സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പടിഞ്ഞാറൻ ഇക്വറ്റോറിയയിലെ മുൻഡ്രിയും മധ്യ ഇക്വറ്റോറിയയിലെ യെയിയും ഉൾപ്പെടുന്ന യെയി രൂപത സത്യത്തിൽ രണ്ടു രാജ്യങ്ങളിലായാണ് കിടക്കുന്നത്. ഇത്രയും വിപുലമായ രൂപതയിൽ മെത്രാനുൾപ്പെടെ 12 വൈദീകർ മാത്രമാണുള്ളത്. രൂപതയിലെ കത്തോലിക്കരുടെ ആവശ്യങ്ങൾ നിറവേറ്റാനും അവരെ വിശ്വാസത്തിൽ വളർത്താനും ഈ എണ്ണം ഒട്ടും മതിയാവുന്നില്ല. അതുകൊണ്ടാണ് കഴിഞ്ഞ ഞായറാഴ്ച ആഗസ്റ്റ് 8ന് ക്രിസ്തുരാജന് സമർപ്പിക്കപ്പെട്ട പ്രാദേശീക കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിയിൽ പുതിയ ദൈവവിളികൾക്കായി പ്രാർത്ഥിക്കാൻ മെത്രാൻ ആവശ്യപ്പെട്ടത്.
മാത്രമല്ല സുഡാനിലും തെക്കൻ സുഡാനിലുമുള്ള രൂപതകളോടു വൈദികരെ പങ്കു വയ്ക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. ഒരേ പ്രേഷിതസഭയാണ് നമ്മളെല്ലാമെന്നും, അതിനാൽ ഔദാര്യപൂർവ്വം തങ്ങളുടെ ആൺമക്കളെയും പെൺമക്കളെയും ലോകത്തിൽ സേവനത്തിനായി വിട്ടു നൽകാനും മോൺ. എർകൊളാനോ ലോഡു തോംബെ അഭ്യർത്ഥിച്ചു.രൂപതയിൽ വൈദീകർ വളരെ ചുരുക്കമാണെന്നും അതിനാൽ യെയിയുടെ വിശ്വാസ തീക്ഷ്ണത കണ്ടു തങ്ങളെ സഹായിക്കാൻ മുന്നോട്ടു വരാൻ അദ്ദേഹം മറ്റു രൂപതകളോടു അപേക്ഷിച്ചു.
തെക്കൻ സുഡാനിൽ പ്രേഷിത പ്രവർത്തനം നടത്തുന്നവരോടു മാത്രമല്ല ലോകമെമ്പാടുമുള്ളവരോടും തന്റെ അഭ്യർത്ഥന ആവർത്തിച്ച അദ്ദേഹം സെമിനാരി വിദ്യാർത്ഥികൾക്കു വേണ്ടി പ്രാർത്ഥിക്കാനും ആഹ്വാനം ചെയ്തു. "ദൈവത്തിന്റെ ദൗത്യ പൂർത്തീകരണത്തിന് സഭയിൽ വൈദീകരുടെ ആവശ്യമുണ്ട്, അതിനാൽ മുഴുവൻ ക്രൈസ്തവ സമൂഹത്തോടും പുതിയ ദൈവവിളികൾക്കായി പ്രാർത്ഥിക്കാൻ എന്റെ ശബ്ദവും ഞാൻ ചേർത്തു വയ്ക്കുന്നു", മോൺ. എർക്കൊളാനോ തോംബെ പറഞ്ഞു.