ക്രിസ്തുവും ശിഷ്യന്മാരും ക്രിസ്തുവും ശിഷ്യന്മാരും 

ക്രിസ്തുവിന്റെ സാക്ഷികൾ

വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനാറാം അധ്യായം പതിമൂന്ന് മുതൽ ഇരുപത്തിമൂന്നു വരെയുള്ള തിരുവചനങ്ങളെക്കുറിച്ചുള്ള വിചിന്തനം.
സുവിശേഷപരിചിന്തനം Mathew 16, 13-23 - ശബ്ദരേഖ

ഫാ. വർഗീസ് അങ്ങാടിയിൽ

ദൈവത്തിരുനാമത്തിന് മഹത്വമുണ്ടാകട്ടെ.

വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനാറാം അധ്യായം പതിമൂന്ന് മുതൽ ഇരുപത്തിമൂന്നു വരെയുള്ള തിരുവചങ്ങളാണ് വചന വിചിന്തനത്തിനായി ഇന്ന് സഭ നമുക്ക് നൽകിയിരിക്കുന്ന വേദഭാഗം.

മിശിഹായിൽ ഏറ്റവുമധികം സ്നേഹിക്കപ്പെട്ടവരെ,

അന്ത്യോക്യൻ ആരാധനാപാരമ്പര്യമനുസരിച്ച് സഭയുടെ ആരാധനാക്രമവത്സരം ആരംഭിക്കുന്നത് "കൂദോശ് ഈത്തോ" അഥവാ "സഭയുടെ വിശുദ്ധീകരണ" തിരുനാളോടുകൂടിയാണ്. ഒക്ടോബർ 30-നും നവംബർ 5-നും ഇടയിൽ വരുന്ന ഞായറാഴ്ചയാണ് ഈ തിരുന്നാൾ സാധാരണയായി ആഘോഷിക്കുന്നത്. ഇന്ന് "കൂദോശ് ഈത്തോ" ഞായറാഴ്ചയാണ്.ഈ തിരുനാളിന്റെ ആശംസകളും പ്രാർത്ഥനകളും നിങ്ങൾക്കേവർക്കും ഹൃദയപൂർവ്വം നേരുന്നു. സഭയോടൊത്ത് ചിന്തിക്കുന്നതിനും, സഭയിലെ ഉത്സാഹമുള്ള മക്കളായി മാറുന്നതിനും വിശ്വാസപരമ്പര്യങ്ങൾ കാത്തുസൂക്ഷിച്ച് വളരുന്നതിനും ഈ കാലയളവ് നമുക്ക് ഉപകാരപ്രടമാകട്ടെ എന്നാശംസിക്കുന്നു.

നാലു ഭാഗങ്ങളായി ഇന്നത്തെ വേദഭാഗത്തെ നമുക്ക് മനസ്സിലാക്കാം.

1. യേശുവിനെക്കുറിച്ച് മറ്റുള്ളവർ എന്തുപറയുന്നു.

2. യേശുവിനെക്കുറിച്ച് ശിഷ്യന്മാർ എന്ത് മനസ്സിലാക്കുന്നു.

3. പീഡാസഹനമരണ-ഉത്ഥാനത്തെക്കുറിച്ചുള്ള യേശുവിന്റെ വെളിപ്പെടുത്തൽ.

4. പത്രോസിനെ ശാസിക്കുന്ന യേശു.

ഗലീലി കടലിന്റെ വടക്ക് ഭാഗത്തായി 40 കി.മി. (25 മൈൽ) ദൂരെമാറി ഹെർമ്മോൺ മലയുടെ താഴ്വാരത്തായി സ്ഥിതി ചെയ്‌യുന്ന ഒരു പുരാതന ഗ്രെക്കോ-റോമൻ പട്ടണമാണ് കേസരിയ ഫിലിപ്പി പ്രദേശം. ഇതിനോട് ചേർന്ന് ഒരു അരുവിയും, ഗുഹയും, ഗ്രീക്കു ദേവനായ പാനിന് പ്രതിഷ്ഠിക്കപ്പെട്ട അനേകം സ്ഥലങ്ങളും, ദേവ പ്രതിമകളും സ്ഥിതി ചെയ്തിരുന്നു. എ.ഡി. 14-ൽ റോമൻ ചക്രവർത്തിയായ ഫിലിപ്പ് രണ്ടാമനാണ് ഈ പ്രദേശത്തിന് കേസറിയ എന്ന പേര് നൽകിയത്. ഫിലിപ്പ് ചക്രവർത്തിയുടെ കാലശേഷം ഈ പ്രദേശം കേസറിയ ഫിലിപ്പി പ്രദേശം എന്നറിയപ്പെടാൻ തുടങ്ങി. വളരെ പ്രാകൃതമായി അന്യദേവന്മാരുടെ ആരാധന നടന്നിരുന്ന ഐതിഹ്യങ്ങളുള്ള ഈ സ്ഥലത്തുവച്ചാണ് യേശു ശിഷ്യന്മാരോടായി രണ്ട് ചോദ്യങ്ങൾ ചോദിക്കുന്നത്; ഞാനാരാണെന്നാണ് ജനങ്ങൾ പറയുന്നത്? ഞാനാരാണെന്നാണ് നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്?

