മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സൗത്ത് ആഫ്രിക്കയിൽ വിവിധ പ്രവിശ്യകളിലായി തുടരുന്ന അക്രമങ്ങളിൽ ഏതാണ്ട് 70 ലധികം പേർ മരിച്ച സാഹചര്യത്തിലാണ് സമാധാനത്തിനായുള്ള പരിശ്രമങ്ങൾക്ക് മെത്രാൻ സംഘം എല്ലാവരെയും ക്ഷണിച്ചത്. വളരെ ചെറിയ അക്രമണങ്ങളിൽനിന്നാണ് രാജ്യം മുഴുവൻ വ്യാപിക്കുന്ന രക്തച്ചൊരിച്ചിലും, അരാജകത്വവും ഉണ്ടാകുന്നതെന്ന് ഓർക്കണമെന്ന് മെത്രാന്മാർ കൂട്ടിച്ചേർത്തു.
2018 വരെ, ഒൻപത് വർഷം അധികാരത്തിലിരുന്ന സമയത്തു നടന്നിട്ടുള്ള അഴിമതികളെക്കുറിച്ച് നടന്ന അന്വേഷണത്തിൽ, തെളിവ് നൽകാനുള്ള നിർദ്ദേശം ലംഘിച്ചതിന്, മുൻ പ്രസിഡന്റ് ജേക്കബ് സുമയെ 15 മാസത്തെ തടവ് ശിക്ഷക്കു വിധിച്ചതിനെത്തുടർന്നാണ് രാജ്യത്ത് പ്രതിഷേധങ്ങൾ ആരംഭിച്ചത്. പലയിടങ്ങളിലും പ്രകടനങ്ങൾ, പൊലീസുമായുള്ള ഏറ്റുമുട്ടലിലേക്കും, കടകൾ തകർത്ത് കൊള്ള നടത്തുന്നതിലേക്കും വ്യാപിച്ചു.
ജീവോന്മുഖമായ ഒരു തിരഞ്ഞെടുപ്പ് നടത്തുവാനും, നല്ലൊരു നാളെയെ കെട്ടിപ്പടുക്കുവാനായി, പരസ്പരം ക്ഷമിക്കുവാനും, സഹകരിക്കുവാനും, ജീവിതത്തിന്റെ പവിത്രതയെ മാനിക്കാനും, ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനം ഫ്രത്തെല്ലി തൂത്തിയെ (Fratelli tutti) ഉദ്ധരിച്ചു മെത്രാന്മാർ ജനങ്ങളെ ആഹ്വാനം ചെയ്തു.