മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
എല്ലാ വർഷങ്ങളിലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി അമേരിക്കൻ ഐക്യനാടുകളിലെ സഭ നടത്താറുള്ള ധനശേഖരണം ഇത്തവണയും നടക്കും. 2004 മുതൽ, ആഫ്രിക്കയിലെ സഭയുടെ അജപാലനരംഗത്തെ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച്, യുവജനങ്ങൾ, കത്തോലിക്കാ സ്കൂളുകൾ, വൈദികരുടെയും അത്മായാരുടെയും പരിശീലനം, സംഘർഷ മേഖലകളിൽ സമാധാനം പ്രോത്സാഹിപ്പിക്കൽ എന്നീ കാര്യങ്ങൾ മുന്നിൽകണ്ട് നടത്തുന്ന ഈ സംരംഭത്തെ ഏകോപിപ്പിക്കുന്നത്, മെത്രാൻമാരുടെ സംഘത്തിന്റെ ഒരു പ്രത്യേക സബ് കമ്മീഷനാണ്.
ഈ ശേഖരണത്തിലേക്കുള്ള സംഭാവനകൾ ആഫ്രിക്കൻ ജനതയിൽ പ്രത്യാശ വളർത്തുന്നതിനും, അവിടെയുള്ള ആളുകൾ തമ്മിൽ പരസ്പരധാരണയും സമാധാനവും വളർത്തുന്നതിനും, യേശുക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെയും കരുണയുടെയും സുവിശേഷം പ്രചരിപ്പിക്കുന്നതിനും സഭയെ സഹായിക്കുന്നു" എന്ന്, സബ് കമ്മീഷൻ അധ്യക്ഷൻ കർദ്ദിനാൾ ജോസഫ് ടോബിൻ വിശദീകരിച്ചു.
ആഫ്രിക്കയിലെ ദാരിദ്ര്യം, പാരിസ്ഥിതിക ദുരന്തങ്ങൾ, മോശം ഭരണം, നിരന്തരമായി തുടരുന്ന സംഘർഷങ്ങൾ, വലിയ തോതിലുള്ള കുടിയേറ്റങ്ങൾ എന്നിവ ഭൂഖണ്ഡത്തിന്റെ ഭൂരിഭാഗത്തെയും മോശമായി ബാധിക്കുന്നുണ്ട് എന്നും, ആഫ്രിക്ക, ലോകത്തിൽത്തന്നെ രാഷ്ട്രീയമായും സാമ്പത്തികമായും ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട മേഖലകളിലൊന്നാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇങ്ങനെയൊക്കെയാണെങ്കിലും, ആഫ്രിക്ക വലിയ ആത്മീയ ചൈതന്യം ഉള്ള ഒരു ഭൂഖണ്ഡമാണ് എന്നും അവിടെയുള്ള സമർപ്പിതരും അത്മായരും ഉൾപ്പെടുന്ന ദൈവജനം സന്തോഷത്തോടെ സുവിശേഷം പങ്കിടുന്നത് അമേരിക്കൻ സഭയ്ക്കും പ്രേരണയാകണമെന്നും കർദ്ദിനാൾ ടോബിൻ കൂട്ടിച്ചേർത്തു.