തിരയുക

അഞ്ചപ്പവും രണ്ട് മീനും അഞ്ചപ്പവും രണ്ട് മീനും 

മനുഷ്യരുടെ വിശപ്പകറ്റുന്ന ദൈവപുത്രൻ

വി. യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം ഒന്നുമുതൽ പതിനഞ്ചുവരെയുള്ള വാക്യങ്ങളെക്കുറിച്ചുള്ള വിചിന്തനം
സുവിശേഷപരിചിന്തനം John 6, 1-15

ഫാ. ഡോ. തോമസ് മരോട്ടിക്കാപറമ്പിൽ OCD

സ്നേഹം നിറഞ്ഞവരെ,

വിശുദ്ധ യോഹന്നാന്റെ സുവിശേഷവും സമാന്തര സുവിശേഷങ്ങളും ഒരുപോലെ അവതരിപ്പിക്കുന്ന അപൂർവ്വം ചില സംഭവങ്ങളിലൊന്നാണ് ക്രിസ്തു അപ്പവും മീനും വർദ്ധിപ്പിക്കുന്നത്. യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായത്തിൽ ഭൗതിക അപ്പം ആവോളം നൽകി കൊണ്ട് ആത്മീയ അപ്പത്തിന്റെ വിശാലതലങ്ങളിലേക്ക് വാതിലുകൾ തുറക്കുകയാണ് ക്രിസ്തു.

വിശക്കുന്നു എന്ന മുറവിളിയുടെ ഉത്തരമായിട്ടല്ല ക്രിസ്തു അത്ഭുതം പ്രവർത്തിക്കുക. മറിച്ച്, അവൻ കണ്ണുകളുയർത്തി അവരെ കണ്ടു, അവർക്ക് വിശപ്പുണ്ടെന്ന് അറിഞ്ഞു. ഒപ്പം നടക്കുന്നവന്റെ വിശപ്പറിയുവാനും ഒപ്പം നടക്കുന്നവന് അപ്പം കൊടുക്കുവാനും ഒരു സാമൂഹിക പ്രതിബദ്ധത ക്രിസ്ത്യാനിക്കുണ്ടെന്ന സത്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ് ക്രിസ്തുവിന്റെ അത്ഭുതം.  

അപ്പോസ്തലന്മാർ പന്ത്രണ്ടാണെങ്കിൽ എന്തുകൊണ്ട് ഫീലിപ്പോസിനോടു മാത്രം അവൻ ചോദിച്ചു " ഇവർക്ക് ഭക്ഷിക്കാൻ നാം എവിടെ നിന്ന് അപ്പം വാങ്ങും? " കാരണം ഫീലിപ്പോസ് ആ നാട്ടുകാരനാണ്, മണ്ണിന്റെ മകനറിയാം അപ്പത്തിന്റെ മേന്മയും വിലയും. അസാദ്ധ്യമായതിന്റെ കണക്ക് പുസ്തകം തുറക്കുന്നു ഫീലിപ്പോസ്. 200 ദനാറയ്ക്ക് കുറച്ച് പോലും കൊടുക്കാനാകില്ല എന്ന് അവൻ മറുപടി പറയുന്നു.. അസാദ്ധ്യമായത് സാദ്ധ്യമാക്കാനും, കുറച്ചല്ല നിറച്ച് കൊടുക്കുവാനും കഴിവുള്ളവനാണ് ദൈവമെന്ന് തുടർ സംഭവം വ്യക്തമാക്കുന്നു. പന്ത്രണ്ട് കുട്ട മിച്ചം വന്നു എന്നല്ല, മറിച്ച് പന്ത്രണ്ട് കുട്ട നിറയെ ബാക്കി വന്നു എന്നാണ് സുവിശേഷകൻ പറയുക. ദൈവം തൊടുന്നിടത്ത് നിറവുണ്ടാകും. ദൈവം തൊടുമ്പോൾ മിച്ചമുണ്ടാകും.

പുൽപ്പുറത്തിരുത്തി ഊട്ടുന്ന ക്രിസ്തു, പഴയ നിയമത്തിലെ ഇടയ സങ്കൽപത്തിലേക്ക് വായനക്കാരനെ ഒരു മടക്കയാത്രയ്ക്ക് ക്ഷണിക്കുകയാണ്. സങ്കീർത്തനം 23-ൽ പച്ചയായ പുൽപുറങ്ങളിലേക്കും പ്രശാന്തമായ ജലാശയത്തിലേക്കും  നയിക്കുന്ന, ശത്രുമദ്ധ്യേ വിരുന്നൊരുക്കുന്ന ഒരു ഇടയചിത്രമുണ്ട്. ബിംബങ്ങൾക്ക് മാറ്റം വരുത്തുകയാണ് ക്രിസ്തു .തന്നിലേക്ക് മറ്റുള്ളവരെ സ്വീകരിച്ച്, സ്വന്തം ശരീരം ഭക്ഷണവും, രക്തം പാനീയവുമായി നൽകുന്ന പുതിയ ഇടയൻ. ഏശയ്യാ പ്രവാചകൻ 55-ആം അദ്ധ്യായത്തിൽ വിവരിക്കുന്ന, ദാഹാർത്തരെ ജലാശയത്തിലേക്ക് നയിക്കുകയും, ദരിദ്രർക്ക് പാലും വീഞ്ഞും സൗജന്യമായി, സമൃദ്ധമായി  നൽകുകയും ചെയ്യുന്നവന്റെ വ്യക്തമായ ചിത്രം ക്രിസ്തുവിൽ തെളിഞ്ഞു കാണാം.

