നമ്മുടെ പക്ഷം
ഫാ. ഡോ. ജോഷി മയ്യാറ്റിൽ
The foreign exorcist - അന്യനായ ഒരു ഭൂതോച്ചാടകൻ! ഇത് വല്ലാത്തൊരു പ്രശ്നമാണ്. യേശുവിന്റെ ശിഷ്യന്മാർക്ക് വലിയ ഭീഷണിയാണ് അവൻ! "ഗുരോ, നിന്റെ നാമത്തിൽ പിശാചുക്കളെ ബഹിഷ്കരിക്കുന്ന ഒരാളെ ഞങ്ങൾ കണ്ടു. ഞങ്ങൾ അവനെ തടഞ്ഞു. കാരണം, അവൻ നമ്മെ അനുഗമിച്ചിരുന്നില്ല". സ്വന്തം അതിരുകാക്കാനുള്ള കടുത്ത ശ്രമത്തിലാണ് യോഹന്നാൻ ഉൾപ്പെടുന്ന ശിഷ്യസമൂഹം! യേശുവിന്റെ നാമത്തിൽ മറ്റൊരുവൻ പിശാചിനെ ബഹിഷ്കരിക്കുന്നത് കണ്ടുനിൽക്കാനുള്ള ത്രാണി അവർക്ക് ഇല്ലത്രെ! ഇതിന് രസകരമായ ഒരു പശ്ചാത്തലം ഉണ്ടെന്ന് നാം തിരിച്ചറിയണം. ഇതേ അധ്യായത്തിൽ തന്നെ പതിനെട്ടാം വാക്യത്തിൽ, പിശാചുബാധിതനായ മകനെയും കൊണ്ട് ശിഷ്യന്മാരുടെ പക്കലെത്തിയ ഒരു പിതാവിന്റെ യേശുവിനോടുള്ള പരാതി നമ്മൾ കേൾക്കുന്നുണ്ട്: "അതിനെ ബഹിഷ്കരിക്കാൻ അങ്ങയുടെ ശിഷ്യന്മാരോട് ഞാൻ അപേക്ഷിച്ചു; അവർക്ക് കഴിഞ്ഞില്ല". ഒരു കാര്യം അന്നും ഇന്നും സത്യമാണ്: യേശുവിൻ്റെ നാമത്തിന്റെ ശക്തി തിരിച്ചറിയുന്ന അന്യരായ ഭൂതോച്ചാടകരുടെ എണ്ണവും ആ നാമത്തിന്റെ ശക്തി തിരിച്ചറിയാത്ത ശിഷ്യരുടെ എണ്ണവും ഏറെയാണ്!
ഇന്നത്തെ ഒന്നാം വായനയിലും (സംഖ്യാ 11,26-30) സമാനമായ ഒരു സംഭവം കാണാം. തിരഞ്ഞെടുക്കപ്പെട്ട 70 നേതാക്കളിൽ പെടാതെ പാളയത്തിൽ ഇരുന്നു ചൈതന്യം നിറഞ്ഞു പ്രവചിക്കുന്ന എൽദാദിനെയും മെദാദിനെയും വിലക്കാൻ മോശയോടു ശുപാർശ ചെയ്യുന്ന ജോഷ്വായെപ്പോലെയാണ് ഈശോയുടെ ശിഷ്യരും!
യേശുവിന്റെ നാമത്തിന്റെ ശക്തിയെക്കുറിച്ചും ആധികാരികതയെക്കുറിച്ചുമുള്ള അവബോധം ഈ സുവിശേഷഭാഗത്ത് വളരെ വ്യക്തമാണ്. 41-ാം വാക്യത്തിൽ, യേശുനാമത്തിൽ ഒരു പാത്രം വെള്ളം കുടിക്കാൻ നല്കുന്നവർക്കുള്ള പ്രതിഫലത്തെക്കുറിച്ച് അവിടന്നു സംസാരിക്കുന്നതായും മർക്കോസ് കുറിച്ചുവച്ചിട്ടുണ്ടല്ലോ. യേശുനാമത്തിന്റെ ഉപയോഗം ആദിമസഭയിൽ അതിപ്രചാരമുള്ള ഒന്നായിരുന്നു (അപ്പ 3,6.16; 4,7.10.30; യാക്കോ 5,14). യേശുനാമത്തിന്റെ കരുത്ത് തിരിച്ചറിയാനും ആ നാമത്തിൽ വലിയ വിടുതലുകൾ മനുഷ്യർക്കു സമ്മാനിക്കാനും കുറച്ചുകൂടി ശുഷ്കാന്തി യേശുശിഷ്യരായ നമുക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കാൻ ഈ സുവിശേഷഭാഗം ഇടയാക്കുന്നുണ്ട് എന്നു ഞാൻ കരുതുന്നു.
