കർദ്ദിനാൾ അലെസാന്ത്രെ ജൊസെ മരിയ മരണമടഞ്ഞു, പാപ്പായുടെ അനുശോചനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കർദ്ദിനാൾ അലെസാന്ത്രെ ജൊസെ മരിയ ദൊസ് സാന്തൊസ് (Alexandre José Maria dos Santos) കാലം ചെയ്തു.
ആഫ്രിക്കൻ നാടായ മൊസാമ്പിക്ക് സ്വദേശിയായിരുന്ന അദ്ദേഹത്തിന് സെപ്റ്റമ്പർ 29-ന് ബുധനാഴ്ചയാണ് അന്ത്യം സംഭവിച്ചത്. 97 വയസ്സായിരുന്നു പ്രായം.
സുവിശേഷത്തിൻറെയും സഭയുടെയും അക്ഷീണ ശുശ്രൂഷകനായിരുന്നു പരേതൻ എന്ന് ഫ്രാൻസീസ് പാപ്പാ മപ്പൂത്തൊ അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഫ്രാൻസിസ്കൊ ചിമോയിയൊയ്ക്കയച്ച അനുശോചന സന്ദേശത്തിൽ അനുസ്മരിക്കുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
നീണ്ടകാല ആഭ്യന്തര കലാപം ആഴമേറിയ മുറിവേല്പിച്ച അന്നാട്ടിലെ ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് പ്രാദേശികസഭയുടെ വളർച്ചയ്ക്കായും 1992-ൽ കലാപം അവസാനിച്ചതിനെ തുടർന്ന് ദേശീയ അനുരഞ്ജനത്തിനായും പരിശ്രമിച്ച തീക്ഷ്ണമതിയായ ഇടയനായിരുന്ന കർദ്ദിനാൾ അലെസാന്ത്രെ ജൊസെ മരിയ ദൊസ് സാന്തൊസ് അന്നാട്ടിലെ ത്സവാല എന്ന സ്ഥലത്ത് 1924 മാർച്ച് 18-നായിരുന്നു ജനിച്ചത്. 1947-ൽ ഫ്രാൻസിസ്ക്കൻ സമൂഹത്തിൽ ചേർന്ന അദ്ദേഹം 1953-ൽ പൗരോഹിത്യം സ്വീകരിക്കുകയും 1975- മാർച്ച് 9-ന് മപൂത്തൊ അതിരൂപതയുടെ ആർച്ച്ബിഷപ്പായി അഭിഷിക്തനാകുകയും 1988 ജൂൺ 28-ന് കർദ്ദിനാളായി ഉയർത്തപ്പെടുകയും ചെയ്തു.
മൈനർ സെമിനാരിയുടെ റെക്ടർ, മൊസാമ്പിക്കിലെ കാരിത്താസിൻറെ കീഴിൽ അഭയാർത്ഥികൾക്കും വരൾച്ചയ്ക്കിരകളായവർക്കും വേണ്ടിയുള്ള സ്ഥാപനത്തിൻറെ പ്രസിഡൻറ് തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുള്ള കർദ്ദിനാൾ അലെസാന്ത്രെ ജൊസെ ആഫ്രിക്കയുടെ മാതാവായ നമ്മുടെ നാഥയുടെ ഫ്രാൻസിസ്കൻ സഹോദരികളുടെ സന്ന്യാസിനി സമൂഹത്തിൻറെ സ്ഥാപകനുമാണ്. 1981-ലാണ് ഒരു ഭക്തസംഘടനയെന്ന നിലയിൽ ഇത് ജന്മം കൊണ്ടത്.
മപ്പുത്തൊ അതിരൂപതയുടെ ആർച്ച്ബിഷപ്പായി വിരമിച്ച് വിശ്രമജീവിതം നയിച്ചു വരികയായിരുന്ന കർദ്ദിനാൾ അലെസാന്ത്രെ ജൊസെ മരിയ ദൊസ് സാന്തൊസിൻറെ നിര്യാണത്തോടെ കത്തോലിക്കാസഭയിലെ കർദ്ദിനാളന്മാരുടെ അംഗസംഖ്യ 2 16 ആയി താണു. ഇവരിൽ 121 പേർ മാർപ്പാപ്പായെ തിരഞ്ഞെടുക്കുന്നതിന് സമ്മതിദാനാവകാശം ഉള്ളവരാണ്. ശേഷിച്ച 95 പേർ 80 വയസ്സിനുമേൽ പ്രായമുള്ളവരാകയാൽ ഈ വോട്ടവകാശം ഇല്ലാത്തവരാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: