തിരയുക

“പാഴാക്കൽ സംസ്കാര”ത്തെ വെല്ലുവിളിക്കുന്ന കൂട്ടായ്മയുടെ കഥ

“അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ,” (Laudato Si’) എന്ന ചാക്രിക ലേഖനത്തിന്‍റെ പ്രചോദനത്തിൽ വളർന്ന ഒരു രാജ്യാന്തര സംരംഭത്തിന്‍റെ കഥ - ഹ്രസ്വവീഡിയോ ഇംഗ്ലിഷ് അടിക്കുറിപ്പോടെ...

- ഫാദർ വില്യം നെല്ലിക്കൽ 

1. മനുഷ്യരെയും പ്രകൃതിയെയും
കൂട്ടിയിണക്കുന്ന പദ്ധതി

ഫെദറിക്കാ ക്രിസ്റ്റഫോറി വടക്കെ ഇറ്റലിയിലെ അയോസ്താ താഴ്വരയിൽനിന്നുമുള്ള (Aosta Valley) യുവസംരംഭകയാണ്. ഇന്ത്യൻ വംശജനായ ബാലി പട്വാലിയെ അടുത്തറിഞ്ഞതിൽപ്പിന്നെ 2013-ൽ വെറോണയിൽ രണ്ടുപേരും ചേർന്ന് ഒരു വസ്ത്രവ്യാപാര സ്ഥാപനം തുറന്നു. പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിക്കുന്ന മനുഷ്യരെയും പരിസ്ഥിതിയെയും കൂട്ടിയിണക്കുന്ന സൗഹാർദ്ദ തത്വങ്ങൾ അനുസരിച്ച് ഇന്ത്യയിൽനിന്നുള്ള കിടക്കവിരികളും പുതപ്പുകളും വിൽക്കുന്ന സ്ഥാപനത്തിനു തുടക്കമിട്ടു. അവർ അതിനു പേരിട്ടത് “സിവികാ” (xiwikj) എന്നാണ്. ആദ്യഘട്ടത്തിൽ രാജസ്ഥാനിൽനിന്ന് ഇറക്കുമതിചെയ്ത ഉല്പന്നങ്ങളായിരുന്നു അവർ വിറ്റഴിച്ചിരുന്നത്. എന്നാൽ സമയാധിഷ്ഠിതമായി ചരക്ക് സംഭരിക്കുവാൻ കഴിയാതിരുന്നതും മേന്മയിൽ സ്ഥിരത ലഭിക്കാത്തതും മൂലം അവർ സമാന്തരമായി ഒരു നിർമ്മാണശാല രാജസ്ഥാനിലെ ജയ്പൂരിനു സമീപമുള്ള സംഗനീർ ഗ്രാമത്തിൽ ആരംഭിച്ചു.

2. പങ്കുവയ്ക്കലിന്‍റേയും കൂട്ടായ്മയുടേയും സംസ്കാരം
പ്രകൃതിദത്തമായ ചായങ്ങൾ ഉപയോഗിച്ച് നിറക്കൂട്ടു നല്കിയ പുനരുപയോഗിച്ച തുണിക്കഷണങ്ങൾ തുന്നിച്ചേർത്തതും കൈകൊണ്ട് പ്രിന്‍റുചെയ്തതുമായ ഈ നൂതന ശൈലിയിലുള്ള കിടക്കവിരികളും പുതപ്പുകളും വ്യത്യസ്തതകൊണ്ട് ഇന്ന് ഏറെ ശ്രദ്ധേയമാകുന്നുണ്ട്. സംഗനീർ ഗ്രാമത്തിലെ പാടശേഖരത്തിൽ ഒരു തുണ്ടു നിലംവാങ്ങിയാണ് ചെറിയ വസ്ത്രനിർമ്മാണ ശാലയ്ക്കു തുടക്കമിട്ടത്. വെള്ളമില്ലാതിരുന്ന അവിടെ ഒരു വലിയ കിളർ കുഴിച്ചതിനുശേഷമാണ് ബാലിയും ഫെദറിക്കയും ഫാക്ടറി ആരംഭിച്ചത്. പുതിയ കിണറ്റിൽ ധാരാളം നല്ലവെള്ളം ലഭ്യമായത് ഗ്രാമവാസികൾക്ക് ശുഭലക്ഷണമായി. അത് ഗ്രാമത്തിൽ പൊതുവായി ഉപയോഗിക്കാവുന്ന ഒരു കിണറായി സിവികാ പ്രസ്ഥാനം തുറന്നിട്ടിരിക്കുകയാണ്.