നിലവിലുണ്ടായിരുന്ന ചില സങ്കല്പങ്ങളെ ചില ബിംബങ്ങളെ ശിഷ്യരുടെ മനസ്സിൽനിന്നും മാറ്റാനായിരിക്കാം യേശു ശിഷ്യന്മാരോട് ഇപ്രകാരം ചോദിക്കുന്നത്. ഈ പ്രദേശത്തിന്റെ പശ്ചാത്തലങ്ങൾ അവർക്കും അറിയാവുന്നതുകൊണ്ടാകാം ഈ സ്ഥലം തന്നെ അപ്രകാരമുള്ളൊരു ചോദ്യത്തിന് യേശു തിരഞ്ഞെടുത്തതും.

പഴയനിയമ പശ്ചാത്തലങ്ങൾ മനസ്സിലാക്കിയാണ് ജനങ്ങൾ തന്നെക്കുറിച്ച് സംസാരിക്കുന്നത് എന്ന് യേശു ശിഷ്യന്മാരിൽനിന്നും മനസ്സിലാക്കി. അടുത്തപടി ശിഷ്യർ പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായിരുന്നു. ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? ആദ്യ ചോദ്യത്തിന് ഉത്തരം പറഞ്ഞ പലർക്കും ഉത്തരം മുട്ടിയപ്പോൾ, പത്രോസ് അതിനുതക്ക ഉത്തരം നൽകുകയാണ്: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്". ശിമയോനിൽനിന്നും പത്രോസിലേക്കുള്ള വലിയ മാറ്റത്തിന്റെ പ്രഖ്യാപനമായിരുന്നു അത്. ശിമയോൻ നൽകിയ ഉത്തരത്തിന് യേശു നൽകിയ അഭിനന്ദന വാക്കുകൾ വളരെ പ്രധാനപ്പെട്ടതാണ്. "യോനായുടെ പുത്രനായ ശിമയോനെ നീ ഭാഗ്യവാൻ. മാംസരക്തങ്ങളല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇത് വെളിപ്പെടുത്തി തന്നത്".

ഒരു സാധാരണക്കാരന്റെ അസാധാരണമായ ദൈവാനുഭവത്തിന്റെ ഉത്തരമാണ് ശിമയോൻ വെളിപ്പെടുത്തിയത്. പല പ്രാവശ്യവും പല കാര്യത്തിലും മുന്പിലെന്നപോലെ ഇവിടെയും ശിമയോൻ പത്രോസ് ഒന്നാമനാവുകയാണ്. ദൈവപുത്രന്റെ കൂടെ നടക്കുമ്പോൾ അവനാരെന്ന തിരിച്ചറിവ് നഷ്ടപ്പെട്ടാൽ അവനിലുള്ള വിശ്വാസത്തിനും കാതലായ മാറ്റങ്ങൾ സംഭവിക്കും. കൂടെയുണ്ടായിരുന്ന മറ്റു ശിഷ്യർക്കെല്ലാം ഒരു പക്ഷെ ഇത് ഒരു കണ്ണുതുറപ്പിക്കലിന്റെ അവസരമായി മാറിയിട്ടുണ്ടാകും. കൂടെ നടക്കുന്നതുകൊണ്ടായില്ല കൂടെ നടക്കുന്നവൻ യഥാർത്ഥത്തിൽ തിരിച്ചറിയുമ്പോഴാണ് യഥാർത്ഥ വിശ്വാസബോധ്യത്തിൽ എനിക്ക് നിലനിൽകുവാനും, വളരാനും, മറ്റുള്ളവരെ ആ വിശ്വാസ് ചൈതന്യത്തിൽ വളർത്താനും സാധിക്കുകയുള്ളു. സമരിയക്കാരിയുടെ മനസാന്തരവും സക്കേവൂസിന്റെ ജീവിത കഥയും എമ്മാവൂസ് അനുഭവവുമൊക്കെ നമുക്ക് ഓർക്കാം.

