തിരയുക

Vatican News
പെറു: സ്വാതന്ത്ര്യത്തിന്റെ ഇരുന്നൂറ് വർഷങ്ങൾ പെറു: സ്വാതന്ത്ര്യത്തിന്റെ ഇരുന്നൂറ് വർഷങ്ങൾ  (AFP or licensors)

ജനാധിപത്യം സംരക്ഷിക്കുക: പെറുവിലെ കത്തോലിക്കാ സഭ

പെറുവിന്റെ സ്വാതന്ത്ര്യത്തിന്റെയും പരമാധികാരപ്രഖ്യാപനത്തിന്റെയും വാർഷികാവസരത്തിൽ, അനുരഞ്ജനത്തിനും സാമൂഹ്യ സൗഹൃദത്തിനുമുള്ള പ്രതിബദ്ധതയ്ക്കും, ജനാധിപത്യസംരക്ഷണത്തിനും ആഹ്വാനം ചെയ്‌ത്‌ കത്തോലിക്കാമെത്രാൻസമിതി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

തെക്കേ അമേരിക്കൻ രാജ്യമായ പെറുവിന്റെ ഇരുന്നൂറാം സ്വാതന്ത്ര്യത്തിന്റെ ദേശീയദിനങ്ങൾ ആഘോഷിക്കാൻ തുടങ്ങുന്ന അവസരത്തിലാണ്, കൂടുതൽ ഉത്തരവാദിത്വമുള്ളവരാകാൻ, കത്തോലിക്കാമെത്രാന്മാർ ജനങ്ങളെ ആഹ്വാനം ചെയ്തത്. "നമുക്ക് ജാഗ്രത തുടരാം" എന്നായിരുന്നു മെത്രാൻസംഘത്തിന്റെ സന്ദേശം. സ്പെയിന്റെ അധികാരത്തിൽനിന്ന് വിമോചനം ലഭിച്ചതിന്റെയും പെറു എന്ന രാജ്യത്തിന്റെ ജനനത്തിന്റെയും വാർഷികങ്ങൾ ജൂലൈ മാസം 28, 30 തീയതികളിലായി കൊണ്ടാടുന്ന അവസരത്തിലാണ് മെത്രാൻ സംഘം ഇങ്ങനെ ഒരു സന്ദേശം നൽകിയത്.

സ്വതന്ത്രവും പരമാധികാരവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതായിരുന്നു, രാജ്യത്തിന്റെ ജന്മം ലക്‌ഷ്യം കണ്ടവരുടെ ഉദ്ദേശമെങ്കിലും, ഇപ്പോൾ രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കപ്പെടുക എന്നതാണ് പ്രധാനപ്പെട്ട ലക്ഷ്യമെന്ന് കത്തോലിക്കാസഭ അഭിപ്രായപ്പെട്ടു.

ഈയൊരു ലക്‌ഷ്യം മുന്നിൽ വച്ച്, ഏതു കാരണത്താലും ഉണ്ടാകുന്നതാകട്ടെ, എല്ലാത്തരം അക്രമങ്ങളും കൈവെടിയുക, അനുരഞ്ജനവും സാമൂഹികസൗഹൃദവും വളർത്തുക, കൂട്ടായതും സഹോദര്യപരവുമായ ഒരു ജോലിവ്യവസ്ഥയുണ്ടാക്കുക, വിവിധസമൂഹങ്ങൾ തമ്മിലുള്ള അന്തരവും, ദ്രുവീകരണനീക്കങ്ങളും തരണം ചെയ്യുക, വരാനിരിക്കുന്ന തലമുറയെ മുന്നിൽ കണ്ടു പ്രവൃത്തിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പെറുവിലെ മെത്രാൻസംഘം മുന്നോട്ടുവച്ചിരിക്കുന്നത്.

28 July 2021, 19:06