തിരയുക

കർദ്ദിനാൾ ഹൊർഹെ ലിബെരാത്തൊ ഉറോസ സവീനൊ (CARD. JORGE LIBERATO UROSA SAVINO) കർദ്ദിനാൾ ഹൊർഹെ ലിബെരാത്തൊ ഉറോസ സവീനൊ (CARD. JORGE LIBERATO UROSA SAVINO) 

കർദ്ദിനാൾ ഉറോസ സവീനൊ കാലം ചെയ്തു, പാപ്പായുടെ അനുശോചനം!

കർദ്ദിനാൾ ഹൊർഹെ ലിബെരാത്തൊ ഉറോസ സവീനൊ, ദൈവത്തെയും സഭയെയും സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞുവച്ച ഇടയനാണെന്ന് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തെക്കെഅമേരിക്കൻ നാടായ വെനെസ്വേല സ്വദേശിയായ കർദ്ദിനാൾ ഹൊർഹെ ലിബെരാത്തൊ ഉറോസ സവീനൊ (CARD. JORGE LIBERATO UROSA SAVINO) കാലം ചെയ്തു.

കോവിദ് 19 രോഗ ബാധിതനായി ആഗസ്റ്റ് അവസാനം മുതൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന് വ്യാഴാഴ്‌ച (23/09/21) ആണ് അന്ത്യം സംഭവിച്ചത്.

വെനെസ്വേലയിലെ കരാക്കാസ് അതിരൂപതയുടെ മുന്നദ്ധ്യക്ഷനായ കർദ്ദിനാൾ ഉറോസ സവീനൊയ്ക്ക് 79 വയസ്സായിരുന്നു പ്രായം.

വെനെസ്വേലയെ അലട്ടുന്ന പ്രതിസന്ധികളെ സമാധാനപരമായി പരിഹരിക്കുന്നതിന് സംഘാതമായി യത്നിക്കാൻ അന്നാട്ടിലെ രാഷ്ട്രീയോത്തരവാദിത്വമുള്ളവരെ തൻറെ അന്ത്യനിമിഷം വരെ നിരന്തരം ക്ഷണിക്കുകയും യാതനകളനുഭവിക്കുന്ന ജനങ്ങളുടെ ചാരെ ആയിരിക്കുകയും ചെയ്യാൻ ശ്രമിച്ച കർദ്ദിനാൾ ഹൊർഹെ ലിബെരാത്തൊ ഉറോസ സവീനൊയുടെ ജനനം കരാക്കാസിൽ 1942 ആഗസ്റ്റ് 28-നായിരുന്നു.

1967 ആഗസ്റ്റ് 15-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1982 സെപ്റ്റമ്പർ 22-ന് മെത്രാനായി അഭിഷിക്തനാകുകയും 2006 മാർച്ച് 24-ന് കർദ്ദിനാളാക്കപ്പെടുകയും ചെയ്തു.

കർദ്ദിനാൾ ഹൊർഹെ ലിബെരാത്തൊ ഉറോസ സവീനൊയുടെ നിര്യാണത്തിൽ ഫ്രാൻസീസ് പാപ്പാ തൻറെ അനുശോചനം അറിയിക്കുകയും അദ്ദേഹത്തിൻറെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയതു.

ദൈവത്തെയും സഭയെയും സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞുവച്ച ഇടയനാണ് അദ്ദേഹമെന്ന് പാപ്പാ തൻറെ അനുശോചന സന്ദേശത്തിൽ അനുസ്മരിക്കുന്നു.   

കർദ്ദിനാൾ ഉറോസ സവീനൊയുടെ മരണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 218 ആയി താണു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 September 2021, 12:21