അപരന് തീൻമേശ ഒരുക്കുമ്പോൾ അതു ധാരാളിത്തത്തിന്റെ പ്രകടനമാകരുതെന്നും വലിച്ചെറിയൽ സംസ്കാരത്തിന്റെ ഭാഗമാകരുതെന്നും ക്രിസ്തു പറയുന്നു. ഒന്നും നഷ്ടപ്പെടുത്തരുത്, ശേഖരിക്കുക, വിശക്കുന്ന വയറുകൾ കണ്ടെത്തുക, കൊടുക്കുക. കൊടുക്കുമ്പോഴാണ് നിറയുക, നിറയുന്നതിന് അനുസരിച്ച് പങ്ക് വച്ചു കൊണ്ടേയിരിക്കുക. സഹജീവികളോടുള്ള എന്റെ ഉത്തരവാദിത്തത്തിന്റെ മനോഹരമായ സങ്കൽപ്പമാകുന്നു ഇത്..

മഹാത്ഭുതത്തിന്റെ അവസാനം ഒരു കൊച്ചു കുറിപ്പെഴുതി കഥ തീർക്കുകയാണ് സുവിശേഷകൻ. അവനെ  രാജാവാക്കുവാൻ ഭാവിക്കുന്നന്ന് മനസ്സിലാക്കി അവൻ അവിടെ നിന്നും പിൻവാങ്ങി. കൊട്ടിഘോഷങ്ങളുടെ മദ്ധ്യേ ജീവിക്കുന്ന, പരസ്യങ്ങളുടെ പിന്നാലേ പോകുന്ന ഒരു ജനതയ്ക്ക് മാതൃകയാകുകയാണ് ക്രിസ്തു .സ്വർഗ്ഗസ്ഥനായ പിതാവ് നൽകുന്ന ബഹുമതിക്കപ്പുറം ഒരു ബഹുമതിയും വേണ്ടെന്നു വയ്ക്കുന്ന ക്രിസ്തു. അധികാരങ്ങളുടെ വച്ചുനീട്ടൽ പിശാചിന്റെ പ്രലോഭനമാകാം. ക്രിസ്തുവിന്റെ പരസ്യ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് മരുഭൂമിയിൽ പ്രാർത്ഥിക്കുകയും പ്രലോഭനങ്ങൾക്ക് വിധേയനാവുകയും ചെയ്യുന്നു. ആദ്യം അപ്പത്തെ കുറിച്ച് പറഞ്ഞിട്ട് പിശാച് പറയുന്ന വാക്യമാണ്. " സകല രാജ്യങ്ങളുടെയും അധികാരം ഞാൻ നിനക്ക് നൽകാം" ഇവിടെയും ക്രിസ്തു നൽകിയ ഭൗതീക അപ്പം ഭക്ഷിച്ചവർ നൽകുന്ന പ്രലോഭനമാണ് രാജത്വം ഞങ്ങൾക്കിനിയും അപ്പം വേണം അതിനു നീ രാജാവാകണം.ഒരു വെല്ലുവിളിയുടെ മുന്നിൽ പകച്ച് നിൽക്കുകയല്ല മറിച്ച് പ്രാർത്ഥനയുടെ വിശുദ്ധിയിൽ മെനഞ്ഞെടുത്ത ധൈര്യത്തിൽ ഒരു പിൻവാങ്ങൽ നടത്തുകയാണ് ക്രിസ്തു. അവസാനം ജനമദ്ധ്യത്തിൽ രാജാവായി ഉയർത്തപ്പെടാൻ അവനാഗ്രഹിക്കുന്നു. യഹൂദരുടെ രാജാവ്, കുരിശാകുന്ന തീൻമേശയിൽ ശരീരം അപ്പവും രക്തം പാനീയവുമായി നൽകി സമൃദ്ധിയുടെ വിരുന്നൊരുക്കുന്നു.

അപരന്റെ വിശപ്പ് എന്റെ വിശപ്പാക്കാൻ  ധാരാളിത്തവും വലിച്ചെറിയലും ഉപേക്ഷിക്കാൻ എളിമയുടെ സുവിശേഷമാകുവാൻ ഈ മഹാത്ഭുതം നമ്മെ ക്ഷണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 July 2021, 12:05