3. ഒരു ഗ്രാമത്തിന് ഉണർവ്വും ഉത്സവവുമായ സംഭവം
ധാരാളം ഗ്രാമീണർക്ക് കാന്ത വസ്ത്ര നിർമ്മാണത്തിന്‍റെ ഭാഗമാകാൻ സാധിച്ചതും ഒരു ഗ്രാമത്തിന് നവജീവൻ പകർന്ന സംഭവമാണ്. ന്യായമായും കൃത്യമായും ലഭിക്കുന്ന വേദനമുള്ളതിനാൽ ജനങ്ങൾ ഏറെ സംതൃപ്തരും തങ്ങളുടെ കരവിരുതിൽ തീർക്കുന്ന ലാളിത്യവും വാർണ്ണാഭയുള്ളതുമായ ഉല്പന്നങ്ങളിൽ ഏറെ ആനന്ദഭരിതരുമാണ്. ഗ്രാമീണർ അവരുടെ കുടുംബ ഉത്തരവാദിത്വങ്ങളുടെ സൗകര്യത്തിനു ക്രമപ്പെടുത്തിയാണ് ജോലിചെയ്യുന്നത്. വേണമെന്നുള്ളവർക്ക് അവരവരുടെ വീടുകളിലിരുന്നും സ്ഥാപനത്തിനായി ജോലിയെടുക്കാം.

4. തദ്ദേശത്തനിമയും നിറപ്പകിട്ടുമായി
“കാന്ത” ഉല്പന്നങ്ങൾ

“കാന്ത” എന്ന ബ്രാൻഡിൽ ഇപ്പോൾ യൂറോപ്പിൽ വിപണനംചെയ്യുന്ന കിടക്കവിരികളും പുതപ്പുകളും ഇന്ത്യൻ തനിമയിലുള്ളവയാണ്. വ്യത്യസ്തമായ തുണിക്കഷണങ്ങൾ തുന്നിച്ചേർത്ത് സംസ്കരിച്ച് പ്രകൃതി ദത്തമായ നിറങ്ങളിൽ വിവിധ ഡിസൈനുകൾ അവയിൽ പ്രിന്‍റ് ചെയ്തെടുക്കുന്ന ഈ വിരികൾക്കും തുണികൾക്കും  രൂപകല്‍പന നല്‍കുന്നത് ആദ്യം ഫെദറിക്കയാണ്. എങ്കിലും പൂർണ്ണത കൈവരുന്നത് തദ്ദേശീയരായ നിരവധി ജോലിക്കാരുടെ തനിമയാർന്ന നിറക്കുക്കൂട്ടും വരയും കുറിയും ഇടചേരുമ്പോഴാണെന്ന് ഫെദറിക്ക പറയുന്നു. മുദ്രണംചെയ്യേണ്ട ബ്ലോക്കുകളുടെ ഡിസൈൻ ഇറ്റലിയിലാണ് നിർമ്മിക്കുന്നതെങ്കിലും ബാക്കി ജോലികൾ എല്ലാംതന്നെ ഇന്ത്യയിലാണ് നടക്കുന്നത്.

5. “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ,”
പ്രബോധനത്തിന്‍റെ പ്രായോഗിക ദർശനം

