തിരയുക

2019 ഏപ്രിൽ മാസം വത്തിക്കാനിൽ  തെക്കൻ സുഡാൻ ഭരണാധികൾക്കായി സംഘടിപ്പിച്ച ആത്മീയ ധ്യാന ദിവസങ്ങളിൽ പകർത്തപ്പെട്ട ചിത്രം 2019 ഏപ്രിൽ മാസം വത്തിക്കാനിൽ തെക്കൻ സുഡാൻ ഭരണാധികൾക്കായി സംഘടിപ്പിച്ച ആത്മീയ ധ്യാന ദിവസങ്ങളിൽ പകർത്തപ്പെട്ട ചിത്രം 

സമാധാന പ്രക്രിയകളിൽ മത നേതാക്കളേയും ഉൾപ്പെടുത്തണം

തെക്കൻ സുഡാൻ മെത്രാന്മാരുടെ പ്രതിനിധി സംഘം പ്രസിഡണ്ട് കീയിറിനോടു ആവശ്യപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

2018 സെപ്തംബർ 12ന് ആദിസ് അബദായിൽ ഒപ്പുവച്ച ഉടമ്പടിയോടെ ആരംഭിച്ച സമാധാന പ്രക്രിയയുടെ വിലയിരുത്തലിനായി കഴിഞ്ഞ ജൂലൈ 27 ന് രാഷ്ട്രത്തലവനെ സന്ദർശിച്ചപ്പോഴാണ് മെത്രാന്മാരുടെ പ്രതിനിധി സംഘം ഇക്കാര്യം മുന്നോട്ടുവച്ചത്. മക്കാലെ മെത്രാൻ മോൺ. സ്റ്റീഫൻ ന്യോദ്ഹോ അസോർ മജ്വോക്, തോറിത്തിൽ നിന്ന് വിരമിച്ച മെത്രാൻ മോൺ. പരിദെ തബാൻ, ജൂബായിലെ മെത്രാപ്പോലിത്താ മോൺ. സ്റ്റീഫൻ അമേയു മാർട്ടിൻ മുള്ള എന്നിവർ സന്നിഹിതരായിരുന്നു.

തെക്കൻ സുഡാനിൽ  ദേശീയ ഐക്യരൂപീകരണത്തിലൂടെ ഭരണമാറ്റത്തിനായി ഒരുക്കിയിട്ടുള്ള താല്കാലിക ഭരണകൂടവും പ്രതിപക്ഷ മുന്നേറ്റങ്ങളുടെ സഖ്യവും, തെക്കൻ സുഡാൻ യുണൈറ്റഡ് ഫ്രണ്ട്,  റിയൽ സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെന്റ്, ഒപ്പുവയ്ക്കാത്ത മറ്റു രണ്ട് സംഘടനകൾ എന്നിവയുമായി സാന്ത് എജിദിയോ സമൂഹം ജൂലൈ 15 മുതൽ 18 വരെ സംഘടിപ്പിച്ച സമാധാന ചർച്ചകൾക്ക് ശേഷം ഏകദേശം ഒരാഴ്ച കഴിഞ്ഞാണ് പ്രസിഡണ്ട് കീയിറുമായുള്ള കൂടിക്കാഴ്ച നടന്നത്.

കിഴക്കൻ ആഫ്രിക്കയിലെ മെത്രാൻ സമിതികളുടെ സംഘടനയുടെ ബ്ളോഗിൽ നടത്തിയ ഒരു അഭിമുഖത്തിൽ നടന്നുകൊണ്ടിരിക്കുന്ന സമാധാന പ്രക്രിയയിൽ തങ്ങളുടെ മുഴുവൻ പിന്തുണയും നൽകുമെന്ന് ആവർത്തിച്ചതായി മോൺ. അമേയൂ അറിയിച്ചു. അതേ സമയം ചർച്ചകളിൽ ഇതുവരെയും ഒരു മത നേതാക്കളെയും ഉൾപ്പെടുത്താത്തതിനാൽ, വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടെ അനുരഞ്ജനത്തിന്റെയും, നീതിയുടേയും സമാധാനത്തിന്റെയും ചർച്ചകളിൽ മതനേതാക്കളെ പങ്കെടുപ്പിക്കേണ്ടിന്റെ പ്രാധാന്യം മെത്രാന്മാർ ഉയർത്തി കാണിച്ചു എന്നും മോൺസിഞ്ഞോർ അറിയിച്ചു.

