വിശുദ്ധ ഗബ്രിയേലെ ദെൽ അദൊളൊറാത്ത (SAINT GABRIELE DELL’ ADDOLORATA 01/03/1838- 27/2/ 1862 ) വിശുദ്ധ ഗബ്രിയേലെ ദെൽ അദൊളൊറാത്ത (SAINT GABRIELE DELL’ ADDOLORATA 01/03/1838- 27/2/ 1862 ) 

വിശുദ്ധ ഗബ്രിയേലെ ദെൽ അദൊളൊറാത്ത

വിശുദ്ധ ഗബ്രിയേലെ ദെൽ അദൊളൊറാത്തയുടെ വിശുദ്ധപദ പ്രഖ്യാപനത്തിൻറെ ശതാബ്ദിവത്സരാചരണവും ഫ്രാൻസീസ് പാപ്പായുടെ സന്ദേശവും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധ ഗബ്രിയേലെ ദെൽ അദൊളൊറാത്ത (SAINT GABRIELE DELL’ ADDOLORATA) സുവിശേഷത്തിൻറെ അനുകരണീയ സാക്ഷിയാണെന്ന് മാർപ്പാപ്പാ.

1862 ഫെബ്രുവരി 27-ന് മരണമടഞ്ഞ ഗബ്രിയേലെ ദെൽ അദൊളൊറാത്ത വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടതിൻറെ ശതാബ്ദിയോടനുബന്ധിച്ചുള്ള  ജൂബിലി വത്സര ഉദ്ഘാടനത്തിന്,  ഫ്രാൻസീസ് പാപ്പാ, ഈ വിശുദ്ധൻറെ തിരുന്നാൾ ദിനത്തിൽ, അതായത്, ശനിയാഴ്‌ച (27/02/21) നല്കിയ സന്ദേശത്തിലാണ് ഇതു പറഞ്ഞരിക്കുന്നത്.

ഇരുപത്തിനാലാമത്തെ വയസ്സിൽ മരണമടഞ്ഞ ഗബ്രിയേലെ ദെൽ അദൊളൊറാത്തയെ ബെനഡികട് പതിനഞ്ചാമൻ പാപ്പാ വിശുദ്ധപദവിയിലേക്കുയർത്തിയിട്ട് നൂറുവർഷം പിന്നിട്ടത് പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു.

ഈ വിശുദ്ധപദ പ്രഖ്യാപനം 1920 മെയ് 13-നായിരുന്നതിനാൽ കഴിഞ്ഞ വർഷം ആരംഭിക്കേണ്ടിയിരുന്ന ജൂബിലിയാഘോഷം, കോവിദ് 19 മഹാമാരിമൂലം നീട്ടിവയ്ക്കുകയായിരുന്നു.

ഈ  ശനിയാഴ്ച (27/02/21) മുതൽ 2022 ഫെബ്രുവരി 27 വരെയാണ് ജൂബിലിയാചരണം.

ക്രിസ്തുവിൽ അഭയം തേടുന്നതിന്, ലൗകികവും ക്ഷണികവുമായ യാഥാർത്ഥ്യങ്ങൾക്കപ്പുറത്തേക്ക് പോകാൻ പ്രേരിപ്പിച്ചിരുന്ന ഒരു അഭിവാഞ്ഛയാൽ നയിക്കപ്പെട്ടിരുന്ന ജീവസുറ്റ ഉത്സാഹഭരിതനായിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നു വിശുദ്ധ ഗബ്രിയേലെ ദെൽ അദൊളൊറാത്തയെന്ന് പാപ്പാ അനുസ്മരിച്ചു.

ദൈവാന്വേഷണവും,  ദൈവവചനവുമായുള്ള കൂടിക്കാഴ്ചയും സോദരസേവനവും, വിശിഷ്യ, ഏറ്റം ദുർബ്ബലരായവരുടെ പരിചരണവും അവിഭാജ്യ ഘടകമായുള്ള ഒരു ജീവിതത്തിനും സംതൃപ്തിക്കും വേണ്ടിയുള്ള അഭിലാഷം അവനവനിൽ തിരിച്ചറിയാൻ ഈ വിശുദ്ധൻ ഇന്നും യുവതയെ ക്ഷണിക്കുന്നുവെന്ന് പാപ്പാ പറയുന്നു.

വിശ്വാസത്തിൽ  ശക്തനും പ്രത്യാശയിൽ അചഞ്ചലനും, ഉപവിയിൽ തീക്ഷ്ണമതിയും ആയിരുന്ന,  പാഷനിസ്റ്റ് സമൂഹാംഗമായ വിശുദ്ധ ഗബ്രിയേലെ ദെൽ അദൊളൊറാത്ത ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹത്തിലേക്കുള്ള  സരണിയിൽ സമർപ്പിതരെയും അല്മായ വിശ്വാസികളെയും നയിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

പ്രത്യേകിച്ച്, ആരോഗ്യപരമായ അടിയന്തരാവസ്ഥയുടെയും അതിൻറെ അനന്തരഫലമായ സാമ്പത്തിക-സാമൂഹ്യ ബലഹീനാവസ്ഥയുടെയുമായ ഈ വേളയിൽ ക്രിസ്തുശിഷ്യർ എന്നും കൂട്ടായ്മയുടെയും സാഹോദര്യത്തിൻറെയും ഉപകരണങ്ങളായിത്തീരേണ്ടിയിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു തൻറെ സന്ദേശത്തിൽ.

ക്രിസ്തുവിൻറെ ഉപവി മറ്റുള്ളവരിലേക്കെത്തിക്കുകയും അതിനെ സാമീപ്യം, ആർദ്രത, സമർപ്പണം എന്നിവയുടെ സമൂർത്ത മനോഭാവങ്ങളാൽ പ്രസരിപ്പിക്കുകയും ചെയ്തുകൊണ്ടായിരിക്കണം ഉപകരണങ്ങളായി മാറേണ്ടതെന്ന് പാപ്പാ കൂട്ടിച്ചേർക്കുന്നു.

ഇറ്റലിയിൽ അബ്രൂസ്സൊ പ്രദേശത്തുള്ള “ഈസൊള ദെൽ ഗ്രാൻ സാസ്സൊ ദിത്താലിയ”യിൽ (Isola del Gran Sasso D'italia) 1862 ഫെബ്രുവരി 27-നാണ് വിശുദ്ധ ഗബ്രിയേലെ ദെൽ അദൊളൊറാത്ത മരണമടഞ്ഞത്.

ഇവിടെ ഈ വിശുദ്ധന് പ്രതിഷ്ഠിതമായ ദേവാലയത്തിൻറെ വിശുദ്ധ വാതിൽ ജൂബിലി വത്സരത്തോടനുബന്ധിച്ച് ഈ ശനിയാഴ്‌ച (27/02/21) തുറന്നു. 

വിശുദ്ധ ഗബ്രിയേലെ ദെൽ അദൊളൊറാത്തയുടെ ജനനസ്ഥലം അസ്സീസീയാണ്. 1838 മാർച്ച് 1-നായിരുന്നു അദ്ദേഹത്തിൻറെ ജനനം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 February 2021, 16:26