ദക്ഷിണസുഡാന് സ്വാതന്ത്ര്യദിനാശംസയുമായി ക്രൈസ്തവ സഭാ നേതൃത്വം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ദൈവരാജ്യത്തെ പ്രതിഫലിപ്പിക്കുമാറ്, സകലരുടെയും ഔന്നത്യം ആദരിക്കുകയും എല്ലാവരും രമ്യതയിൽ കഴിയുന്നതുമായ ഒരു രാജ്യമാക്കി ദക്ഷിണ സുഡാനെ രൂപപ്പെടുത്തുന്നതിന് ഇനിയുമേറെ ചെയ്യേണ്ടതുണ്ടെന്ന് പാപ്പായും ഇതര ക്രൈസ്തവ സഭാ നേതാക്കളും.
2011 ജൂലൈ 9-ന് സ്വാതന്ത്ര്യം നേടിയ ദക്ഷിണ സുഡാൻറെ സ്വാതന്ത്ര്യലബ്ധിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പായും ആംഗ്ലിക്കൻ സഭാ കൂട്ടായ്മയുടെ തലവൻ, കാൻറർബറി ആർച്ചുബിഷപ്പ് ജസ്റ്റിൻ വ്വെൽബിയും, സ്കോട്ട്ലണ്ടിലെ സഭയുടെ ഔദ്യോഗിക പ്രതിനിധി, അഥവാ, മോഡറേറ്റർ ജിം വ്വാല്ലസും സംയുക്തമായി പ്രാദേശിക മെത്രാന്മാർക്കയച്ച ആശംസാസന്ദേശത്തിലാണ് ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സ്വാതന്ത്ര്യത്തിൻറെ പൂർണ്ണ ഫലങ്ങൾ ദക്ഷിണ സുഡാനിലെ ജനങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നതിനു വേണ്ടി കൂടുതൽ പരിശ്രമിക്കാൻ പ്രചോദനം പകരുന്ന ഈ ക്രൈസ്തവ സഭാ പ്രതിനിധികൾ അന്നാട് അപരിമേയ ശക്തിയാൽ അനുഗ്രഹീതമാണെന്ന് അനുസ്മരിക്കുന്നു.
എന്നാൽ, ഇന്നും അന്നാട്ടുകാർ, ഭയത്തിലും അനിശ്ചതത്വത്തിലും നീതിയും സ്വാതന്ത്ര്യവും ഐശ്വര്യവും നല്കാൻ തങ്ങളുടെ നാടിന് സാധിക്കുമെന്ന ആത്മവിശ്വാസമില്ലാത്ത അവസ്ഥയിലുമാണ് കഴിയുന്നതെന്ന ഖേദകരമായ വസ്തുതയും പാപ്പായും ഇതര സഭാ നേതാക്കളും സന്ദേശത്തിൽ എടുത്തു പറയുന്നു.
അന്നാടു സന്ദർശിക്കാനും ജനങ്ങളുമൊത്ത് ആഘോഷിക്കാനുമുള്ള അവസരം തങ്ങൾക്കുണ്ടാകുമെന്ന പ്രത്യാശയും ഇവർ സന്ദേശത്തിൽ പ്രകടിപ്പിക്കുന്നു.