തിരയുക

Vatican News
ജപ്പാനിലെ ഹിരോഷിമയിൽ സമാധാന സ്മാരകത്തിനു മുന്നിൽ പ്രാർത്ഥനാ നിരതനായി ഫ്രാൻസീസ് പാപ്പാ, 19/11/2019, തായ്ലൻറിലും ജപ്പാനിലും നടത്തിയ ഇടയസന്ദർശന വേളയിൽ (ഫയൽ ചിത്രം) ജപ്പാനിലെ ഹിരോഷിമയിൽ സമാധാന സ്മാരകത്തിനു മുന്നിൽ പ്രാർത്ഥനാ നിരതനായി ഫ്രാൻസീസ് പാപ്പാ, 19/11/2019, തായ്ലൻറിലും ജപ്പാനിലും നടത്തിയ ഇടയസന്ദർശന വേളയിൽ (ഫയൽ ചിത്രം)  (Vatican Media)

അണുബോംബ് ഭീകരതയുടെ ഓർമ്മ- സമാധാനയജ്ഞത്തിനുള്ള ക്ഷണം !

ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളെ അഗ്നികുണ്ഡമാക്കിയ അണുബോംബാക്രമണങ്ങൾക്ക് 76 വയസ്സ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അമേരിക്കൻ ഐക്യനാടുകൾ ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങൾ അണുബോംബിട്ട് തകർത്തതിൻറെ വാർഷികാനുസ്മരണം എല്ലാ നാടുകൾക്കും യഥാർത്ഥ സമാധാനത്തിലേക്കുള്ള ഒരു ക്ഷണമാണെന്ന് നാഗസാക്കി അതിരൂപതയുടെ ആർച്ച്ബിഷപ്പ് ജോസഫ് മിത്സ്വാക്കി തക്കാമി (Joseph Mitsuaki Takami).

1945 ആഗസ്റ്റ് 6-ന് അമേരിക്കയുടെ പോർവിമാനം അണുബോംബിട്ട് ഹിരോഷിമയെ തകർത്തതിൻറെ വാർഷികം, ജപ്പാൻ ആതിഥ്യമരുളുന്ന ഒളിമ്പിക്ക് കായികമാമാങ്കത്തിന് തിരശ്ശീല വീഴുന്നതിന് രണ്ടുദിനം മുമ്പ്, അതായത് ഈ ആറാം തീയതി (06/08/21) വെള്ളിയാഴ്‌ചയാണെന്നത് വത്തിക്കാൻ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിൽ അനുസ്മരിച്ചുകൊണ്ടാണ് അദ്ദേഹം ഇതു പറഞ്ഞത്.

1945 ആഗസ്റ്റ് 9-നാണ് ജപ്പാനിലെ നാഗസാക്കി പട്ടണത്തിൽ അണുബോബാക്രമണം ഉണ്ടായത്. ഈ ആക്രമണങ്ങളിൽ ഈ രണ്ടു നഗരങ്ങളിലും കൂടി രണ്ടുലക്ഷത്തിലേറെപ്പേർ മരണമടഞ്ഞു.

ഈ ഭൂമിയിൽ നിർമ്മിച്ചിട്ടുള്ള ആയുധങ്ങളിൽ അതിവ്യാപകമായ സംഹാരശേഷിയുള്ള അണുബോംബിൻറെ ഭീകരത പ്രകടമായ ആ ദിനങ്ങൾക്കു ശേഷം 76 വർഷം കടന്നു പോയതും ആർച്ചുബിഷപ്പ് തക്കാമി അനുസ്മരിച്ചു.

യഥാർത്ഥവും സമൂർത്തവുമായ വിശ്വശാന്തി സംജാതമാകുന്നതിന് ആണവായുധനിർമ്മാർജ്ജനത്തിൻറെ അനിവാര്യത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഈ വാർഷികം ഒളിമ്പിക്ക് മേളയുടെ വേളയിലായത് ശുഭകരമായ യാദൃശ്ചികതയാണെന്നും രാഷ്ട്രങ്ങൾ തമ്മിലുള്ള ഇന്നത്തെയും നാളത്തെയും ഏകതാനതയ്ക്കായി പരിശ്രമിക്കാൻ മറക്കരുതെന്ന ഓർമ്മപ്പെടുത്തലാണതെന്നും ഒളിമ്പിക് കായികമത്സരങ്ങൾ ഒരു ഉത്സവമാണെങ്കിലും  അത് വിശ്വശാന്തിക്കായി യത്നിക്കാനുള്ള പ്രചോദനമാണെന്നും ആർച്ച്ബിഷപ്പ് തക്കാമി കൂട്ടിച്ചേർത്തു.

06 August 2021, 12:19