ശ്രീലങ്കയിലെ 2019 ബോംബപകടത്തിൽ ചിതറിയ രക്തം പതിഞ്ഞ രൂപം - ഫയൽ ചിത്രം ശ്രീലങ്കയിലെ 2019 ബോംബപകടത്തിൽ ചിതറിയ രക്തം പതിഞ്ഞ രൂപം - ഫയൽ ചിത്രം 

ഈസ്റ്റർ 2019 സ്‌ഫോടനങ്ങൾക്ക് ഉത്തരം ആവശ്യപ്പെട്ട് ശ്രീലങ്കൻ സഭ

ഈസ്റ്റർ 2019ന് നടന്ന സ്‌ഫോടനങ്ങൾക്ക് സർക്കാരിൽനിന്ന് ഉത്തരം ഒരു മാസത്തിനുള്ളിൽ ലഭിക്കണമെന്ന് ശ്രീലങ്കൻ കത്തോലിക്കാമെത്രാൻസംഘം മുന്നറിയിപ്പ് നൽകി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

2019 ലെ ഈസ്റ്റർ ദിനത്തിൽ 280 പേരുടെ മരണത്തിനും, ഏതാണ്ട് 500 ആളുകൾക്ക് പരിക്കിനും ഇടയാക്കിയ സ്‌ഫോടനങ്ങളെക്കുറിച്ച്, ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഒരു മാസത്തിനുള്ളിൽ “വിശ്വസനീയമായ പ്രതികരണം” ലഭിക്കണമെന്നാണ് മെത്രാൻസംഘം ആവശ്യപ്പെട്ടത്. മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായാണ് സ്‌ഫോടനങ്ങൾ നടന്നത്. അപകടത്തിൽപ്പെട്ടവർക്കുവേണ്ടിയുള്ള ദേശീയ കത്തോലിക്കാ സമിതി അയച്ച കത്തിൽ, നിശ്ചിതസമയത്തിനുള്ളിൽ തങ്ങൾക്ക് മതിയായ പ്രതികരണം ലഭിച്ചില്ലെങ്കിൽ മറ്റ് നടപടിക്രമങ്ങളിലേക്ക് തങ്ങൾക്ക് നീങ്ങേണ്ടിവരുമെന്ന് മെത്രാന്മാർ മുന്നറിയിപ്പ് നൽകി.

രണ്ടു വർഷങ്ങൾക്ക് മുൻപ് നടന്ന ഈ ആക്രമണത്തിന് പ്രേരിപ്പിച്ചവർ ആരാണെന്ന് അറിയേണ്ടത് ജനങ്ങളുടെ അവകാശമാണ് എന്നും, അത് ഉടൻ തന്നെ എല്ലാവരെയും അറിയിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നും മെത്രാന്മാർ കൂട്ടിച്ചേർത്തു.

അന്വേഷണത്തിന്റെ മന്ദഗതിയിലുള്ള പുരോഗതി, ചില തത്പരകഷികളെ സംരക്ഷിക്കുന്നതിനും, സത്യം പുറത്തുവരുന്നത് തടയുന്നതിനുമുള്ള ഗൂഢാലോചനയുടെ ഭാഗമാകില്ല എന്ന് പ്രതീക്ഷിക്കുന്നതായും മെത്രാന്മാരുടെ കത്തിൽ പറയുന്നു.

പ്രസ്തുത ആക്രമണത്തിൽ പ്രാദേശിക ഇസ്ലാമിക ഗ്രൂപ്പായ നാഷണൽ തോഹീദ് ജമാത്തിന്റെ (National Thowheed Jamath) അനുഭാവികളായ ഒൻപത് ചാവേറുകൾ ഉണ്ടായിരുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

സംഭവത്തെക്കുറിച്ച്, 2019 ഈസ്റ്റർ ഞായറാഴ്ചയിലെ ഉർബി എത്ത് ഓർബി (Urbi et Orbi) സന്ദേശത്തിൽ, ഫ്രാൻസിസ് മാർപാപ്പാ, ഇത് "വളരെ ക്രൂരമായ അക്രമം" ആണെന്ന് പറയുകയും, സംഭവത്തിൽ, വേദനയും, ദുഖവും, പ്രകടിപ്പിക്കുകയും, സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ടവർക്കും, പരിക്കേറ്റവർക്കുമായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ, സംഭവത്തെപ്പറ്റി പ്രതിപാദിക്കവേ, അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനുള്ള തന്റെ ഉദ്ദേശത്തെപ്പറ്റി കൊളംബോ അതിരൂപത കർദിനാൾ മാൽക്കം രഞ്ജിത്ത് അറിയിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 July 2021, 09:18