ഏഷ്യൻ-അമേരിക്കക്കാർക്ക് അനുകൂലമായ വെർജീനിയയിലെ റാലി ഏഷ്യൻ-അമേരിക്കക്കാർക്ക് അനുകൂലമായ വെർജീനിയയിലെ റാലി 

അമേരിക്കയിൽ ഏഷ്യക്കാർക്കെതിരെ ഉയരുന്ന വംശീയത

സഹോദര്യവും കൂട്ടായ്മയും വളർത്തണമെന്ന് ദേശീയ മെത്രാൻ സംഘം പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

- ഫാദർ വില്യം നെല്ലിക്കൽ 

വിനാശത്തിന്‍റെ മരണസംസ്കാരം ഉപേക്ഷിക്കാം
മാർച്ചു മാസത്തിന്‍റെ ആരംഭത്തിൽ മാത്രം അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുള്ള ഏഷ്യൻ വംശജർക്ക് എതിരായ ആക്രമണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അമേരിക്കയിലെ ദേശീയ കത്തോലിക്ക മെത്രാൻ സമിതി സമാധാനത്തിനും ഐക്യത്തിനുമുള്ള അഭ്യർത്ഥന നടത്തിയത്. മരണസംസ്കാരവും വംശീയ വിദ്വേഷവും അമേരിക്കൻ സംസ്കാരത്തിന് ഇണങ്ങാത്തതാണെന്നു മെത്രാന്മാർ പ്രസ്താവിക്കുകയും അന്യനാട്ടുകാരോടും കുടിയേറ്റക്കാരോടും ഐക്യദാർഢ്യവും സാഹോദര്യവും കാട്ടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ദേശിയ മെത്രാൻ സമിതിയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനും സാൾട്ട് ലെയിക്ക് രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് ഓസ്കർ സോളിസാണ് മാർച്ച് 21-ന് ജനങ്ങളോട് പ്രസ്താവനയിലൂടെ സമാധാനാഭ്യർത്ഥന നടത്തിയത്.

രമ്യതയുടെ വഴി തേടാം
വാക്കാലും പ്രവൃത്തിയാലും രാജ്യത്ത് ഉടനീളം ഏഷ്യക്കാർക്ക് എതിരായി ഉയർന്നിരിക്കുന്ന അതിക്രമങ്ങളും, അവരുടെ വസ്തുവകകൾ നശിപ്പിക്കുന്ന പ്രവണതയുമെല്ലാം ഉപേക്ഷിച്ച് ദൈവസ്നേഹത്തെപ്രതി ഐക്യപ്പെട്ടു ജീവിക്കുവാൻ, പ്രത്യേകിച്ച് ഈ തപസ്സുകാലത്ത് രമ്യതയുടെ അരൂപിയിൽ പരിശ്രമിക്കണമെന്ന് ബിഷപ്പ് ഓസ്കർ അഭ്യർത്ഥിച്ചു. ഐക്യദാർഢ്യം, കാരുണ്യം, അയൽക്കാരനോടുള്ള സ്നേഹം എന്നീ നന്മകൾ ജീവിതത്തിൽ പ്രകടമാക്കുവാനും, എല്ലാ മനുഷ്യരിലുമുള്ള നന്‍മയുടെ മൂല്യവും അന്തസ്സും ഉൾക്കൊള്ളണമെന്നും ദൈവമക്കളാണെന്ന ചിന്തയിൽ ജീവിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വംശം, ജാതി, ലിംഗം എന്നിവയുടെ പേരിലുള്ള വിവേചനപരമായ പെരുമാറ്റങ്ങൾ പാടെ മാറ്റി രാജ്യത്ത് സമാധാനവും സാഹോദര്യവും കൂട്ടായ്മയും വളർത്തണമെന്ന് മെത്രാൻ സംഘത്തിന്‍റെ പ്രസ്താവന ജനങ്ങളോട് ആവശ്യപ്പെട്ടു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 March 2021, 13:48