തെക്കൻ സുഡാനിലെ ജനങ്ങൾക്ക് സമാധാനം എത്ര പ്രാധാന്യമാണെന്നും, പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വങ്ങളെയും അവർ ഓർമ്മിപ്പിച്ചു. സഭയും രാഷ്ട്രവും തമ്മിലുള്ള നല്ല ബന്ധത്തിൽ സംതൃപ്തി പ്രകടിപ്പിച്ച മെത്രാന്മാർ എത്ര മന്ദഗതിയിലാണെങ്കിലും ഈ സമാധാന പ്രക്രിയയ്ക്ക് ക്രിയാത്മകമായ സ്വാധീനം ചെലുത്താൻ കഴിയും എന്ന് പ്രത്യാശ പ്രകടിപ്പിച്ചു. അടുത്ത സെപ്റ്റംബറിലും, ഒക്ടോബറിലും നവംബറിലും നടക്കുന്ന ചർച്ചകളിൽ തങ്ങളുടെ അഭ്യർത്ഥന പരിഗണിക്കാമെന്ന് പ്രസിഡണ്ട് കിയിർ അറിയിച്ചതായും മോൺ. അമേയൂ അറിയിച്ചു. അടുത്ത ചർച്ചകളിൽ "റോമിന്റെ  സംരംഭം " (Rome initialive) എന്നറിയപ്പെടുന്ന സാന്ത് എജിദിയോ സമൂഹം മുൻകൈ എടുക്കുന്ന സമാന്തര സമാധാന പ്രക്രിയയിൽ 2008 ലെ ഉടമ്പടിയിൽ ഒപ്പുവയ്ക്കാത്ത പ്രതിപക്ഷ പ്രസ്ഥാനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ളതായിരിക്കും. ഇത് ജൂലൈ മധ്യത്തിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ സുപ്രധാന ഫലങ്ങളെ എടുത്തുകാണിക്കുന്നു. അതിൽ പ്രധാന കക്ഷികൾ വെടിനിർത്തൽ പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനത്തിന്റെ മാർഗ്ഗരേഖയിൽ ഒപ്പുവച്ചിരുന്നു. സംഘർഷത്തിനുള്ള കാരണങ്ങളെക്കുറിച്ചുള്ള രാഷ്ട്ര സംവാദത്തിന്റെ മാർഗ്ഗരേഖയിലും, അവസാനം ഒരു പൊതു ഉടമ്പടിയിലും ഒപ്പിടാൻ കക്ഷികൾ പ്രതിജ്ഞാബദ്ധരുമാണ്.

സുഡാനിൽ നിന്നും സ്വതന്ത്രമായതിന് രണ്ടു വർഷത്തിനു ശേഷം 2013 ൽ തുടങ്ങിയ ആഭ്യന്തര കലാപങ്ങൾ തെക്കൻ സുഡാനിൽ 400,000 പേരുടെ മരണത്തിനും നാല് ദശ ലക്ഷം പേരുടെ കുടിയൊഴിപ്പിക്കലിനും ഇടയാക്കി. ഡിങ്കാ വംശജനായ പ്രസിഡണ്ട് സാൽവാ കിയിറും ന്യൂയർ വംശത്തിൽപ്പെട്ട മുൻ വൈസ് പ്രസിഡണ്ട് റിക് മാച്ചറും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങളായിരുന്നു സംഘർഷത്തിന് തുടക്കം കുറിച്ചത്. 2018ൽ ഒച്ചവച്ച ഉടമ്പടിയുടെ ഫലമായി നിരവധി കരാറുകൾക്കും വെടിനിറുത്തലുകൾക്കും ശേഷം 2020ൽ ഒരു ദേശീയ ഐക്യത്തിന്റെ സർക്കാർ രൂപീകരിക്കപ്പെട്ടു.

ക്രിസ്തീയ സഭകൾ സമാധാന പ്രക്രിയയെ എല്ലായിപ്പോഴും പിൻതുണച്ചിട്ടുണ്ട്. ഫ്രാൻസിസ് പാപ്പയും ആശങ്കയോടെ  തെക്കൻ സുഡാനിലെ സംഭവ വികാസങ്ങളെ അനുധാവനം ചെയ്യുന്നു. 2019 ഏപ്രിൽ മാസം പരസ്പര എതിരാളികളായ നേതൃസമൂഹത്തെ വിളിച്ചു കൂട്ടി വത്തിക്കാനിൽ സംഘടിപ്പിച്ച ആത്മീയ ധ്യാനവും പാപ്പാ അവരുടെ പാദങ്ങൾ ചുംബിച്ച രംഗങ്ങളും നമ്മുടെ ഓർമ്മയിൽ നിന്ന് മാഞ്ഞിട്ടില്ല. ഡിസംബർ 24 ന് ഫ്രാൻസിസ് പാപ്പയും ആംഗ്ലിക്കൻ സഭാദ്ധ്യക്ഷൻ ജസ്റ്റിൻ വെൽബിയും സ്കോട്ട്ലൻഡ് പൊതു സഭാ സമിതിയുടെ മോഡറേറ്റർ മാർട്ടിൻ ഫെയറും ചേർന്ന് തെക്കൻ സുഡാനിലെ നേതാക്കൾക്ക്  സമാധാന നടപടികളിലുള്ള മുന്നേറ്റത്തിൽ സംതൃപ്തി പ്രകടിപ്പിച്ച് ഒരു പൊതു സന്ദേശം അയച്ചിരുന്നു. അതിൽ ജനങ്ങൾക്ക് സമാധാനത്തിന്റെ ഫലങ്ങൾ അനുഭവവേദ്യമാക്കാൻ ഇനിയും കൂടുതൽ ചെയ്യേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിച്ചിരുന്നു. സാഹചര്യങ്ങൾ അനുവദിച്ചാൽ രാജ്യം സന്ദർശിക്കാൻ അവർക്കുള്ള അഭിലാഷവും സന്ദേശത്തിൽ സൂചിപ്പിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 August 2021, 14:09