മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഏതാണ്ട് ഇരുന്നൂറ് പേരുടെ മരണത്തിനും ആയിരങ്ങളുടെ പരിക്കിനും കാരണമായ ബെയ്‌റൂട്ട് ദുരന്തത്തിന്റെ വാർഷികദിനത്തിൽ ബെയ്‌റൂട്ട് തുറമുഖത്ത് നടന്ന വാർഷികചടങ്ങുകൾക്കിടയിൽ, മാറോണീത്താ കത്തോലിക്കാ സഭയുടെ തലവനും കർദിനാളുമായ പാത്രിയർക്കീസ് ബേഷാറ ബുത്രോസ് റായി (BÉCHARA BOUTROS RAÏ), വുശുദ്ധ കുർബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിൽ, സമാധാനത്തിലൂടെ മുന്നേറാൻ എല്ലാവരെയും അദ്ദേഹം ആഹ്വാനം ചെയ്‌തു.
ഈ വാർഷികദിനം കോപത്തിന്റെയും പ്രതിഷേധത്തിന്റെയും അപലപനത്തിന്റെയും ദിവസമായിരിക്കണമെന്ന് പലരും ആഗ്രഹിച്ചു എന്ന് പറഞ്ഞ കർദിനാൾ റായി, വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനേഴാം ആദ്ധ്യായത്തിലെ "അവർ അവനെ വധിക്കും; എന്നാൽ മൂന്നാം ദിവസം അവൻ ഉയർപ്പിക്കപ്പെടും" എന്ന ഇരുപത്തിമൂന്നാം വാക്യം ഉദ്ധരിച്ച്, സുവിശേഷത്തിന്റെ വാക്കുകൾ മുറിവേറ്റ ഹൃദയങ്ങൾക്ക് ഏറ്റവും ഫലപ്രദവും ആശ്വാസകരവും ആണെന്ന് ഓർമ്മിപ്പിച്ചു.
പഴയനിയമത്തിലെ ഉത്പത്തിപുസ്തകത്തിലെ കായേന്റെ മനസ്സാക്ഷിയോട് എന്നതുപോലെ, ഇവിടെ നടന്ന സ്‌ഫോടനത്തിന് ഉത്തരവാദികളായവരുടെ മനസ്സാക്ഷിയോടും ദൈവം ചോദ്യം ഉയർത്തുന്നുണ്ടെന്നും, മനുഷ്യചരിത്രത്തിലെ മൂന്നാമത്തെ വലിയ ആണവേതാരസ്ഫോടനമായ ഇത്, മനുഷ്യത്വത്തിനെതിരായ ഈ കുറ്റകൃത്യമാണെന്നും, ഇതുമായി ബന്ധപ്പെട്ടവർ നീതിയിൽനിന്ന് രക്ഷപ്പെടുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.