ജപ്പാൻ ഒളിമ്പിക്സ്; അജപാലന പരിപാടികൾ റദ്ദാക്കി കത്തോലിക്കാസഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കായികതാരങ്ങൾക്കും ഒളിമ്പിക്സിൽ പങ്കെടുക്കുന്ന എല്ലാവർക്കും വേണ്ടി ഒരുക്കിയിരുന്ന ആധ്യാത്മികപരിപാടികൾ കൊറോണ മൂലമുള്ള ഗുരുതരസാഹചര്യത്തിൽ, ഒഴിവാക്കിയെന്ന് ടോക്കിയോ അതിരൂപതാധ്യക്ഷൻ തർച്ചീസിയോ ഇസാവു കിക്കുച്ചി (Tarcisio Isao Kikuchi) അറിയിച്ചു. അതിരൂപതയുടെ എല്ലാ ഇടവകകളിലും കായികതാരങ്ങൾക്ക് തങ്ങളുടെ ആധ്യാത്മികകാര്യങ്ങൾക്കായി സൗകര്യമൊരുക്കിയിരുന്നു എങ്കിലും, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അവ റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് അതിരൂപത പുറത്തിറക്കിയ കുറിപ്പിലൂടെ ആർച്ച്ബിഷപ്പ് കിക്കുച്ചി വിശദീകരിച്ചു.
ഇത്തവണ നടക്കുന്ന മുപ്പത്തിരണ്ടാം ഒളിമ്പിക് മത്സരങ്ങൾ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായിരിക്കും. ജൂലൈ 23 വെള്ളിയാഴ്ച ജപ്പാനിലെ ടോക്കിയോയിൽ ആരംഭിക്കാനിരിക്കുന്ന മത്സരങ്ങളിൽ ഇതാദ്യമായി, കാണികൾക്ക് പ്രവേശനമുണ്ടാകില്ല.
നിലവിൽ ജപ്പാനിൽ ഏതാണ്ട് എട്ടരലക്ഷത്തോളം പേര് കോവിഡ് രോഗബാധിതരായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ ഏതാണ്ട് പതിനയ്യായിരത്തോളം ആളുകൾ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
2020 ജൂലൈ 24 മുതൽ ഓഗസ്റ്റ് 9 വരെ നടക്കേണ്ടിയിരുന്ന ഒളിമ്പിക് മത്സരങ്ങളാണ് കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് വരുന്ന ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെയുള്ള തീയതികളിലേക്ക് മാറ്റിയത്.
കഴിഞ്ഞ വര്ഷം നടക്കേണ്ടിയിരുന്ന പാരാ ഒളിമ്പിക്സ് മത്സരങ്ങൾ വരുന്ന ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 5 വരെയും നടക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: