തിരയുക

ദയാവധം: പരസഹായത്തോടെയുള്ള ആത്മഹത്യ ദയാവധം: പരസഹായത്തോടെയുള്ള ആത്മഹത്യ 

ദയാവധങ്ങൾക്കെതിരെ ഐക്യരാജ്യങ്ങളിലെ മെത്രാൻസംഘം

വരുന്ന ഒക്ടോബർ 22-ന് ഇംഗണ്ടിലെ പാർലമെന്റിൽ ദയാവധവുമായി ബന്ധപ്പെട്ട നിയമത്തെ സംബന്ധിച്ച രണ്ടാംവട്ട ചർച്ച നടക്കാനിരിക്കെ, ഈ വിപത്തിനെതിരെ പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് ഐക്യരാജ്യങ്ങളിലെ (UK) കത്തോലിക്കാമെത്രാൻസംഘം ഒരു നൊവേന പ്രാർത്ഥനയ്ക്ക് വിശ്വാസികളെ ക്ഷണിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇംഗ്ലണ്ട്, സ്കോട്ട്‌ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയായ യുണൈറ്റഡ് കിംഗ്ഡം എന്ന ഐക്യരാജ്യങ്ങളിൽ വന്നേക്കാവുന്ന ദയാവധവുമായി ബന്ധപ്പെട്ട പുതിയ നിയമനിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകവേ ഇതിനെതിരെ പ്രാർത്ഥിക്കാനാണ് മെത്രാൻസംഘം ആവശ്യപ്പെട്ടത്.

മാരകരോഗമുള്ള ആളുകളുടെ അസഹനീയമായ കഷ്ടപ്പാടുകൾ ലഘൂകരിക്കുക എന്ന കപടന്യായം മുന്നിൽവച്ച് പരസഹായത്തോടെയുള്ള ആത്മഹത്യ എന്ന് വിശേഷിപ്പിക്കാവുന്ന, ദയാവധം എന്ന വലിയ തിന്മയ്‌ക്കെതിരെ  കത്തോലിക്കാവിശ്വാസമനുസരിച്ചുള്ള സഭയുടെ എന്നത്തേയും നിലപാടനുസരിച്ചാണ് ഇംഗ്ലണ്ടിലെയും വെയില്സിലെയും മെത്രാന്മാരുടെ സംഘം വിശ്വാസികളെ നൊവേന പ്രാർത്ഥനയ്ക്ക് ക്ഷണിച്ചത്.

ദയാവധം എന്ന തിന്മയ്‌ക്കെതിരെ ശക്തമായി പഠിപ്പിച്ചിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ മാധ്യസ്ഥ്യത്തിലൂടെ ഇപ്പോൾ പാർലമെന്റ് പരിഗണനയ്ക്ക് വച്ചിട്ടുള്ള നിയമത്തിനെതിരെ പ്രാർത്ഥിക്കുവാനാണ് സഭ ആവശ്യപ്പെട്ടത്.

അമേരിക്കൻ ഐക്യനാടുകളിലെ ഓറെഗൻ പോലെയുള്ള സംസ്ഥാനങ്ങളിൽ ഉള്ളതുപോലെയുള്ള നിയമമാണ് ഇത്. നിലവിൽ വന്നാൽ, രണ്ട് ഡോക്ടർമാരുടെയും ഒരു ഹൈകോടതി ജഡ്ജിയുടേയും അനുമാനത്തിന് ശേഷം മാരകരോഗമുള്ളതും, മാനസികമായി വിവേചനശക്തിയുള്ളതുമായ പ്രായപൂർത്തിയായ രോഗിക്ക് മരണം തിരഞ്ഞെടുക്കാനുള്ള അവകാശമാണ് ഇതുവഴി ലഭിക്കുക. 2014-ൽ ഈ നിയമനിർമ്മാണബിൽ ഇംഗ്ലീഷ് പാർലമെന്റിൽ വന്നിരുന്നു എങ്കിലും 2015-ലെ ഇലക്ഷൻ മൂലം നിറുത്തിവയ്ക്കുകയായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2021, 17:12