തിരയുക

ഫ്രാന്‍സിസ് പാപ്പാ ഇറാക്ക് സന്ദർശിച്ചപ്പോൾ പകർത്തപ്പെട്ട ചിത്രം. ഫ്രാന്‍സിസ് പാപ്പാ ഇറാക്ക് സന്ദർശിച്ചപ്പോൾ പകർത്തപ്പെട്ട ചിത്രം. 

സ്ലൊവേക്യയിലേക്കുള്ള പാപ്പയുടെ അപ്പോസ്തോലിക സന്ദർശനത്തിന് മുന്നൊരുക്കമായി 40 ദിന പ്രാർത്ഥനാചരണം

ഫ്രാൻസിസ് പാപ്പയുടെ അപ്പോസ്തോലിക സന്ദർശനത്തോടനുബന്ധിച്ച് അവിടുത്തെ വിശ്വാസികളെ ആത്മീയമായി ഒരുക്കുവാൻ 40 ദിവസത്തെ പ്രാർത്ഥന സംരംഭം സ്ലോവാക്കിയയിൽ നടത്തപ്പെടും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സെപ്റ്റംബർ 12 മുതൽ 15 വരെയാണ് ഫ്രാൻസിസ് പാപ്പാ സ്ലോവാക്യ സന്ദർശിക്കുക. അതിന്റെ മുന്നൊരുക്കമായി സ്ലോവാക്യയുടെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് 40 ദിവസത്തെ പ്രാർത്ഥനാദിനാചരണങ്ങൾ.

പ്രാർത്ഥനയുടെ ഈ മാരത്തോൺ ആരംഭിക്കുന്നത് വരുന്ന ഓഗസ്റ്റ് ഏഴാം തീയതി മുതൽ സെപ്റ്റംബർ 15 ആം തീയതി വരെയാണ്. ഓരോ വിശ്വാസിയും തങ്ങളുടെ ഭവനത്തിലോ ദേവാലയത്തിലോ, സ്വന്തം കൂട്ടായ്മയിലോ ഇരുന്നു ജപമാല അർപ്പിച്ച് കൊണ്ട് ഈ ആത്മീയ ഒരുക്കത്തിൽ പങ്കുചേരാം.

പ്രാർത്ഥനയിലൂടെ ആത്മീയ പൂച്ചെണ്ട് തയ്യാറാക്കുന്നതിൽ പങ്കുകാരാകാൻ നല്ലമനസ്സുള്ള എല്ലാവരേയും ക്ഷണിക്കുന്നുവെന്നും ഈ സംരംഭത്തിലൂടെ ഓരോ വിശ്വാസിയും പരിശുദ്ധ പിതാവിന് വേണ്ടിയും സ്ലോവാക്ക്യയ്ക്ക് വേണ്ടിയും പ്രാർത്ഥനയിലൂടെ ഓരോ പൂവർപ്പിക്കുവാൻ കഴിയുമെന്നും സംഘാടകർ അറിയിച്ചു.

പരിശുദ്ധ കന്യാമറിയത്തിന്റെയും അവളുടെ ജീവിത പങ്കാളിയായ വിശുദ്ധ യൗസേപ്പിതാവിന്റെയും മാതൃക സ്വീകരിക്കാൻ പ്രോത്സാഹിപ്പിച്ച സ്ലോവാക്യയിലെ മെത്രാന്മാർ പരിശുദ്ധ മറിയവും, വിശുദ്ധ യൗസേപ്പിതാവും യേശുവിനെ അനുഗമിക്കുവാൻ നമ്മെ സഹായിക്കുകയും, ജീവിതത്തിൽ  യേശുവിന്റെ സാന്നിധ്യത്തിന്റെ അടയാളങ്ങൾ തിരിച്ചറിയാനും, അത് നമ്മുടെ പ്രതീക്ഷകളിലും ഹൃദയത്തിന്റെ ആഴമായ ആഗ്രഹങ്ങളിലും നമ്മെ നയിക്കുകയും ചെയ്യുമെന്ന് വിശ്വാസികളോടു ആഹ്വാനം ചെയ്തു. ഈ യാത്രയിൽ ഓരോ വ്യക്തിയെയും, കുടുംബത്തെയും, സമൂഹത്തെയും ക്ഷണിക്കുന്നുവെന്ന് കൂട്ടിച്ചേർത്ത  മെത്രാന്മാർ ഫ്രാൻസിസ് പാപ്പായും തന്റെ സന്ദർശനത്തിൽ വ്യക്തിപരമായി നമ്മെ പ്രോത്സാഹിപ്പിക്കുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

സെപ്റ്റംബറിൽ പാപ്പയുടെ സന്ദർശനത്തിന് ആത്മീയമായി ജനങ്ങളെ ഒരുക്കുന്നതിന്റെ  ഉത്തരവാദിത്വം നിർവഹിക്കുന്ന ബ്രാട്ടീസ്ളാവ സഹായമെത്രാൻ മോൺ. ജോസഫ് ഹാക്കോയും എല്ലാ ദിവസവും ജപമാല പ്രാർത്ഥിക്കാൻ വിശ്വാസികളെ ക്ഷണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 July 2021, 15:45