വിദ്യാഭ്യാസമേഖല വിദ്യാഭ്യാസമേഖല 

കിഴക്കൻ തിമോർ: രാജ്യത്തെ ആദ്യ കത്തോലിക്കാ സർവകലാശാല ഉടൻ

ഏഷ്യൻ രാജ്യമായ കിഴക്കൻ തിമോറിൽ (East Timor) രാജ്യത്തെ പ്രഥമകത്തോലിക്കാ സർവകലാശാല ആരംഭിക്കാനുള്ള നടപടികൾ തുടങ്ങിയതായി ദിലി അതിരൂപതാധ്യക്ഷൻ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നിലവിൽ സർക്കാർ അംഗീകൃത കത്തോലിക്കാ സർവകലാശാലകൾ നിലവിലില്ലാത്ത കിഴക്കൻ തിമോറിലെ വിദ്യാഭ്യാസമേഖലയിൽ, പുതിയ സർവകലാശാല നിലവിൽ വരുന്നതോടെ ഒരു മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ജൂലൈ 16 ജൂലൈ 16 ന് ഡിലി (Dili) അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് വിർജീലിയോ ദോ കാർമോ ദാ സിൽവ (Virgilio do Carmo da Silva), തങ്ങളുടെ അതിരൂപതയിലെ കത്തോലിക്കാ മതസ്ഥാപനത്തെ, സർക്കാർ അംഗീകൃത സർവ്വകലാശാലയാക്കാനുള്ള അപേക്ഷ, ഉന്നതവിദ്യാഭ്യാസത്തിനും, ശാസ്ത്ര, സാംസ്‌കാരിക കാര്യങ്ങൾക്കുമുള്ള മന്ത്രാലയത്തിൽ നൽകിയിരുന്നു. ഇത് തന്റെ മാത്രം ആഗ്രഹമല്ലെന്നും, അതിരൂപത മുഴുവൻ ഇതിനായി കാത്തിരിക്കുന്നു എന്നും, സലേഷ്യൻ സമൂഹംഗമായ ആർച്ച്ബിഷപ്പ് ദാ സിൽവ പറഞ്ഞു. മുൻമെത്രാന്മാർ ഏതാണ്ട് പതിറ്റാണ്ടുകളായി തുടങ്ങിവച്ച പരിശ്രമഫലമായാണ്, നിലവിൽ ഇങ്ങനെ ഒരു സ്ഥാപനം ഫലപ്രദമായി നടത്തിക്കൊണ്ടുപോകാൻ  രൂപതയെ സഹായിക്കുന്നത്.

സാമൂഹ്യശാസ്ത്രം, വിദ്യാഭ്യാസം, മാനവികത എന്നിവ ഉൾക്കൊള്ളുന്ന സൗകര്യങ്ങളാണ് ഈ വർഷം ഉണ്ടാകുക എന്നും, വരും വർഷങ്ങളിൽ  കാർഷിക, വൈദ്യശാസ്ത്ര മേഖലകളിൽ പഠനസൗകര്യം ഒരുക്കുമെന്ന് അതിരൂപതാദ്ധ്യക്ഷൻ വിശദീകരിച്ചു.

സർവകലാശാലയായി നിലവിലെ വിദ്യാഭ്യാസസ്ഥാപനത്തെ പ്രഖ്യാപിക്കാൻ മൂന്നുമുതൽ ആറുമാസം വരെ സമയമെടുത്തേക്കാമെന്ന് വിദ്യാഭ്യാസകാര്യങ്ങൾക്കുവേണ്ടിയുള്ള മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. പതിനാറാം നൂറ്റാണ്ടുമുതൽ പോർട്ടുഗീസ് കോളനി ആയിരുന്ന കിഴക്കൻ തിമോർ 1975 മുതൽ 1999 വരെ ഇന്തോനേഷ്യയുടെ കീഴിലായിരുന്നു.  ഏഷ്യയിൽ, ഫിലിപ്പീൻസിനുശേഷം,  കത്തോലിക്കാ ഭൂരിപക്ഷമുള്ള രണ്ടാമത്തെ രാജ്യമാണ് കിഴക്കൻ തിമോർ. ഏകദേശം പതിമൂന്നര ലക്ഷത്തോളം (13.40.513) പൗരന്മാരുള്ള രാജ്യത്ത് ഏതാണ്ട്  97 ശതമാനവും കത്തോലിക്കരാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 July 2021, 13:40