തിരുപ്പിറവിയുടെ പരമ്പരാഗത ചിത്രീകരണങ്ങള്‍ തിരുപ്പിറവിയുടെ പരമ്പരാഗത ചിത്രീകരണങ്ങള്‍ 

പുല്‍ക്കൂട്ടില്‍നിന്നും ദേശങ്ങള്‍ കടന്നെത്തിയ വചനപ്രഭ

പാപ്പാ ഫ്രാന്‍സിസ് പഠിപ്പിക്കുന്ന പുല്‍ക്കൂട്ടില്‍നിന്നും വ്യാപിക്കുന്ന“വിസ്മയകരമായ അടയാളം” Admirabile Signum – ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

വിസ്മയകരമായ അടയാളം - പുല്‍ക്കൂട്


1. പുല്‍ക്കൂടിന്‍റെ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കാം! 
എക്കാലത്തും പ്രിയപ്പെട്ട ക്രിസ്തുമസ് ക്രിബ്ബ് അല്ലെങ്കില്‍ പുല്‍ക്കൂട് ഇന്നും ലോകത്തെ ഏറെ വിസ്മയിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ ലഘൂകരിച്ച ചിത്രീകരണം ദൈവപുത്രന്‍റെ മനുഷ്യാവതാര രഹസ്യത്തിന്‍റെ ആനന്ദകരമായ പ്രഘോഷണമാണ്. നമ്മില്‍ ഒരുവന്‍ ആകുവാന്‍ വേണ്ടുവോളം വിനയാന്വിതമായ മഹല്‍ സ്നേഹമാണ് ദൈവം പ്രകടമാക്കിയതെന്നു ധ്യാനിക്കാന്‍ സഹായിക്കുന്ന മനോഹരമായ രംഗമാണ് പുല്‍ക്കൂട്. നമ്മെ ദൈവമായ ക്രിസ്തുവിലേയ്ക്ക് അടുപ്പിക്കുന്ന നല്ല ഘടകമാണത്.

2. ദേശങ്ങള്‍ കടന്നു വ്യാപിക്കുന്ന വചനം
പ്രത്യക്ഷീകരണ മഹോത്സവത്തോടെ മൂന്നു പൂജരാജാക്കളുടെ പ്രതിമകള്‍കൂടി നാം പുല്‍ക്കൂട്ടില്‍ ചേര്‍ക്കുന്നു. നക്ഷത്രത്തെ നിരീക്ഷിച്ചുകൊണ്ട് ജ്ഞാനികളായ ആ മനുഷ്യര്‍ പൗരസ്ത്യ ദേശത്തുനിന്ന് ബെതലഹേമിലേയ്ക്ക് പുറപ്പെട്ടു. യേശുവിനെ കണ്ടെത്തിയവര്‍ സ്വര്‍ണ്ണവും, കുന്തുരുക്കവും, മീറയും ഉപഹാരങ്ങളായി അവിടുത്തേയ്ക്കു സമ്മാനിച്ചു. ഈ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ക്ക് പ്രതീകാത്മകമായ അര്‍ത്ഥങ്ങളുണ്ട് : സ്വര്‍ണ്ണം ക്രിസ്തുവിന്‍റെ രാജത്വത്തെയും, കുന്തുരുക്കം അവിടുത്തെ ദൈവികതയെയും, മീറ മരണത്തിലും സംസ്ക്കാരത്തിലും പ്രതിഫലിക്കുന്ന അവിടുത്തെ പുജ്യമായ മനുഷ്യത്വത്തെയും വെളിപ്പെടുത്തുന്നു.
തിരുപ്പിറവി ദൃശ്യത്തിന്‍റെ ഈ ഘടകങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോള്‍, ദൈവവചനം പ്രഘോഷിക്കുവാനും അതിനു സാക്ഷ്യംവഹിക്കുവാനും ഓരോ ക്രൈസ്തവനുമുള്ള കടമയെക്കുറിച്ചാണു നാം ഓര്‍ക്കേണ്ടത്. സകലരുമായി സദ്വാര്‍ത്ത പങ്കുവയ്ക്കുവാന്‍ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. അത് സാധിക്കേണ്ടത് നമ്മുടെ കാരുണ്യപ്രവൃത്തികളിലൂടെ നാം അറിഞ്ഞ ക്രിസ്തുവിനും അവിടുത്തെ സ്നേഹത്തിനും സാക്ഷ്യംവഹിച്ചുകൊണ്ടാണ്.

3. ക്രിസ്തുവിന്‍റെ പക്കലെത്തുന്ന ജീവിതവഴികള്‍
സുദീര്‍ഘവും ദുര്‍ഘടവുമായ ജീവിത വഴികളിലൂടെ മനുഷ്യര്‍ക്ക് ക്രിസ്തുവിന്‍റെ പക്കല്‍ എത്തിച്ചേരാമെന്നാണ് പൂജരാജാക്കന്മാര്‍ പഠിപ്പിക്കുന്നത്. വിദൂരസ്ഥരും, ജ്ഞാനികളും, സമ്പന്നരുമായ ആ മനുഷ്യരുടെ അനന്തത തേടിയ, ദൈവത്തെ തേടിയ ദൈര്‍ഘ്യമുള്ളതും ക്ലേശപൂര്‍ണ്ണവുമായ യാത്ര അവരെ എത്തിച്ചത് ബെതലഹേമിലായിരുന്നു (മത്തായി 2, 1-12). ദിവ്യനായ ആ കുഞ്ഞു രാജാവിന്‍റെ ദര്‍ശനം അവരില്‍ അളവറ്റ ആനന്ദം ഉണര്‍ത്തി. പരിതാപകരമായ ചുറ്റുപാടുകള്‍ കണ്ടിട്ടും തെറ്റിദ്ധരിക്കാതെയും സംശയിക്കാതെയും ഉടനെതന്നെ അവര്‍ അവിടുത്തെ മുന്നില്‍ മുട്ടുമടക്കി ആരാധിച്ചു. അവര്‍ അവിടുത്തെ മുന്നില്‍ ശിരസ്സു നമിച്ചപ്പോള്‍ നക്ഷത്രങ്ങളുടെ ഗതിയെ നയിക്കുന്ന ദൈവത്തിന്‍റെ പരമജ്ഞാനമാണ് തങ്ങളെയും നയിച്ചതെന്ന് അവര്‍ക്കു മനസ്സിലായി.

