സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
യഥാക്രമം റിക്ടർ സ്കെയിലിൽ 7.2, 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇനിയും കൃത്യമായ കണക്കുകൾ വരാനിരിക്കെ 300 പേരോളം മരണമടയുകയും 2000 ത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായും നിരവധി കെട്ടിടങ്ങൾക്ക് ഗുരുതരമായ നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്. സമയം പിന്നിടുംതോറും കണക്കുകൾ ഉയരുകയും ചെയ്യുന്നു. അമേരിക്കൻ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനും ലോസ് ആഞ്ചലസ് അതിരൂപതാ മെത്രാപ്പോലീത്തയുമായ ഹൊസെ ഗോമസ് ഇറക്കിയ കുറിപ്പിൽ തങ്ങളുടെ പ്രിയപ്പട്ടവരുടെ വിയോഗത്തിൽ ദു:ഖിതരായി വിലപിക്കുകയും ഭൂമികുലുക്കത്തിൽ ദുരിതമനുഭവിക്കുന്നവരുമായ ഹെയ്തിയിലെ ജനങ്ങൾക്ക് ആഴമായ പ്രാർത്ഥനയർപ്പിച്ചു. ഇന്നലെ, പ്രത്യേകിച്ച്, പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണ തിരുനാൾ ദിനത്തിൽ അമേരിക്കൻ മെത്രാൻ സമിതിയുടെ പേരിൽ ഹെയ്തിയിലെ മെത്രാൻ സമിതി അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ലോണറി സതൂർണെയ്ക്കും ഹെയ്തിയിലെ വിശ്വാസ സമൂഹത്തിൽ അക്ഷീണം സേവനം ചെയ്യുന്നവർക്കും പ്രാർത്ഥനയും സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. തുടർച്ചയായ ഈ പരീക്ഷണ നിമിഷങ്ങളിൽ ഹെയ്തിയൻ സഭയ്ക്ക് മദ്ധ്യസ്ഥയും ദ്വീപിന്റെ രക്ഷാധികാരിയുമായ നിത്യസഹായ മാതാവ് ആശ്വാസവും അനുകമ്പയും സാമിപ്യവുമാകട്ടെ എന്നും അദ്ദേഹം അറിയിച്ചു. അതേസമയം എല്ലാ കത്തോലിക്കരോടും നല്ല മനസ്കരോടും ഹെയ്തിയിലെ സമാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാൻ അമേരിക്കൻ മെത്രാൻ സമിതിയുടെ അന്തർ ദേശീയ മാനുഷിക സംഘടനയായ കാത്തലിക് റിലീഫ് സൊസൈറ്റിയുമായി (CRS) ബന്ധപ്പെടാനും ആവശ്യപ്പെട്ടു. ഹെയ്തിയിലെ നമ്മുടെ സഹോദരീ സഹോദർക്ക് സമാശ്വാസമെത്തിക്കാൻ കഴിയുന്ന എല്ലാർക്കുമുള്ള തന്റെ നന്ദിയും അറിയിച്ചു കൊണ്ടാണ് മോൺ. ഗോമസ് അവസാനിപ്പിച്ചത്.