തിരയുക

കാംലൂപ്സ് ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂളിന്റെ പരിസരത്തിൽ കഴിഞ്ഞ മേയ് മാസം കണ്ടെത്തിയ 215 അജ്ഞാത ശവകുടീരങ്ങളുടെ മുന്നിൽ അർപ്പിക്കപ്പെട്ട പുഷ്പങ്ങൾ. കാംലൂപ്സ് ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂളിന്റെ പരിസരത്തിൽ കഴിഞ്ഞ മേയ് മാസം കണ്ടെത്തിയ 215 അജ്ഞാത ശവകുടീരങ്ങളുടെ മുന്നിൽ അർപ്പിക്കപ്പെട്ട പുഷ്പങ്ങൾ. 

കാനഡയിൽ തദ്ദേശവാസികൾക്കായുള്ള പ്രാർത്ഥനാദിനം: ക്ഷമയും അനുരഞ്ജനവും പ്രധാന വിഷയം

ഡിസംബർ പന്ത്രണ്ടാം തീയതി ഗ്വാഡലൂപ്പേ മാതാവിന്റെ തിരുനാളിൽ കാനഡയിലെ സഭ തദ്ദേശീയ ജനങ്ങളോടു ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രാർത്ഥനാ ദിനം ആചരിക്കുന്നു. ഇതോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിൽ, മുറിവുണക്കൽ, ക്ഷമ, അനുരഞ്ജനം എന്നിവ പ്രധാന വിഷയമാകുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“നാം മുറിവുണക്കാനും ക്ഷമിക്കാനും അനുരഞ്ജനത്തിനുമായി  വിളിക്കപ്പെട്ടിരിക്കുന്നു” എന്ന ശീർഷകമാണ് ഐക്യദാർഢ്യത്തോടുള്ള പ്രാർത്ഥനാദിനത്തിനായി പ്രാദേശിക മെത്രാൻ സമിതിയുടെ ഉപദേശക സമിതിയായ തദ്ദേശീയ കത്തോലിക്ക (Ccic)കൗൺസിൽ പുറത്തിറക്കിയ സന്ദേശത്തിൽ സ്വീകരിച്ചിട്ടുള്ളത്.

നാം ക്രിസ്തുവിന്റെ ശരീരമാണ്. എല്ലാ ജനങ്ങളുമായും സൗഹൃദത്തിലും ഐക്യത്തിലും ജീവിക്കാൻ നമ്മൾ വിളിപ്പെട്ടിരിക്കുന്നു. കാരണം ജനങ്ങളുടെ, സംസ്കാരങ്ങളുടെ, വംശങ്ങളുടെ, വിശ്വാസങ്ങളുടെ, അതിശയകരമായ വൈവിധ്യം സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഏകദൈവത്തിന്റെ സഹോദരീസഹോദരന്മാരാണ് നമ്മൾ എന്നും സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. നീതിയില്ലാതെ സമാധാനം ഇല്ല സമാധാനം ഇല്ലാതെ നീതിയുമില്ല എന്നും സിസിഐസി വ്യക്തമാക്കി.

റെസിഡൻഷ്യൽ സ്കൂൾ എന്ന് വിളിക്കപ്പെടുന്ന കാംലൂപ്സ് ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂളിന്റെ പരിസരത്തിൽ കഴിഞ്ഞ മേയ് മാസം കണ്ടെത്തിയ 215 അജ്ഞാത ശവകുടീരങ്ങളെക്കുറിച്ചും സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനത്തിൽ കനേഡിയൻ ഗവൺമെന്റ് ആരംഭിച്ച സ്ഥാപനങ്ങളിൽ ഒന്നും കത്തോലിക്കാസഭ ഉൾപ്പെടെയുള്ള പ്രാദേശിക ക്രിസ്ത്യൻ സഭകളെ ഭരമേൽപ്പിച്ചതുമായ ഈ സ്ഥാപനം സ്വദേശികളെ ഉൾക്കൊള്ളുക എന്ന ലക്ഷ്യത്തോടെ ഉയർന്നുവന്നതായിരുന്നു.1980കൾ വരെ സജീവമായി പ്രവർത്തിച്ച ഈ വിദ്യാലയങ്ങളിൽ കുട്ടികൾ പലപ്പോഴും പീഡിപ്പിക്കപ്പെടുകയും മോശമായ പെരുമാറ്റത്തിന് വിധേയരാക്കപ്പെടുകയും ചെയ്തു. അവസാനം അവരുടെ വൈവിധ്യത്തിന് അവരുടെ ജീവൻ കൊണ്ട് വിലകൊടുക്കേണ്ടിയും വന്നു. ഈ സംഭവം വളരെയധികം മനോ വേദന ഉണ്ടാക്കിയിട്ടുണ്ടെന്നും സന്ദേശത്തിൽ ഖേദം പ്രകടിപ്പിച്ചു.