ശിഷ്ടരെ ഉയര്‍ത്തിക്കൊണ്ടും ശക്തരെ അമര്‍ത്തിക്കൊണ്ടും ചരിത്രത്തിന്‍റെ ഗതിവിഗതികളെ നയിക്കുന്നത് അവിടുന്നു തന്നെയാണെന്ന് അവര്‍ മനസ്സിലുറച്ചു. തിരികെ വീടുകളില്‍ എത്തിയപ്പോള്‍ രക്ഷകനായ മിശിഹായുമായുള്ള ആനന്ദകരമായ ആ കണ്ടുമുട്ടലിന്‍റെ അനുഭവങ്ങള്‍ അവര്‍ മറ്റുള്ളവരുമായി പങ്കുവച്ചു. ദേശങ്ങള്‍ക്കും ജനതകള്‍ക്കും ഇടയില്‍ വചനം വ്യാപിക്കുന്നതിന്‍റെ തുടക്കമായിരുന്നു പൂജരാജാക്കളുടെ ഉണ്ണിയേശുവുമായുള്ള കൂടിക്കാഴ്ച!

4. ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പുല്‍ക്കൂട്
ക്രിബ്ബിന്‍റെ മുന്നില്‍ നില്ക്കുമ്പോള്‍, ചിലപ്പോള്‍ അത് നിര്‍മ്മിക്കുവാനായി ആകാംക്ഷയോടെ കാത്തിരുന്ന കുട്ടിക്കാലം ഓര്‍ത്തുപോകും! വിശ്വാസം നമ്മിലേയ്ക്ക് പകര്‍ന്നു തന്നവരില്‍നിന്നു ലഭിച്ച അമൂല്യമായ ഈ സമ്മാനത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകാന്‍ ഓര്‍മ്മകള്‍ നമ്മെ സഹായിച്ചേക്കാം. അതേ സമയംതന്നെ നമ്മുടെ മക്കള്‍ക്കും, ചെറുമക്കള്‍ക്കും, സഹോദരങ്ങള്‍ക്കും ഇതേ അനുഭവം പങ്കുവച്ചു നല്കാനുള്ള കടമയെക്കുറിച്ചും പുല്‍ക്കുടു നമ്മില്‍ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു.

5. ദൈവികൈക്യം തരുന്ന യഥാര്‍ത്ഥമായ ആനന്ദം
പ്രിയ സഹോദരീ സഹോദരന്മാരേ, ക്രിസ്തുവിന്‍റെ പുല്‍ക്കൂട് അമൂല്യമെങ്കിലും, വിശ്വാസം പകര്‍ന്നുനല്കുന്ന ക്ലേശകരമായ ഒരു പ്രക്രിയയുടെ ഭാഗവുമാണത്. ശൈശവത്തില്‍ ആരംഭിച്ച്, നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും യേശുവിനെ ധ്യാനിക്കുവാനും, ദൈവത്തിനു നമ്മോടുള്ള സ്നേഹം അനുഭവിച്ചറിയുവാനും പുല്‍ക്കൂടു നമ്മെ സഹായിക്കുന്നു. അങ്ങനെ ദൈവം നമ്മോടുകൂടെയാണെന്നും, അവിടുത്തെ മക്കളും, സഹോദരീ സഹോദരന്മാരുമായ നാം അവിടുത്തോടു കൂടെയാണെന്നും മനസ്സിലാക്കിത്തരുന്ന ദൈവപുത്രനും മേരീ സുതനുമായ ദിവ്യശിശുവിന് നമുക്ക് നന്ദിപറയാം. ദൈവിക ഐക്യത്തിന്‍റെ ഈ അറിവിലാണ് നാം യഥാര്‍ത്ഥ സന്തോഷം കണ്ടെത്തുന്നത്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ പുല്‍ക്കൂട്ടിലെ ലളിതമായ ധന്യതയിലേയ്ക്ക് നമ്മുടെ ഹൃദയങ്ങള്‍ തുറക്കാം. അതില്‍നിന്നും ഉയരുന്ന വിസ്മയത്തില്‍നിന്ന് നമ്മുടെ ഹൃദയങ്ങളില്‍ ഈ എളിയ പ്രാര്‍ത്ഥന ഉയരട്ടെ : ഞങ്ങളെ ഒരിക്കലും അനാഥരായി കൈവെടിയാത്ത, ഞങ്ങള്‍ക്കായി എല്ലാം നന്മയായി പകര്‍ന്നുതരുന്ന ദൈവമേ, അങ്ങേയ്ക്കു സ്തുതി! അങ്ങേയ്ക്കു സ്തുതി!!

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 December 2020, 16:11