വൻ ഫാക്ടറികളുടെ വസ്ത്ര നിർമ്മാണത്തിൽ അവശിഷ്ടമായി വരുന്ന അരികുകളും,   ഉപയോഗമില്ലാത്ത തുണിത്തരങ്ങളുമാണ് “കാന്താ ക്വൽറ്റു”കളുടെ (Kantha Quilt) അസംസ്കൃത വസ്തു. ഇന്ന് ലോകത്ത് പരിസ്ഥിതി സംബന്ധിച്ച് ഏറെ ശ്രദ്ധേയമായി നിലക്കുന്ന പാപ്പാ ഫ്രാൻസിസിന്‍റെ “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ,” എന്ന പ്രബോധനത്തിന്‍റെ ദർശനവുമായി താദാത്മ്യം പ്രാപിച്ചുകൊണ്ട് പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതും പാഴാക്കൽ സംസ്കാരത്തെ വെല്ലുവിളിക്കുന്നതുമായ ഒരു ക്രിയാത്മകമായ രീതിയിലാണ് കാന്ത ഉല്പന്നങ്ങളുടെ സംയോജന സംവിധാനമെന്ന് വീഡിയോ അഭിമുഖത്തിൽ ഫെദറിക്കയും ബാലുവും പങ്കുവയ്ക്കുന്നു (LS 127). വ്യവസായിക സങ്കേതങ്ങൾ സ്വീകരിക്കാതെ കൈകൊണ്ടുളള പ്രിൻറിങ്ങും തുന്നിച്ചേർക്കലുമാണ് കാന്ത പ്രസ്ഥാനത്തിന്‍റെ തനിമയെന്ന് ഫെദറിക്ക പറഞ്ഞു. പുനരുപയോഗത്തിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് നായമായി കൂലി നല്കി ഗ്രാമീണരുടെ പങ്കാളിത്തത്തോടെ രൂപംകൊള്ളുന്ന കാന്താ ക്വിൽറ്റുകളുടെ വിജയം പ്രകൃതി സൗഹാർദ്ദ ഉദ്യമങ്ങൾക്ക് ഉത്തമമാതൃകയാണ് (192).

6. സന്മനസ്സുള്ളവർ മെനഞ്ഞെടുത്ത  കൂട്ടായ്മയുടെ സംസ്കാരം
വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നും വിശ്വാസ പശ്ചാത്തലത്തിൽനിന്നും വരുന്ന ബാലിയും ഫെദറിക്കയും പാരീസിൽവെച്ചാണ് പരസ്പരം കണ്ടുമുട്ടിയത്. പാപ്പാ ഫ്രാൻസിസിന്‍റെ ചാക്രിക ലേഖനമായ “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ”യിലെ (Laudato Si’) പ്രകൃതിയേയും ഭൂമിയേയും മനുഷ്യരേയും സംബന്ധിച്ച ആശയങ്ങളിൽ അവർ കണ്ടെത്തിയ പാരസ്പരികതയും ചേർച്ചയുമാണ് ഇരുവരെയും അടുപ്പിച്ചതും, സ്നേഹത്തിൽ ഒന്നാക്കിയതും. പാപ്പായുടെ രചനയിലെ 93-ാം ഖണ്ഡികയിൽ പറയുന്നത്, “ഭൂമി പൊതുവായ പൈതൃക അവകാശമാണെന്നും, അതിന്‍റെ ഫലങ്ങൾ എല്ലാവർക്കും പ്രയോജനകരമാകും വിധം ഉപയോഗിക്കണ”മെന്ന പാപ്പായുടെ ആശയത്തിൽ ബാലിയും ഫെദറിക്കയും ഉറച്ചു വിശ്വസിക്കുന്നു. 2016-ൽ വിവാഹിതരായ ഇവർ ഓരോ വർഷവും രണ്ടും മൂന്നും മാസങ്ങൾ ഇന്ത്യയിലെ തങ്ങളുടെ വസ്ത്രനിർമ്മാണ ശാലയിൽ പോയി ഗ്രാമീണർക്കൊപ്പം ജോലിചെയ്യുന്നതും പതിവാണ്.

7. കഥ പറയുന്നവർ
പാരിസ്ഥിതിക പ്രതിബദ്ധതയുള്ളതും കൂട്ടായ്മയുടെ സംസ്കാരത്തെ പ്രചോദിപ്പിക്കുന്നതുമായ ഈ വീഡിയോക്കഥ രൂപകല്പനചെയ്തത് വടക്കെ ഇറ്റലിയിലെ വെറോണയിലുള്ള ഡോൺബോസ്കോ ദൃശ്യ-ശ്രാവ്യ മാധ്യമ കേന്ദ്രത്തിലെ (Don Bosco Intitute of Audio-visuals, Verona-Italy) വിദ്യാർത്ഥികളാണ്.  പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിച്ച ചാക്രിക ലേഖനം, "അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ"യുടെ (Laudato Si') 5-ാം വാർഷികം അവസരമാക്കിയുമാണ് യുവാക്കൾ  ഈ വീഡിയോ ചിത്രീകരണം നടത്തിയത്.

ഹ്രസ്വവീഡിയോ കാണുന്നതിനുള്ള ലിങ്ക്  : 
https://www.vaticannews.va/ml/church/news/2021-03/ecological-project-against-culture-of-waste-verona-story.html

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 March 2021, 10:52