ഇനി, അന്യനായ ഭൂതോച്ചാടകനെക്കുറിച്ച് യേശുവിന്റെ നിലപാട് ശ്രദ്ധിക്കാം. അവിടുന്ന് പറയുന്നത്, തൻറെ നാമത്തിൽ പിശാചുക്കളെ ബഹിഷ്കരിക്കാൻ കഴിയുന്ന ഒരുവന് അത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നു തന്നെയാണ്. കാരണം, അങ്ങനെ ചെയ്യുന്നവന് ഉടനെ തന്നെക്കുറിച്ച് ദൂഷണം പറയാൻ കഴിയുകയില്ലത്രേ. ഇതിന് ഒരു പശ്ചാത്തലം ഉണ്ട്. മർക്കോ 3,22-ൽ യഹൂദസമൂഹത്തിലെ വമ്പന്മാരായ നിയമജ്ഞർ യേശുവിനെ അശുദ്ധാത്മാവ് ബാധിച്ചവൻ എന്നും പിശാചുക്കളുടെ തലവനെക്കൊണ്ട് പിശാചുക്കളെ ബഹിഷ്കരിക്കുന്നവൻ എന്നും കുറ്റപ്പെടുത്തി. പക്ഷേ, ഈ മഹാന്മാരിൽനിന്ന് വ്യത്യസ്തനായി യേശുവിന്റെ നാമത്തിൽ ഭൂതോച്ചാടനം നടത്തുന്ന ഈ അന്യന് ഉടനെ യേശുനാമത്തെ ദുഷിച്ചു പറയാനാവില്ല എന്നാണ് ഈശോയുടെ നിരീക്ഷണം.
വളരെ ശ്രദ്ധേയമായ ഒരു പഴമൊഴി ഈശോ ഇവിടെ ഉപയോഗിക്കുന്നുണ്ട്: നമുക്ക് എതിരല്ലാത്തവൻ 'നമ്മുടെ പക്ഷ'ത്താണ്. വേലികെട്ടി തിരിക്കലിന്റേതല്ല, ഉൾക്കൊള്ളലിന്റെ നയമാണ് ഈശോയുടെത്. സത്യത്തിൽ അവിടന്നു വന്നത് ഏവരെയും രക്ഷയിൽ ഒന്നിപ്പിക്കാനാണ്. പ്രയോഗത്തിൽ, അത് അശുദ്ധാത്മാവിനെതിരേയുള്ള ഒന്നിക്കലാണ്. ആകെ രണ്ടു പക്ഷമേ ഉള്ളൂ: ദൈവത്തിന്റെ പക്ഷവും പിശാചിന്റെ പക്ഷവും. ഈശോ പറയുന്ന 'നമ്മുടെ പക്ഷം' ഏറെ ചിന്തയ്ക്കു വിഷയീഭവിക്കേണ്ടതാണ്.
തുടർന്നു വരുന്ന 'ഇടർച്ചാവിഷയം' സത്യത്തിൽ, 'നമ്മുടെ പക്ഷ'ത്തെ സംബന്ധിച്ച് ഗുരുതരമായ വിഷയമാണ്. 'സ്കാൻദലോൺ' എന്ന ഗ്രീക്കു പദത്തിന്റെ മൂലാർത്ഥം തട്ടിവീഴാൻ ഇടവരുത്തുക എന്നതാണ്. വിശ്വാസം നഷ്ടപ്പെടാൻ ഇടവരുത്തുക എന്നാണ് ഈ പശ്ചാത്തലത്തിൽ അർത്ഥം. യേശുനാമത്തിൽ പിശാചിനെ ബഹിഷ്കരിച്ച അന്യനായിരിക്കാം ഇവിടെ പരാമർശിക്കുന്ന 'ചെറിയവൻ'. ചെറിയവനെ യേശുവിന്റെ നാമത്തിൽ സ്വീകരിക്കാൻ 9,37-ൽ യേശുവിന്റെ ആഹ്വാനമുണ്ട് എന്ന് ഓർമിക്കുക. അതിനു തൊട്ടുപിന്നാലെയാണ് യോഹന്നാന്റെ പ്രശ്നം മർക്കോസ് അവതരിപ്പിക്കുന്നത്. ഒരുവന്റെ വിശ്വാസസ്ഥൈര്യത്തിന് കോട്ടം തട്ടിക്കുന്ന ക്രിസ്തുശിഷ്യർ ദൈവരാജ്യത്തോട് അഥവാ 'നമ്മുടെ പക്ഷ'ത്തോട് വലിയ അപരാധമാണ് ചെയ്യുന്നത്. ഒപ്പം, ക്രിസ്തുപക്ഷത്ത് നിലനില്ക്കാൻ ആഗ്രഹിക്കുന്നവൻ അതിനു യോജിക്കാത്ത ജീവിതശൈലികളോടു വിടപറയാൻ തയ്യാറാകണം. ദൈവരാജ്യത്തിനു മുൻതൂക്കം കൊടുക്കുന്നവൻ പാപ സാഹചര്യങ്ങൾ പൂർണമായി ഉപേക്ഷിക്കണം എന്നു വ്യക്തമാക്കാൻ ഈശോ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് അത്യുക്തിയാണ് (hyperbole). കൈ വെട്ടിക്കളയലും പാദം മുറിച്ചുകളയലും കണ്ണ് ചൂഴ്ന്നെടുത്തുകളയലും ഒരു വിധത്തിലും അക്ഷരാർത്ഥത്തിലല്ല, മറിച്ച് രൂപകാർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. ശിഷ്യത്വത്തിന്റെ നിലവാരവും ആത്മാർത്ഥതയും വെളിവാക്കുന്ന കരുത്തുറ്റ രൂപകങ്ങളാണ് ഇവ. വില കൊടുക്കേണ്ടതാണ് ശിഷ്യത്വം! Cost of discipleship! ക്രിസ്തുപക്ഷത്തു നിലയുറപ്പിക്കാൻ ആത്മീയക്കരുത്തു നേടാനുള്ള ക്ഷണമാണ് ഈ രൂപകങ്ങൾ നമുക്കു മുന്നിൽ വച്ചുനീട്ടുന്നത് ...
Come and be crucified!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: