തിരയുക

Vatican News
ഡൽഹിയിൽ സിറോമലബാർ ചെറുപുഷ്പ ദേവാലയം പൊളിച്ചിട്ടിരിക്കുന്ന ദൃശ്യം ഡൽഹിയിൽ സിറോമലബാർ ചെറുപുഷ്പ ദേവാലയം പൊളിച്ചിട്ടിരിക്കുന്ന ദൃശ്യം  

പള്ളി പൊളിച്ച സംഭവം, പ്രധാന മന്ത്രിയുടെ ഇടപെടൽ അഭ്യർത്ഥിച്ച് സഭ!

ദേവാലയം ഇടിച്ചു നിരത്തിയ സംഭവം രാഷ്ട്രത്തിൻറെ അധികാരികൾ ഗൗരവമായിട്ടെടുത്തില്ലെങ്കിൽ അത് തെറ്റായ സന്ദേശം നല്കുമെന്ന് ഫരീദാബാദ് രൂപതയുടെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഡൽഹിയിൽ സീറോമലബാർ സഭയുടെ ചെറുപുഷ്പ ദേവാലയം പൊളിച്ചസംഭവം അന്വേഷണവിധേയമാക്കാനും പ്രശ്ന പരിഹൃതിക്കാവശ്യമായ നടപടികൾ സ്വീകരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ഫരീദബാദ് രൂപതയുടെ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ കര്യാക്കോസ് ഭരണികുളങ്ങര.

യൂക്കാ വാർത്തായോട് (UCANEWS) സംസാരിക്കവെയാണ് അദ്ദേഹം ഇതു പറഞ്ഞത്.

പ്രധാനമന്ത്രി ഈ സംഭവം ഗൗരമായിട്ടെടുത്തില്ലെങ്കിൽ തെറ്റായ ഒരു സന്ദേശമായിരിക്കും ജനങ്ങൾക്കു ലഭിക്കുകയെന്നും ആർച്ചുബിഷപ്പ് ഭരണികുളങ്ങര പറഞ്ഞു.

ജൂലൈ 12-ന് പള്ളി പൊളിച്ച സംഭവം ജനങ്ങളിൽ ഞെട്ടലും അതീവ വേദനയുമുളവാക്കിയെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഈ ദേവാലയം സ്ഥിതിചെയ്തിരുന്ന സ്ഥലത്തിൻറെ എല്ലാ രേഖകളും ഉണ്ടെന്നും 2006 ലാണ് സ്ഥലം മേടിച്ചതെന്നും ആർച്ചുബിഷപ്പ് ഭരണികുളങ്ങര പറഞ്ഞു.

450 കുടുംബങ്ങളിലായുള്ള ആയിരത്തിയഞ്ഞൂറോളം വിശ്വാസികളുടെ ആത്മീയകാര്യങ്ങൾക്കായി ഉപയോഗിച്ചു വരികയായിരുന്നു തകർക്കപ്പെട്ട ഈ ദേവാലയം.

ഡൽഹി വികസന അഥോറിറ്റി- ഡിഡിഎ ആണ് പള്ളി പൊളിച്ചതെന്നും അതല്ല, ഡൽഹി സർക്കാരിൻറെ  റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെതാണ് നടപടിയെന്നും രണ്ടു ഭാഷ്യമുണ്ട്.

പള്ളി പൊളിച്ചതിനെതിരെ പ്രതിക്ഷേധ തരംഗങ്ങൾ പലഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.

17 July 2021, 12:50