ഈശോസഭാംഗമായ ഫ്രഞ്ച് കർദ്ദിനാൾ അൽബേർത് വൻഹോയ്  (Cardinal Albert Vanhoye) ഈശോസഭാംഗമായ ഫ്രഞ്ച് കർദ്ദിനാൾ അൽബേർത് വൻഹോയ് (Cardinal Albert Vanhoye) 

കർദ്ദിനാൾ അൽബേർത് വൻഹോയ് കാലം ചെയ്തു, പാപ്പാ അനുശോചിച്ചു!

കർദ്ദിനാൾ അൽബേർത് വൻഹോയ്യുടെ ശുശ്രൂഷാ ദൗത്യം സുവിശേഷ സംവേദനത്തിനുള്ള തീവ്രാഭിലാഷത്താൽ പ്രചോദിതമായിരുന്നുവെന്ന് മാർപ്പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈശോസഭാംഗമായ ഫ്രഞ്ച് കർദ്ദിനാൾ അൽബേർത് വൻഹോയ്യുടെ (Card.Albert Vanhoye) നിര്യാണത്തിൽ പാപ്പാ അനുശോചിച്ചു.

വലിയ അർപ്പണബോധത്തോടെ കർത്താവിനെയും സഭയെയും സേവിച്ച ഈ സഹോദരനെ താൻ സ്നേഹത്തോടും ആദരവോടുംകുടെ അനുസ്മരിക്കുന്നുവെന്ന് ഫ്രാൻസീസ് പാപ്പാ, വത്തിക്കാനടുത്ത്  ഈശോസഭയുടെ കേന്ദ്ര ആസ്ഥാനമായ ജനറലേറ്റിനോടു ചേർന്നുള്ള ഈശോസഭാംഗങ്ങളുടെ വാസസ്ഥാനമായ “റെസിദേൻസ സാൻ പീയെത്രൊ കനീസിയൊ”യുടെ ചുമതലയുള്ള വൈദികൻ മാനുവെൽ മൊറുഹാവൊയ്ക്കയച്ച അനുശോചന സന്ദേശത്തിൽ പറയുന്നു.

സുവിശേഷ സംവേദനത്തിനുള്ള തീവ്രാഭിലാഷത്താൽ പ്രചോദിതമായിരുന്നു കർദ്ദിനാൾ അൽബേർത് വൻഹോയ്യുടെ ഉദാരതയാർന്ന ശുശ്രൂഷാ ദൗത്യമെന്ന് പ്രസ്താവിച്ച പാപ്പാ, ബൈബിൾ പണ്ഡിതൻ, അദ്ധ്യാപകൻ, റെക്ടർ, റോമൻ കൂരിയായിലെ സഹകാരി തുടങ്ങിയ നിലകളിൽ അദ്ദേഹം നല്കിയിട്ടുള്ള സേവനങ്ങൾ കൃതജ്ഞതയോടെ അനുസ്മരിച്ചു. 

98 വയസ്സുണ്ടായിരുന്ന അദ്ദേഹത്തിന് ഇരുപത്തിയൊമ്പതാം തീയതി (29/07/21) വ്യാഴാഴ്‌ച റോമിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

1923 ജൂലൈ 24-ന് ഫ്രാൻസിലെ ഹസെബ്രൂക്കിൽ ആയിരുന്നു കർദ്ദിനാൾ അൽബേർത് വൻഹോയുടെ ജനനം.

1941 സെപ്റ്റംബർ 11-ന് ഈശോസഭയിൽ ചേരുകയും 1944 നവമ്പർ 15-ന് പ്രഥമ വ്രതവാഗ്ദാനം നടത്തുകയും ചെയ്ത അദ്ദേഹം 1954 ജൂലൈ 26-ന് പൗരോഹിത്യം സ്വീകരിക്കുകയും 2006 മാർച്ച് 24-ന് ബെനഡിക്ട് പതിനാറാമൻ പാപ്പാ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തുകയും ചെയ്തു.

വേദപുസ്ത പണ്ഡിതനായിരുന്ന അദ്ദേഹം 1963 മുതൽ 1998 വരെ റോമിലെ ബീബ്ലിക്കും പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനിടയ്ക്ക് 1984 മുതൽ 1990 വരെ പ്രസ്തു ഇൻസ്റ്റിറ്റ്യൂട്ടിൻറെ റെക്ടറും ആയിരുന്നു അദ്ദേഹം.

1984-2001 വരെ പൊന്തിഫിക്കൽ ബീബ്ലിക്കൽ കമ്മീഷനിൽ അംഗവും 1990-2001 വരെയുള്ള കാലയളവിൽ അതിൻറെ കാര്യദർശിയും ആയിരുന്നു കർദ്ദിനാൾ വൻഹോയ്.

1980-1996 വരെ ക്രൈസ്തവൈക്യപരിപോഷണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയിൽ ഉപദേഷ്ടാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കർദ്ദിനാൾ അൽബേർത് വൻഹോയുടെ അന്ത്യോപചാര കർമ്മങ്ങൾ, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കർദ്ദിനാൾ സംഘത്തിൻറെ തലവനും പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷനുമായ കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രിയുടെ കാർമ്മികത്വത്തിൽ ശനിയാഴ്‌ച (31/07/21)  നടക്കും.

കർദ്ദിനാൾ അൽബേർത് വൻഹോയുടെ നിര്യാണത്തോടെ കർദ്ദിനാൾസംഘത്തിലെ അംഗസംഖ്യ 220 ആയി താണു.

ഇവരിൽ മാർപ്പാപ്പായെ തിരഞ്ഞെടുക്കുന്നതിന് സമ്മതിദാനാവകാശമുള്ളവർ 123-ഉം 80 വയസ്സു പൂർത്തിയായതിനാൽ ഈ വോട്ടവകാശമില്ലാത്തവർ 97 -ഉം ആണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2021, 12:25