തിരയുക

സിസ്റ്റർ ഗ്ലോറിയാ വിമോചിതയായി

2017ൽ മാലിയിൽ നിന്നും തട്ടികൊണ്ടു പോയ പ്രാൻസിസ്ക്കൻ സന്ന്യാസിനി സഭാംഗം സിസ്റ്റർ ഗ്ലോറിയ സിസിലിയാ നർവാസ് അവസാനം സ്വതന്ത്രയാക്കപ്പെട്ടു. ആരോഗ്യവതിയായും നല്ല ചൈതന്യത്തോടും കൂടിയാണ് സിസ്റ്റർ ഗ്ലോറിയായെ കണ്ടെത്തിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കൊളംബിയൻ വംശജയായ ഫ്രാൻസിസ്ക്കൻ സന്ന്യാസിനി സിസ്റ്റർ ഗ്ലോറിയാ നർവാസ് സ്വതന്ത്രയായി എന്ന പ്രഖ്യാപനത്തെ സന്തോഷപൂർവ്വം മാലി ജനത സ്വീകരിച്ചു.

ധീരതയും, വിശ്വാസവും, സ്ഥൈര്യവും മൂലം തടവറ അനുഭവത്തെ അതിജീവിച്ച സിസ്റ്റർ ഗ്ലോറിയായുടെ അഗ്നിപരീക്ഷ അവസാനിച്ചു. സിസ്റ്റർ ഗ്ലോറിയയുടെ ഒരിക്കലും ഇsറാത്ത ധീരതയെ പ്രശംസിച്ച് കൊണ്ടാണ് മാലിയിലെ ഭരണ നേതൃത്വത്തിൽ നിന്നും ഔദ്യോഗിക പ്രസ്താവന പുറത്തിറങ്ങിയത്. 

2017 ഫെബ്രുവരി ഏഴാം തിയതിയാണ് മാലി തലസ്ഥാനത്ത് നിന്ന് 400 കിലോമീറ്റർ അകലെ ബർക്കീനോ ഫാസോയുടെ അതിർത്തിയോടു ചേർന്ന് നിൽക്കുന്ന കൊട്ടിയാലയിൽ വച്ച് ജിഹാദി തോക്കുധാരികൾ മിഷനറിയായ സിസ്റ്റർ ഗ്ലോറിയയെ തട്ടികൊണ്ടുപോയത്. സിസ്റ്റർ നാല് വർഷവും എട്ട് മാസവും തടവിൽ കഴിഞ്ഞു.

സിസ്റ്റർ ഗ്ലോറിയ സുരക്ഷിതയാണെന്നും സുഖമായി ഇരിക്കുന്നു എന്നും മാർക്കോ അതിരൂപതാ മെത്രാൻ ജീൻ സെർബോ വെളിപ്പെടുത്തി.  മിഷനറി സന്യാസിനിയായ സിസ്റ്റർ ഗ്ലോറിയയെ വിമോചിപ്പിച്ച അധികാരികൾക്കും സന്മനസ്സുള്ള സകലർക്കും നന്ദി രേഖപ്പെടുത്തിയ ബിഷപ്പ് ജീൻ ഈ വിമോചന ദിവസത്തിനായി തങ്ങൾ ദീർഘകാലം തീക്ഷ്ണമായി പ്രാർത്ഥിച്ചു എന്നും കഴിഞ്ഞവർഷം രക്ഷപ്പെട്ട രണ്ട് യൂറോപ്പുകാർ സി. ഗ്ലോറിയാ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നെന്നും വ്യക്തമാക്കി. സിസ്റ്ററിന്റെ സഹോദരന് കഴിഞ്ഞ മാർച്ചിൽ റെഡ്ക്രോസ് വഴി സിസ്റ്റർ എഴുതി ഒപ്പിട്ട ഒരു കത്ത് ലഭിച്ചതായും കൂട്ടിച്ചേർത്തു.

ഒരു ഫ്രഞ്ച് കോളനിയായ രാജ്യത്തിന്റെ വടക്കുഭാഗത്ത് ഇസ്ലാമിക കലാപം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. തട്ടിക്കൊണ്ടുപോകൽ അതിന്റെ ഭാഗമായി മാറി കഴിഞ്ഞു.

മഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് സിസ്റ്റർ ഗ്ലോറിയാ മാലിയുടെ താൽക്കാലിക പ്രസിഡന്റ് അസ്സിമി ഗോയിറ്റായുമായി കൂടിക്കാഴ്ച നടത്തിയത്. സിസ്റ്റർ ചിരിക്കുന്നതും കൈകൾ മുറുകെ പിടിച്ചിരിക്കുന്നതുമായി പുറത്തുവന്ന ഫോട്ടോ ഈ മിഷനറി സന്യാസിനിയുടെ അവസ്ഥയെ  വെളിപ്പെടുത്തുന്നു.

ഫ്രാൻസിസ് പാപ്പാ ഞായറാഴ്ച വത്തിക്കാനിൽ വെച്ച് സിസ്റ്റർ ഗ്ലോറിയയെ അഭിവാദ്യം ചെയ്തു.  സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ  ആരംഭത്തിന് തുടക്കം കുറിച്ചുകൊണ്ട് അർപ്പിക്കപ്പെട്ട ദിവ്യബലിക്ക് മുൻപാണ് സി. ഗ്ലോറിയാ പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 October 2021, 15:42