വാഴ്ത്തപ്പെട്ട നിണസാക്ഷി റൊസാരിയൊ ആഞ്ചെലൊ ലിവത്തീനൊ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വാഴ്ത്തപ്പെട്ട നിണസാക്ഷി റൊസാരിയൊ ആഞ്ചെലൊ ലിവത്തീനൊ.
വാഴ്ത്തപ്പെട്ട നിണസാക്ഷി റൊസാരിയൊ ആഞ്ചെലൊ ലിവത്തീനൊയുടെ (Rosario Angelo Livatino) മാതൃക എല്ലാവർക്കും, വിശിഷ്യ ന്യായാധിപന്മാർക്ക് നൈയമികതയുടെയും സ്വാതന്ത്ര്യത്തിൻറെയും വിശ്വസ്തരായ സംരക്ഷകരാകാൻ പ്രചോദനമായി ഭവിക്കട്ടെ എന്ന് പാപ്പാ ആശംസിക്കുന്നു.
ഞായറാഴ്ച (09/05/21) ഇറ്റലിയിലെ അഗ്രിജെന്തൊയിൽ രക്തസാക്ഷി റൊസാരിയൊ ആഞ്ചെലൊ ലിവത്തീനൊ (Rosario Angelo Livatino) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് ഫ്രാൻസീസ് പാപ്പാ അന്നു മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ അനുസ്മരിക്കുകയായിരുന്നു.
നീതിയ്ക്കും വിശ്വാസത്തിനും വേണ്ടി ജീവൻ ബലിയായി നല്കിയ രക്തസാക്ഷിയായ റൊസാരിയൊ ആഞ്ചെലൊ ലിവത്തീനൊ സത്യസന്ധനായ ഒരു ന്യായാധിപനായിരുന്നുവെന്നും അഴിമതിയിൽ നിപതിക്കാതിരിക്കാൻ സദാ ജാഗ്രത പാലിച്ച അദ്ദേഹം ശിക്ഷിക്കാനല്ല മറിച്ച് വീണ്ടെടുക്കാനാണ് തൻറെ വിധി പ്രസ്താവനകളിലൂടെ ശ്രമിച്ചിരുന്നതെന്നും പാപ്പാ പറഞ്ഞു
തൻറെ ജോലിയെ എന്നും "ദൈവത്തിന് ഭരമേല്പിച്ചിരുന്ന” അദ്ദേഹം വീരോചിതമായ മരണം വരിച്ച് സുവിശേഷത്തിന് സാക്ഷ്യമേകിയെന്ന് പാപ്പാ പ്രസ്താവിച്ചു.
ഇറ്റലിയിലെ സിസിലിയിലെ കനികാത്തി എന്ന സ്ഥലത്ത് 1952 ഒക്ടോബറിലായിരുന്നു നവവാഴ്ത്തപ്പെട്ട റൊസാരിയൊ ആഞ്ചെലൊ ലിവത്തീനൊയുടെ ജനനം.
1971-ൽ പലേർമൊയിലെ സർവകലശാലയിൽ നിയമ പഠനം പൂർത്തിയാക്കിയ അദ്ദേഹം 1975-ൽ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടുകയും 1978-ൽ കൽത്തനിസേത്തയിൽ ന്യായാധിപനാകുകയും ചെയ്തു.
അടുത്ത വർഷം തന്നെ അദ്ദേബം അഗ്രിജേന്തൊയിൽ പബ്ലിക് ഡെപ്യൂട്ടി പ്രോസിക്യൂട്ടർ ആയി നിയമിതനാകുകയും 1989-ൽ സഹന്യായാധിപനായി ഉയർത്തപ്പെടുകയും ചെയ്തു.
അഴിമതിക്കെതിരെ വീര്യത്തോടെ പോരാടിയ റൊസാരിയൊ ആഞ്ചെലൊ ലിവത്തീനൊ കുറ്റവാളികളുടെ ധനവും വസ്തുവകകളും കണ്ടുകെട്ടുകയും സംഘടിത കുറ്റകൃത്യ സംഘത്തലവന്മാരുപ്പടെ അനേകരെ തടവിലാക്കുകയും ചെയ്തു.
അങ്ങനെ കുറ്റകൃത്യസംഘങ്ങളുടെ നോട്ടപ്പുള്ളിയായി മാറിയ അദ്ദേഹത്തെ സിസിലിയയിലെ മാഫിയ സംഘമായ “സ്തീത”യുടെ (Stidda) അഗ്രിജേന്തൊ ഘടകത്തിൻറെ നാല് വാടകക്കൊലയാളികൾ 1990 സെപ്റ്റമ്പർ 21-ന് വധിച്ചു.
രക്തസാക്ഷി റൊസാരിയൊ ആഞ്ചെലൊ ലിവത്തീനൊയുടെ വാഴ്ത്തപ്പെട്ടപദപ്രഖ്യാപനം ഞായറാഴ്‌ച (09/05/21) അഗ്രിജെന്തോയിലെ കത്തീദ്രലിൽ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊയുടെ മുഖ്യകാർമ്മകത്വത്തിലായിരുന്നു.
സഭയുടെ ചരിത്രത്തിൽ ഇത് ആദ്യമായിട്ടാണ് ഒരു ന്യായാധിപൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: