തിരയുക

Vatican News
ലെബനോൻ കാരിത്താസ് പ്രവർത്തകർ ഭക്ഷണവിതരണം നടത്തുന്നു . ഫയൽ ചിത്രം ലെബനോൻ കാരിത്താസ് പ്രവർത്തകർ ഭക്ഷണവിതരണം നടത്തുന്നു . ഫയൽ ചിത്രം 

ലെബനോനിനായി ധനസഹായം തേടി കാരിത്താസ് ഇറ്റലി

കഴിഞ്ഞ വർഷം നടന്ന വൻസ്‌ഫോടനത്തിൽ ഇപ്പോഴും ബുദ്ധിമുട്ടിൽ കഴിയുന്ന ലെബനോൻ ജനതയെ സഹായിക്കാൻവേണ്ടി ധനസഹായം തേടി കാരിത്താസ് ഉപവിസംഘടനയുടെ ഇറ്റലിയിലെ ശാഖ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സാമ്പത്തിക ബുദ്ധിമുട്ടിലായ ലെബനോനിൽ ഇപ്പോൾ നൽകിവരുന്ന സഹായങ്ങൾ തുടരാൻ വീണ്ടും ധനസഹായം അഭ്യർത്ഥിച്ച് കാരിത്താസ് ഉപവിസംഘടനയുടെ ഇറ്റാലിയൻ ശാഖ.

കഴിഞ്ഞവർഷം ഓഗസ്റ്റ് നാലിന്, ലെബനോൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടന്ന ശക്തമായ സ്‌ഫോടനത്തിൽ ഇരുന്നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. രണ്ടായിരത്തി എഴുന്നൂറ്റിയൻപത് ടണ്ണോളം അമോണിയം നൈട്രേറ്റ് കത്തിയുണ്ടായ ഈ അപകടത്തിൽ, ഏഴായിരത്തോളം പേർക്ക് പരിക്കേൽക്കുകയും മൂന്ന് ലക്ഷത്തോളം പേര് ഭവനരഹിതരാകുകയും ചെയ്‌തതായാണ് കണക്കാക്കുന്നത്.

അപകടത്തിന് ശേഷം ലെബനോനിലെയും ഇറ്റലിയിലെയും കാരിത്താസ് ശാഖകൾ ഒത്തുചേർന്ന്, മറ്റു ഉപവിസംഘടനകളുടെ സഹായത്തോടെ ഏതാണ്ട് മൂന്നരലക്ഷത്തിലധികം ആളുകൾക്ക് സഹായമെത്തിച്ചിരുന്നു.

സംഭവത്തിന് ശേഷം ലെബനനിലെ സ്ഥിതിഗതികൾ കൂടുതൽ മോശമാകുകയും, സാമ്പത്തിക, രാഷ്ട്രീയ, സാമൂഹികപ്രതിസന്ധികൾക്ക് പുറമെ, നിലവിലുള്ള കോവിഡ് 19 മഹാമാരിയുടെ അനന്തരഫലങ്ങൾ അവയുടെ ആക്കം വർദ്ധിപ്പിക്കുകയും ചെയ്തു. 2019 ഒക്ടോബറിന് ശേഷം, ലെബനോനിലെ നാണയത്തിന്റെ മൂല്യം ഏതാണ്ട് 90 ശതമാനം കുറയുകയും, രാജ്യത്തെ പണപ്പെരുപ്പം 100 ശതമാനത്തിലധികം ഉയരുകയും ചെയ്തു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ രാജ്യത്ത് ഒരു സർക്കാർ ഉണ്ടായിരുന്നില്ല എന്നും, ലെബനോനിനിലെ സ്ഥിതിവിശേഷങ്ങൾ ഗൗരവതരമാണെന്നും കാരിത്തസിന്റെ ഇറ്റാലിയൻ ശാഖ അറിയിച്ചു. ഗുരുതരമായ സാമ്പത്തിക സ്ഥിതി കാരണം ലക്ഷക്കണക്കിന് ലെബനീസ് ജനങ്ങൾ അനുഭവിക്കുന്ന മനുഷ്യ ദുരന്തംകൂടി കണക്കിലെടുത്താണ് കാരിത്താസ് സംഘടനാ ഇങ്ങനെ പറഞ്ഞത്. അറുപത് ലക്ഷത്തോളം വരുന്ന ലബനോനിലെ ജനസംഖ്യയിൽ ഏതാണ്ട് മുപ്പത് ലക്ഷത്തോളം ആളുകൾ ദാരിദ്ര്യത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട്. ഇവരിൽ പകുതിയും സിറിയയിൽനിന്നുള്ള അഭയാർത്ഥികളാണ്.

ലെബനോനിലെ സഭയോടും ലബനോൻ ജനതയോടും ചേർന്ന് നില്ക്കാൻ ഐക്യദാർഢ്യത്തിന് ആഹ്വാനം ചെയ്താണ് ഇറ്റാലിയൻ കാരിത്താസ് പുതിയ ധനസമാഹരണത്തിന് പരിശ്രമിക്കുന്നത്.

നിലവിൽ, ഇറ്റലിയിലെ മെത്രാൻസംഘം നൽകിയ എട്ടരക്കോടിയോളം രൂപയും മറ്റ് സംഭാവനകളും ഉൾപ്പെടുത്തി കാരിത്താസ് ഇറ്റലി, രണ്ടു വ്യത്യസ്ഥതലങ്ങളിലായി ലെബനോനിലെ സഹായിക്കുന്നുണ്ട്. സ്‌ഫോടനത്തിന്റെ ദുരന്തഫലങ്ങളെ നേരിടുന്നതിനുള്ള പരിശ്രമങ്ങൾ വഴിയും, ലെബനോനിൽ നിലവിലുള്ള, സാമൂഹിക, സാമ്പത്തിക പ്രതിസന്ധിയെയും, അഭയാർത്ഥിപ്രശ്നങ്ങളെയും അഭിമുഖീകരിക്കാൻ സഹായിക്കുന്നതും വഴിയുമാണ് കാരിത്താസ് ഇപ്പോൾ തങ്ങളുടെ സേവനം, ലെബനോൻ ജനതയ്ക്ക് നൽകുന്നത്.

2022 ഫെബ്രുവരിയോടെ നിലവിലുള്ള സഹായസഹകരണങ്ങൾ അവസാനിപ്പിക്കാനാണ് പദ്ധതിയെങ്കിലും, ഇപ്പോൾ തുടരുന്ന വിവിധ പ്രതിസന്ധികൾ കണക്കിലെടുക്കുമ്പോൾ, മാറ്റ് സംരഭങ്ങളിലൂടെ സഹായസഹകരണങ്ങൾ തുടരേണ്ടിവരുമെന്നാണ് കരുതുന്നത്

05 August 2021, 08:29