പരിശുദ്ധ അമ്മയെപ്പോലെ സമർപ്പണത്തിന്റെ സന്തോഷമനുഭവിക്കുക പരിശുദ്ധ അമ്മയെപ്പോലെ സമർപ്പണത്തിന്റെ സന്തോഷമനുഭവിക്കുക 

തിരഞ്ഞെടുക്കപ്പെട്ടവരുടെ സന്തോഷത്തിലേക്ക് ഫാത്തിമ വിളിക്കുന്നു

ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടതായി തിരിച്ചറിഞ്ഞപ്പോൾ സന്തോഷമനുഭവിച്ച പരിശുദ്ധ കന്യകാമറിയത്തെപ്പോലെ, തിരഞ്ഞെടുക്കപ്പെട്ടവരുടെ സന്തോഷമനുഭവിക്കാൻ ലോകമെമ്പാടുമുള്ള യുവാക്കളെ ക്ഷണിച്ച്, ബിഷപ് അന്റോണിയോ മൊയ്‌തേയ്റോ (António Moiteiro).

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

1917 സെപ്റ്റംബർ 13-ന് ഫാത്തിമയിൽ പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടതിന്റെ വാർഷികത്തിൽ, ഫാത്തിമയിലേക്കുള്ള അന്താരാഷ്ട്ര തീർത്ഥാടനവുമായി ബന്ധപ്പെട്ട് സെപ്തംബർ 12-ന് വൈകുന്നേരം ജപമാലയർപ്പണത്തിന് ശേഷം നടന്ന വിശുദ്ധബലിമദ്ധ്യേ, അവെയ്‌റോ രൂപതയുടെ മെത്രാൻ ബിഷപ് മൊയ്‌തേയ്റോ, പരിശുദ്ധ അമ്മയെയും, ഫാത്തിമയിലെ ഇടയബാലരെയും പോലെ ദൈവത്താൽ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെടുന്നതിന്റെ സന്തോഷം അനുഭവിക്കാൻ ലോകമെമ്പാടുമുള്ള എല്ലാ യുവജനങ്ങളോടും ആഹ്വാനം ചെയ്തു.

ദൈവത്തിന്റെ വലിയ ദാനമായ വിളിലഭിച്ച പരിശുദ്ധ 'അമ്മ, തന്റെ ആദ്യപ്രതികരണമായി ചെയ്യുന്നത് ക്രിസ്തുവിനെ സ്വീകരിക്കാനും സേവിക്കാനും മുന്നോട്ടിറങ്ങുകയായിരുന്നു എന്നും, മറിയം, തന്റെ ജീവിതത്തിൽ ദൈവഹിതം നിറവേറാൻ തയ്യാറാകുക മാത്രമല്ല, ദൈവത്തിന്റെ ആഗ്രഹമനുസരിച്ച് പ്രവർത്തിക്കാൻ മറ്റുള്ളവരെ നയിക്കുകകൂടി ചെയ്യുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഫാത്തിമയിലെ ഇടയബാലന്മാർ തങ്ങളെത്തന്നെ ദൈവത്തിന് സമർപ്പിക്കാമെന്ന് പരിശുദ്ധ അമ്മയ്ക്ക് നൽകിയ വാഗ്ദാനം, ഓരോ ക്രിസ്ത്യാനിയുടെയും പ്രേരകശക്തിയായിരിക്കണമെന്നും തന്റെ പ്രസംഗത്തിൽ ബിഷപ് മൊയ്‌തേയ്റോ പറഞ്ഞു. ഓരോ തീർത്ഥാടനവും, ഒരുമിച്ചുള്ള ഒരു യാത്രയായിരിക്കണമെന്നും, അത് മറ്റുള്ളവരിലേക്ക് തുറവിയുള്ളവരാകാനും, അവരെ ശ്രവിക്കുവാനും, ജീവിതം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും നമ്മെ സഹായിക്കണമെന്ന് പറഞ്ഞ അദ്ദേഹം എന്നാൽ തീർത്ഥാടനം ദൈവസ്തുതിയുടെ ഒരു നിമിഷമാണെന്നും, ദൈവഹിതത്തിലേക്ക് ധൈര്യത്തോടെയും സന്തോഷത്തോടെയും സ്വയം തുറക്കാനുള്ള പ്രചോദനമാകട്ടെയെന്നും കൂട്ടിച്ചേർത്തു.

തന്റെ സന്ദേശത്തിൽ, സഭയിൽ നടക്കുവാൻ പോകുന്ന രണ്ടു പ്രധാന സംഭവങ്ങളെക്കുറിച്ച്, അടുത്തുവരുന്ന മെത്രാന്മാരുടെ സിനഡും, ലിസ്ബോണയിൽ 2023-ൽ നടക്കാനിരിക്കുന്ന ലോകായുവജനസംഗമവും, എടുത്തുപറയുവാനും ബിഷപ് മൊയ്‌തേയ്റോ മറന്നില്ല.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2021, 16:49