നിഷ്കളങ്കജീവനെ അവസാനിപ്പിക്കരുത് നിഷ്കളങ്കജീവനെ അവസാനിപ്പിക്കരുത്  

ഗർഭച്ഛിദ്രത്തിനെതിരെ അമേരിക്കയിലെ കത്തോലിക്കാസഭ

ഗർഭം അലസിപ്പിക്കൽ എന്നത് ആരോഗ്യ പരിരക്ഷയോ മനുഷ്യസേവനമോ അല്ല എന്നും, മറിച്ച് നിരപരാധിയുടെ വേദനാജനകമായ മരണം ആണ് എന്നും അമേരിക്കൻ മെത്രാൻസംഘം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പലപ്പോഴും, നിരപരാധിയായ ഒരു കുട്ടിയുടെ വേദനാജനകമായ മരണത്തിനു, ഒരു സ്ത്രീയുടെ ശാരീരികവും, വൈകാരികവുമായ മുറിവുകൾക്കുമാണ് മനുഷ്യത്വരഹിതമായ ഈ പ്രവർത്തി ഇടയാക്കുന്നതെന്നും മെത്രാൻസംഘം കൂട്ടിക്കിച്ചേർത്തു.

അമേരിക്കൻ മെത്രാൻ സംഘത്തിലെ, മതസ്വാതന്ത്ര്യത്തിനായുള്ള കമ്മിറ്റിയുടെ പ്രസിഡന്റ് കർദിനാൾ തിമോത്തി എം. ഡോലൻ (Cardinal Timothy M. Dolan), ജീവിത അനുകൂല പ്രവർത്തനങ്ങൾക്കായുള്ള കമ്മിറ്റിയുടെ പ്രസിഡന്റ് ആർച്ച്ബിഷപ്പ് ജോസഫ് എഫ്. നൗമാൻ (Archbishop Joseph F. Naumann) എന്നിവർ ഒപ്പിട്ട ഒരു രേഖയിലൂടെയാണ് ഗർഭച്ഛിദ്രത്തിനെതിരായി മെത്രാൻസംഘം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ജോലി, ആരോഗ്യം, മനുഷ്യ സേവനങ്ങൾ, വിദ്യാഭ്യാസം എന്നിവയ്ക്കായുള്ള ധനസഹായങ്ങൾ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് ഈ ആഴ്ച അമേരിക്കൻ നിയമനിർമ്മാണസമിതി (House Committee)  യോഗം ചേരാനിരിക്കവെയാണ് ബിഷപ്പുമാരുടെ ഇടപെടൽ. എന്നാൽ ബലാത്സംഗം, രക്തബന്ധമുള്ളവർ തമ്മിലുള്ള ലൈംഗികബന്ധം, മാതാവിന്റെ ജീവൻ അപകടത്തിലാക്കുന്ന സന്ദർഭം എന്നീ കരണങ്ങളാലല്ലാതെ, പൊതുധനം ഉപയോഗിച്ച് ഗർഭച്ഛിദ്രം അനുവദിക്കാൻ പാടില്ല എന്ന നിയമഭേദഗതിയും (Hyde Emendment), ഗർഭം അലസിപ്പിക്കുന്നതിന്റെ ചെലവുകൾ നൽകാൻ വിസമ്മതിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പെടെ ആരോടും വിവേചനം കാണിക്കുന്നതിൽ നിന്ന്, പൊതുധനം സ്വീകരിക്കുന്ന എല്ലാവരെയും, പ്രത്യേകിച്ച് ഫെഡറൽ ഏജൻസികളെയും, സംസ്ഥാന, പ്രാദേശിക സർക്കാരുകളെയും വിലക്കുന്ന നിയമഭേദഗതിയും (Weldon Emendment) പുതിയ യോഗത്തിൽ ചർച്ച ചെയ്യില്ല. ഇതിനെതിരെയാണ് മെത്രാൻ സംഘം അഭിപ്രായം രേഖപ്പെടുത്തിയത്.

അമേരിക്കൻ മെത്രാൻസംഘത്തിന്റെ അഭിപ്രായത്തിൽ, ഈ രണ്ടു ഭേദഗതികളും ഒഴിവാക്കുന്നത്, ഗര്ഭാവസ്ഥയുടെ സ്വമേധയാ ഉള്ള തടസ്സപ്പെടുത്തലുകൾക്ക് പണം നൽകാൻ നികുതിദായക്കാരെ നിർബന്ധിതരാക്കുകയും ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥരെ അവരുടെ വിശ്വാസങ്ങൾക്ക് വിരുദ്ധമായി ഗർഭഛിദ്രം നടത്താൻ ഉപദേശിക്കാനും പ്രേരിപ്പിക്കുകയും, തൊഴിൽദാതാക്കളെയും ഇൻഷ്വറൻസ്ഉടമകളെയും ഗർഭഛിദ്രത്തിന് പണം മുടക്കാൻ നിർബന്ധിക്കുകയും ചെയ്യും. അങ്ങനെ, അമേരിക്കക്കാരുടെ അധ്വാനത്തിന്റെ ഫലങ്ങൾ, ചെറുതും ദുർബലരുമായ ജീവിതങ്ങളെ നശിപ്പിക്കാനേ നിലവിലെ സ്ഥിതി സഹായിക്കൂ.

ഈയവസരത്തിൽ, അമേരിക്കയിലെ കത്തോലിക്കാമെത്രാൻ സംഘം, നല്ലവരും ഇച്ഛാശക്തിയുള്ളവരുമായ എല്ലാവരോടും പ്രത്യേകിച്ച് കത്തോലിക്കാരോടും, തങ്ങളുടെ പ്രദേശങ്ങളിലെ നിയമസഭങ്ങളോട് തങ്ങളുടെ അഭിപ്രായം അറിയിക്കാനും ആവശ്യപ്പെട്ടു. ദുർബലരായ ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതവും, അവരുടെ അമ്മമാരുടെ ക്ഷേമവും, തങ്ങളുടെ പ്രതിരോധാത്തിലാണ് എന്ന് ഓർക്കണമെന്നും, ജനങ്ങളോട് മെത്രാൻസംഘം ഉത്‌ബോധിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2021, 09:39