കൂദാശകൾ സ്വീകരിച്ച്, ക്രിസ്തുവിനെ പിന്തുടർന്ന് അവന്റെ നാമം സ്വീകരിച്ചവരെന്ന് അഭിമാനിക്കുമ്പോഴും യേശുവെന്ന യഥാർത്ഥ സത്യത്തെ ഉൾക്കൊള്ളാനും ഏറ്റുപറയാനും എനിക്ക് സാധിക്കുന്നുണ്ടോ? യേശു വ്യക്തിപരമായി എന്റെ ജീവിതയാത്രകളിൽ ഈ ചോദ്യം നിരന്തരം ചോദിക്കുന്നുണ്ട് എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. ആർക്കും സാധിക്കാത്ത ഒരു വലിയ വിശ്വാസപ്രഖ്യാപനമാണ് ശിമയോൻ നടത്തിയത്. പരിമിതമായ ജീവിത സാഹചര്യങ്ങളിലും, അറിവുകളിലും വളർന്നുവന്ന ശിമയോന് ഇത് സാധ്യമെങ്കിൽ എന്റെ ജീവിതത്തിലും ഈ വിശ്വാസപ്രഖ്യാപനം നിരന്തരം നടക്കേണ്ടതല്ലേ?

പത്രോസാകുന്ന പാറമേൽ സഭയെ പണിയുമെന്ന് കർത്താവ് പഠിപ്പിക്കുമ്പോൾ വിശ്വാസത്തിന്റെ ഉറപ്പും സ്ഥിരതയുമാണ് ക്രൈസ്തവ ജീവിതത്തിനാധാരമെന്ന് കർത്താവ് ഉറപ്പിച്ചു പറയുകയാണ്. പാറ പോലെ ഉറച്ചു നിൽക്കുന്നവന് ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ശക്തിയുണ്ട്. പ്രത്യേകിച്ച് ഈ കാലയളവിലെ സംഭവവികാസങ്ങൾ അത് നമ്മെ വ്യക്തമായി പഠിപ്പിക്കുന്നു.

ഈ വിശ്വാസസ്ഥിരത ജീവിതത്തിൽ എന്നും ആവശ്യമാണെന്ന് പഠിപ്പിച്ചിട്ടാണ് തന്റെ പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള ആദ്യ പ്രവചനം യേശു ശിഷ്യന്മാരെ അറിയിക്കുന്നത്. അത് സംഭവിക്കാതിരിക്കട്ടെയെന്ന് പറഞ്ഞ പത്രോസിനെ യേശു ഇവിടെ ശാസിക്കുകയും ചെയ്യുന്നത് നാം കാണുന്നു. സഹനങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്നും, സഹനങ്ങൾ സന്തോഷത്തിന്റെ പാതയാണ് സ്വീകരിക്കണമെന്നും ദൈവപുത്രനായ തന്റെ വഴിയും വ്യത്യസ്തമല്ലെന്നും യേശു നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ട് തന്നെയാണ് തൊട്ടടുത്ത ഭാഗത്ത് യേശു പറയുന്നു: "ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ".

സഭയുടെ വിശുദ്ധീകരണം സഭാമക്കളെല്ലാവരുടെയും വിശുദ്ധീകരണമാണ്. "വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല" എന്ന തിരുവചനഭാഗം നമുക്കോർക്കാം. ദൈവത്തിട്നെ പരിശുദ്ധിയിലേക്കും വിശുദ്ധിയിലേക്കുമാണ് നാമേവരും വിളിക്കപ്പെട്ടിരിക്കുന്നത്. ഈ വിശുദ്ധിയിൽ നമ്മെ വളർത്തുന്നതിനും നയിക്കുന്നതിനും വേണ്ടിയാണ് 'തന്റെ ഏകജാതനെ ദൈവം ലോകത്തിന് നൽകിയത്'; അവൻ മൂലം സകലരും രക്ഷ പ്രാപിക്കുന്നതിനുവേണ്ടിത്തന്നെ.

പത്രോസിനെപ്പോലെ ജീവിതത്തിലുടനീളം ക്രിസ്തുവിനെ പ്രഘോഷിക്കുന്നവരും പ്രഖ്യാപിക്കുന്നവരുമായി നമുക്ക് മാറാം. അതിന് ഇന്നത്തെ തിരുവചനഭാഗവും വിചിന്തനങ്ങളും നമ്മെ സഹായിക്കുമാറാകട്ടെ. ദൈവം സമൃദ്ധമായി നിങ്ങളെവരെയും അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 October 2021, 12:24