടെ കുടുംബങ്ങളാണ്. മാതാപിതാക്കളും മക്കളും ഒരുമിച്ച് പ്രാർത്ഥിക്കുന്ന സ്നേഹത്തോടെ ജീവിക്കുന്ന കുടുംബം യഥാർത്ഥത്തിൽ ദേവാലയം തന്നെയാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസ് ജനതകളുടെ പ്രകാശം എന്ന പ്രമാണ രേഖയിൽ കുടുംബത്തെ വിശേഷിക്കുന്നതു പോലും ഗാർഹിക സഭ എന്നാണ്. അങ്ങനെയെങ്കിൽ നമ്മുടെ കുടുംബത്തിൽ, ദൈവസാന്നിദ്ധ്യസ്മരണയെ തകർക്കുന്നതെല്ലാം നാം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അത് പിണക്കങ്ങളായിരിക്കും, കുടുംബസമാധാനം തകർക്കുന്ന മദ്യപാനം പോലെയുള്ള ദുഃശീലങ്ങളായിരിക്കും, എന്തിനേറെ പറയുന്നു, സന്ധ്യാപ്രാർത്ഥന ചൊല്ലുമ്പോൾ മാത്രമുള്ള ക്ഷീണവും അലസതയും പലവിചാരങ്ങൾ പോലും നാം പരിഹരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ കുടുംബങ്ങളെ വിശുദ്ധീകരിക്കണമേയെന്ന് നമുക്ക് പ്രാർത്ഥിക്കാം.

മൂന്നാമതായി ഈ ശുദ്ധീകരണം നമ്മൾ നടത്തേണ്ടത് നമ്മുടെ സമൂഹത്തിലാണ്. അത് നമ്മൾ അംഗങ്ങളായിരിക്കുന്ന പ്രാദേശികസമൂഹമാകട്ടെ, രാഷ്ട്രമാകട്ടെ, സഭയാകട്ടെ, ഏതു മേഖലയിലായാലും അവിടം വിശുദ്ധീകരിക്കാനുള്ള കടമ ക്രൈസ്തവരെന്ന നിലയിൽ നമുക്കുണ്ട്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1869-ആം ഖണ്ഡികയിൽ ഓർമ്മിപ്പിക്കുന്നതുപോലെ സാമൂഹികതിന്മകൾക്കെതിരെ ഉണർന്നു പ്രവർത്തിക്കാൻ നമുക്ക് കഴിയണം. തെറ്റ് കാണുമ്പോൾ ഇത് തെറ്റാണ് എന്ന് ആർജ്ജവത്തോടെ മുഖത്തു നോക്കി പറയാൻ കഴിയണം. ഒരു സമൂഹം നന്നാകാനുള്ള ആദ്യപടി സ്വയം നന്നാവുക എന്നത് തന്നെയാണ്. നമ്മുടെ ഇടപെടലുകൾ സ്വാർത്ഥലാക്കോടെയാകരുത്. സമൂഹത്തിന്റെ നന്മ മുന്നിൽ കണ്ടുകൊണ്ട് പ്രവർത്തിക്കാൻ, വിശുദ്ധീകരിക്കാൻ നമുക്ക് സാധിക്കണം.

അവസാനമായി ക്രിസ്തുവിന്റെ ദേവാലയശുദ്ധീകരണം നമുക്ക് നൽകുന്ന വാഗ്ദാനവും ഓർമ്മപ്പെടുത്താലും ജോഷ്വയുടെ പുസ്തകം മൂന്നാമധ്യായം അഞ്ചാമത്തെ വാക്യത്തിലാണ്. “നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുവിൻ. നാളെ നിങ്ങളുടെ ഇടയിൽ കർത്താവ് അത്ഭുതങ്ങൾ പ്രവർത്തിക്കും”.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 November 2021, 13:38