ഫ്രാൻസീസ് പാപ്പാ, പോളണ്ടിൽ ദൈവികാരുണ്യത്തിൻറെ ദേവാലയത്തിൽ , വിശുദ്ധ മരിയ ഫൗസ്തീന കൊവാൽസ്ക്കയുടെ കപ്പേളയിൽ പ്രാർത്ഥിക്കുന്നു, 30/07/2016 ലെ ഒരു ചിത്രം    2020.10.05 2016.07.30 Papa Francesco prega davanti la Cappella Santa Faustina Kowalska, Santuario della Divina Misericordia ഫ്രാൻസീസ് പാപ്പാ, പോളണ്ടിൽ ദൈവികാരുണ്യത്തിൻറെ ദേവാലയത്തിൽ , വിശുദ്ധ മരിയ ഫൗസ്തീന കൊവാൽസ്ക്കയുടെ കപ്പേളയിൽ പ്രാർത്ഥിക്കുന്നു, 30/07/2016 ലെ ഒരു ചിത്രം 2020.10.05 2016.07.30 Papa Francesco prega davanti la Cappella Santa Faustina Kowalska, Santuario della Divina Misericordia 

യേശുവിൽ വിശ്വാസമർപ്പിക്കുക, ഹൃദയം അവിടത്തേക്കായി തുറന്നിടുക!

വിശുദ്ധ മരിയ ഫൗസ്തീന കൊവാൽസയ്ക്ക് യേശു നാഥൻറെ ദർശനം ലഭിച്ചതിൻറെ നവതിപ്പുലരി വിടർന്നു . 1931 ഫെബ്രുവരി 22-നാണ് ഈ ദർശനം ഉണ്ടായത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യേശുനാഥൻ,  പോളണ്ടു സ്വദേശിനി, വിശുദ്ധ മരിയ ഫൗസ്തീന കൊവാൽസ്ക്കയ്ക്ക് (Maria Faustyna Kowalska) ദർശനം നല്കുകയം ദൈവികകാരുണ്യത്തിൻറെ സവിശേഷ സന്ദേശമേകുകയും ചെയ്തതിൻറെ തൊണ്ണൂറാം വാർഷികം മാർപ്പാപ്പാ അനുസ്മരിച്ചു.

ഞായറാഴ്ച (21/02/21) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിലാണ് ഫ്രാൻസീസ് പാപ്പാ 1931 ഫെബ്രുവരി 22-ന് വിശുദ്ധ ഫൗസ്തീന കൊവാൽസയ്ക്ക് പോളണ്ടിലെ പോക്കിൽ (Płock) വച്ചുണ്ടായ ഈ ദർശനത്തെക്കുറിച്ച് പരാമർശിച്ചത്.  

ഈ ദർശനവേളയിൽ യേശു ഈ വിശുദ്ധയ്ക്കു നല്കിയ സന്ദേശം വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ വഴി ലോകമെങ്ങും പ്രസരിച്ചുവെന്നും പിതാവിൻറെ കാരുണ്യം നമുക്കു നല്കുകയും നമുക്കുവേണ്ടി മരിച്ച് ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത യേശുക്രിസ്തുവിൻറെ സുവിശേഷമല്ലാതെ മറ്റൊന്നുമല്ല പ്രസ്തുത സന്ദേശമെന്നും ഫ്രാൻസീസ് പാപ്പാ വിശദീകരിച്ചു.

“യേശുവേ, ഞാൻ നിന്നിൽ വിശ്വാസമർപ്പിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് നമ്മുടെ ഹൃദയം അവിടത്തേക്കു തുറന്നു കൊടുക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വിശുദ്ധ ഫൗസ്തീനയ്ക്കുണ്ടായ മിശിഹാദർശനത്തിൽ ലഭിച്ച നിർദ്ദേശാനുസരണം ദൈവിക കാരുണ്യത്തിൻറെ സന്ദേശം പ്രചരിപ്പിക്കുന്നതിന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ സഭയിൽ ദൈവിക കരുണയുടെ തിരുനാള്‍ ഏർപ്പെടുത്തുകയുണ്ടായി.

വിശുദ്ധ ഫൗസ്തീനയ്ക്ക് ലഭിച്ച വെളിപാടനുസരിച്ച്,  അനുവര്‍ഷം ഉത്ഥാനത്തിരുനാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ്  ദൈവിക കരുണയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. പരിത്രാണ മഹാജൂബിലിയാഘോഷിക്കപ്പെട്ട രണ്ടായിരാമാണ്ടു മുതല്‍ എല്ലാ വര്‍ഷവും ഇത് ആചരിച്ചുവരുന്നു.

ധവളവസ്ത്ര ധാരിയായ ഉത്ഥിതനായ യേശുവിൻറെ ഹൃദയത്തിൽ നിന്ന് ചുവപ്പും മങ്ങിയ വെള്ളയും രശ്മികൾ പ്രസരിക്കുന്നതായ ഒരു ദർശനമാണ് 1931 ഫെബ്രുവരി 22-ന് വിശുദ്ധ ഫൗസ്തീന കൊവാൽസയ്ക്ക് ഉണ്ടായത്. മങ്ങിയ വെള്ള രശ്മികൾ ആത്മാക്കളെ ശുദ്ധീകരിക്കുന്ന ജലത്തെയും ചുവന്ന കിരണങ്ങൾ ആത്മാക്കൾക്ക് ജീവനേകുന്ന രക്തത്തെയും ദ്യോതിപ്പിക്കുന്നു. 

ദർശനത്തിൽ കണ്ട രൂപമനുസരിച്ചുള്ള ചിത്രം വരയ്ക്കണമെന്നും അതു വണങ്ങപ്പെടണമെന്നുമുള്ള നിർദ്ദേശവും വിശുദ്ധ ഫൗസ്തീനയ്ക്ക് വെളിപാടുവേളയിൽ ലഭിച്ചിരുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 February 2021, 08:51