ക്ഷമ എന്നത് താൽക്കാലികമോ  ഉപരിവിപ്ലവമോ ആയിരിക്കരുത്. അത് ക്ഷമിക്കാനുള്ള ദൈവത്തിന്റെ അനന്തമായ കഴിവിന്റെ പ്രതിഫലനമായി ആവിഷ്കരിക്കപ്പെടണം. പ്രതികാര മനോഭാവത്തിന്റെ വിനാശകരമായ ശക്തിക്കു വഴങ്ങരുതെന്നും എന്നും സന്ദേശം വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ വിവേചനവും മുൻവിധിയും പാടില്ല. യേശുക്രിസ്തുവിന്റെ രക്തത്താൽ നാം പലപ്രാവശ്യം ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നും ഇക്കാരണത്താൽ തന്നെ ജനങ്ങൾ തമ്മിലുള്ള വ്യത്യസ്തത മൂലമുള്ള വിവേചനവും മുൻവിധിയും ഉൾപ്പെടെ നമ്മുടെ സഹോദരീ സഹോദരൻമാരുടെ പ്രത്യേകിച്ച്  സ്വാതന്ത്ര്യത്തിന് തടസ്സങ്ങളും അനീതിയും അനുഭവിക്കുന്നവരെ ബഹുമാനിക്കാനും പരിപാലിക്കാനുള്ള വലിയ ഉത്തരവാദിത്വം നമുക്കുണ്ടായിരിക്കണം എന്നും കനേഡിയൻ കത്തോലിക്കാ തദ്ദേശിയ കൗൺസിൽ പുറത്തിറക്കിയ സന്ദേശത്തിൽ വ്യക്തമാക്കി.പ്രത്യേകിച്ചും കോവിഡ് 19ന്റെ സാഹചര്യത്തിൽ പരിചരണത്തിന്റെയും ബഹുമാനത്തിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കുവാൻ ഒരു പുതിയ ഹൃദയവും പുതിയ ആത്മാവും ഇന്നത്തെ ആവശ്യമാണെന്ന് സന്ദേശത്തിൽ ചൂണ്ടിക്കാണിച്ചു.

അസഹിഷ്ണുതകളോടും മുൻവിധികളോടും നമ്മൾ പ്രതികരിക്കേണ്ടത് കരുതലിന്റെയും ബഹുമാനത്തിന്റെയും സംസ്കാരത്തോടെയാണ്. അങ്ങനെ ഭാവിതലമുറകൾക്ക് പ്രത്യാശ നിറഞ്ഞ ഭാവി പ്രദാനം ചെയ്യാൻ കഴിയുമെന്ന് കൗൺസിൽ പ്രത്യാശ പ്രകടിപ്പിച്ചു.തദ്ദേശീയ ജനങ്ങളുമായുള്ള ഐക്യദാർഢ്യത്തിനായുള്ള പ്രാർത്ഥനാദിനം മറ്റൊരു സുപ്രധാന സംഭവത്തിന് തുടക്കംകുറിക്കുന്നുണ്ട്. ഡിസംബർ 17മുതൽ 20വരെ ഫ്രാൻസിസ് പാപ്പാ തദ്ദേശീയരായ ജനങ്ങളുടെ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിക്കും. തുടർന്ന് ആദ്യം തദ്ദേശീയർ, ആദിവാസികൾ, മെറ്റിസ് എന്നീ മൂന്നു വ്യത്യസ്ത സമൂഹങ്ങളുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും അവസാനം എല്ലാവരേയും ഒന്നിച്ചു ഫ്രാൻസിസ് പാപ്പാ കാണുകയു ചെയ്യും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2021, 14:17